ദോഹ: ഗാസയില്‍ കഴിഞ്ഞ രണ്ട വര്‍ഷമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നിര്‍ദ്ദേശം അനുസരിച്ച് ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ് രംഗത്തെത്തുമ്പോഴും അനിശ്ചിതത്വം തുടരും. താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു. അതേ സമയം ഗാസ ഭരിക്കാന്‍ ഉദ്ദേശിച്ചുള്ള ഗാസാ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റിയുടെ തലപ്പത്ത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ കൊണ്ട് വരാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ഹമാസ് നേതൃത്വം രംഗത്തെത്തി. ഇത് കരാറിനെ പോലും അട്ടിമറിച്ചേക്കും.

ബന്ദികളെ വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാണ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ട്രംപ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് താന്‍ വിശ്വസിക്കുന്നതായും ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം എന്നും അദ്ദേഹം കുറിച്ചു. ഇതിനിടെയാണ് ബ്ലയറിനെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനം.

ഹമാസ് മേധാവി മൂസ അബു മര്‍സൂഖ് അല്‍ ജസീറയോട് പറഞ്ഞത് ഫലസ്തീനികളെ നിയന്ത്രിക്കാന്‍ ഫലസ്തീന്‍കാരല്ലാത്ത ആരെയും തങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. എന്നാണ്. ടോണി ബ്ലെയറിനെപ്പോലുള്ള ഒരാളെ ഗാസയില്‍ ഗവര്‍ണറായി കൊണ്ടുവരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ആ മനുഷ്യന്‍ ഇറാഖ് നശിപ്പിച്ച വ്യക്തിയാണ് എന്നും മര്‍സൂഖ് കുറ്റപ്പെടുത്തി. കൂടാതെ പൂര്‍ണ്ണമായും നിരായുധീകരിക്കാനും അവര്‍ വിസമ്മതിച്ചു. ഈ നിലപാട് തുടരുന്നത് സമാധാന ചര്‍ച്ചകളെ അട്ടിമറിക്കും. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍' തയ്യാറാണെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗാസയുടെ ഭരണം ഒരു സ്വതന്ത്ര ഫലസ്തീന്‍ സമിതിക്ക് കൈമാറാണമെന്നതിനോടും യോജിച്ച ഹമാസ് പക്ഷേ ആയുധം വെച്ച് കീഴടങ്ങണമെന്ന ആവശ്യം പോലുള്ള മറ്റു പല നിര്‍ദേശങ്ങളോടും വിയോജിപ്പ് അറിയിച്ചതായാണ് സൂചന. സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.

ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരും.' നെതന്യാഹു അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്.

ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്നായിരുന്നു ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അല്ലെങ്കില്‍ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ചില ഹമാസ് നേതാക്കള്‍ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. കാലങ്ങളായി പശ്ചിമേഷ്യയിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് എന്നും ബന്ദികളെ മുഴുവന്‍ മോചിപ്പിക്കൂ, മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ എന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്.