- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ ഹമാസും അവരുടെ എതിരാളികളും തമ്മില്‍ അധികാരത്തിനായുള്ള രൂക്ഷമായ പോരാട്ടം; 19 ദുഗ്മുഷ് വംശജരും എട്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടു; ഗാസാ നിവാസികളുടെ ദുരിതം തീരുന്നില്ല; വീണ്ടും നെതന്യാഹു യുദ്ധം തുടങ്ങുമോ? പശ്ചിമേഷ്യയില്‍ 'ഹമാസ്' പ്രതിസന്ധി തുടരുന്നു
ജെറുസലേം: ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെ ഗാസയില്‍ ഹമാസും അവരുടെ എതിരാളികളും തമ്മില്‍ അധികാരത്തിനായുള്ള രൂക്ഷമായ പോരാട്ടം തുടങ്ങി. ഏറ്റുമുട്ടലുകളില്‍, 27 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഗാസ നഗരത്തില്‍ ഹമാസും ദുഗ്മുഷ് വിഭാഗത്തിലെ സായുധരായ അംഗങ്ങളും തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. നഗരത്തിന്റെ പടിഞ്ഞാറുള്ള ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപമാണ് ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടരുന്നത്. 19 ദുഗ്മുഷ് വംശജരും എട്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടതായിട്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി ഇസ്രായേല്‍ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ഗാസ നിവാസികളെയും ഈ ഏറ്റുമുട്ടലുകള്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരമായി വെടിവെയ്പ് നടക്കുന്ന സാഹചര്യത്തില്‍ പലരും വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു നാട്ടുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തവണ ആളുകള്‍ ഇസ്രായേലി ആക്രമണങ്ങളില്‍ നിന്ന് ഓടിപ്പോകുകയായിരുന്നില്ല, അവര്‍ സ്വന്തം ആളുകളില്‍ നിന്ന് ഓടിപ്പോകുകയായിരുന്നു എന്നാണ്. ഹമാസും ദുഗ്മുഷ് വംശവും തമ്മില്‍ ദീര്‍ഘകാലമായി വന്‍ ശത്രുതയിലാണ്.
ഇത് കാരണം നിരന്തരമായി അവര്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഗാസ മുനമ്പിലെ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹമാസ് ഉദ്യോഗസ്ഥര്‍, ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങളുടെ സൈന്യം നടപടികള്‍ സ്വീകരിക്കുകയാണ് എന്നാണ് പറയുന്നത്. ഏതൊരു സായുധ പ്രവര്‍ത്തനത്തെയും നേരിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സമാധാന കരാറില്‍ ഒപ്പുവെച്ചതോടെ ഇസ്രായേലുമായുള്ള രണ്ട് വര്‍ഷത്തെ ഏറ്റുമുട്ടലില്‍ ദുര്‍ബലമായ ഹമാസ് ഇപ്പോള്‍ ഗാസ മുനമ്പിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം നിയമവിരുദ്ധരെയും ഇസ്രായേലുമായി സഹകരിക്കുന്നവരെയും നീക്കം ചെയ്യുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം ഒഴിപ്പിച്ച പ്രദേശങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ ഹമാസ് അവരുടെ സായുധ സംഘങ്ങളോട് ആവശ്യപ്പെട്ടതായിട്ടാണ് പറയപ്പെടുന്നത്. ഇത്് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.
24 മണിക്കൂറിനുള്ളില്‍ അവര്‍ നിയോഗിക്കപ്പെട്ട മേഖലകളില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് ഹമാസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസ് യൂണിറ്റുകള്‍ ഇതിനകം നിരവധി ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഹമാസ് ഇതിനകം അഞ്ച് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും സൈനിക പശ്ചാത്തലമുള്ളവരാണ്. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഗാസ മുനമ്പിലേക്ക് പതിനായിരക്കണക്കിന് ഫലസ്തീനികള്‍ മടങ്ങുമ്പോള്‍, തോക്കുധാരികളായ ഉദ്യോഗസ്ഥര്‍ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നതായി ചിത്രങ്ങളില്‍ കാണാം. ഇസ്രായേല്‍ സൈന്യം ക്രമേണ പിന്‍വാങ്ങുമ്പോള്‍ ഗാസ ആര് ഭരിക്കും, ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ആവശ്യപ്പെട്ടതുപോലെ ഹമാസ് നിരായുധീകരിക്കുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏകദേശം രണ്ട് ദശലക്ഷം വരുന്ന ഗാസ ജനസംഖ്യയുടെ 90 ശതമാനത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.