ടെല്‍ അവീവ്: സമാധാന നൊബേല്‍ കിട്ടിയില്ലെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇസ്രയേലികളുടെ ഹീറോ. ഗസ്സ സമാധാന ഉടമ്പടി യാഥാര്‍ഥ്യമാക്കിയ ട്രംപിന് രാജകീയ വരവേല്‍പ്പാണ് ഇസ്രയേലില്‍ കിട്ടിയത്. ചുവപ്പുപരവതാനി വിരിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ സ്വീകരിച്ചത്. ഉറ്റസുഹൃത്തെന്നാണ് നെതന്യാഹു ട്രംപിനെ വിശേഷിപ്പിക്കാറുള്ളത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടെല്‍ അവീവ് വിമാനത്താവളത്തിലെത്തിയ യുഎസ് പ്രസിഡന്റിനെ ഇസ്രയേല്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. ഹമാസ് 20 ബന്ദികളെ മോചിപ്പിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഇസ്രയേല്‍ സന്ദര്‍ശനം.

'താങ്ക്യു ട്രംപ്' എന്ന ബാനര്‍ ഉയര്‍ത്തിയാണ് ഇസ്രയേല്‍ അദ്ദേഹത്തിന് സ്വാഗതമോതിയത്. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ ട്രംപ് അഭിസംബോധന ചെയ്യുമ്പോളും ഒരു ഹീറോയുടെ വരവേല്‍പ്പായിരിക്കും കിട്ടുക. ഇസ്രയേലിലെ ഏറ്റവും പരമോന്നത ബഹുമതി ഈ വര്‍ഷാവസാനം ട്രംപിന് സമ്മാനിക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ് അറിയിച്ചു.

ട്രംപ്, നെതന്യാഹുവിനൊപ്പം നെസെറ്റില്‍ (ഇസ്രായേല്‍ പാര്‍ലമെന്റ്) എത്തി സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ചു. ചുവന്ന തൊപ്പി ധരിച്ചാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്. തൊപ്പിയില്‍ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ന് പകരം ട്രംപ് ദി പീസ് പ്രസിഡന്റ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

'ഇത് എനിക്ക് വലിയ ബഹുമതിയാണ്. ഒരു മഹത്തായതും മനോഹരവുമായ ദിവസം, ഒരു പുതിയ തുടക്കം,' ട്രംപ് നെസെറ്റില്‍ അതിഥി പുസ്തകത്തില്‍ കുറിച്ചു. നെതന്യാഹു അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടു. ഗസ്സ സമാധാന ചര്‍ച്ചകള്‍ക്കായി ട്രംപ് പിന്നീട് ഈജിപ്തിലേക്ക് തിരിക്കും.

ഇതിനിടെ, ഹമാസ് മോചിപ്പിച്ച 20 ഇസ്രയേലികള്‍ രാജ്യത്ത് തിരിച്ചെത്തി. റെയിം സൈനിക താവളത്തിലെത്തിച്ച ഇവരെ റെഡ് ക്രോസ് അധികൃതര്‍ ഇസ്രയേല്‍ സൈന്യത്തിന് കൈമാറി. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഇവരെ ടെല്‍ അവീവിലുള്ള ബന്ധുക്കളുടെ അടുത്തെത്തിക്കും

ആദ്യ സംഘത്തില്‍ 22 വയസ്സുള്ള മാത്തന്‍ അംഗ്രെസ്റ്റ്, 28 വയസ്സുള്ള ഇരട്ട സഹോദരങ്ങളായ ഗാളി, ഷിവി ബെര്‍മാന്‍, 24 വയസ്സുള്ള അലോണ്‍ ഒഹെല്‍, 25 വയസ്സുള്ള ഐത്താന്‍ മോര്‍, 24 വയസ്സുള്ള ഗൈ ഗില്‍ബോവ-ദലാല്‍, 48 വയസ്സുള്ള ഓമ്രി മിറാന്‍ എന്നിവരായിരുന്നു. ഇവരെ റെഡ് ക്രോസ് വഴി ഗാസയ്ക്ക് സമീപമുള്ള റെയിം സൈനിക താവളത്തിലെത്തിച്ച് കുടുംബങ്ങള്‍ക്ക് കൈമാറി.

തുടര്‍ന്ന്, രണ്ടുവര്‍ഷത്തിലേറെയുള്ള തടവറ ജീവിതത്തിന് ശേഷം 13 ബന്ദികള്‍ കൂടി ഇസ്രായേലില്‍ തിരിച്ചെത്തി. രണ്ടാമതായി എത്തിയ സംഘത്തില്‍ 25 വയസ്സുള്ള മാത്തന്‍ സാംഗൗക്കര്‍, 21 വയസ്സുള്ള നിംറോഡ് കോഹന്‍, 28 വയസ്സുള്ള ഏരിയല്‍ കുനിയോ, 35 വയസ്സുള്ള ഡേവിഡ് കുനിയോ, 24 വയസ്സുള്ള എവിയതാര്‍ ഡേവിഡ്, 25 വയസ്സുള്ള യോസെഫ്-ചൈം ഓഹാന, 36 വയസ്സുള്ള എല്‍ക്കാന ബോഹ്‌ബോട്ട്, 32 വയസ്സുള്ള അവീനാഥന്‍ ഓര്‍, 23 വയസ്സുള്ള ബാര്‍ കുപേര്‍സ്‌റ്റൈന്‍, 27 വയസ്സുള്ള സെഗേവ് കാള്‍ഫോണ്‍, 21 വയസ്സുള്ള റോം ബ്രസ്ലാവ്‌സ്‌കി, 38 വയസ്സുള്ള ഐത്താന്‍ ഹോണ്‍, 37 വയസ്സുള്ള മാക്‌സിം ഹെര്‍ക്കിന്‍ എന്നിവരായിരുന്നു.