കെയ്‌റോ: കഴിഞ്ഞ ദിവസം ഈജിപ്തില്‍ നടന്ന ഗാസാ സമാധാന ഉച്ചകോടിയ്ക്കിടെ ഇന്തോനേഷ്യേന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്ക് പറ്റിയ ഒരബദ്ധം ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറയുകയാണ്. അങ്ങയുടെ മകന്‍ എറിക്ക് ട്രംപിനെ തനിക്ക് കാണാന്‍ കഴിയുമോ എന്നാണ ്അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രബോവോ ചോദിക്കുന്നത്. ചോദിച്ചത് സ്വകാര്യമായിട്ടായിരുന്നു എങ്കിലും വേദിയിലെ മൈക്കുകള്‍ ഓണായിരുന്നത് കാരണം എല്ലാവരും ഈ ചോദ്യം കേള്‍ക്കുകയായിരുന്നു.

ട്രംപ് ഓര്‍ഗനൈസേഷന്‍ ഇന്തോനേഷ്യയില്‍ പുതിയ പ്രോപ്പര്‍ട്ടികള്‍ തുറക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഉച്ചകോടിയ്ക്കിടെ പ്രബോവോ സുബിയാന്റോയുടെ ഈ അഭ്യര്‍ത്ഥന പരസ്യമായത്. ഒരു ലൈവ് മൈക്രോഫോണ്‍ തന്റെ സംഭാഷണം റെക്കോര്‍ഡുചെയ്യുന്നുണ്ടെന്ന് പ്രബോവോയ്ക്ക് അറിയില്ലായിരുന്നു. ഇതിന് മറുപടിയായി ട്രംപ് താന്‍ എറിക്കിനെ വിളിക്കാം എന്നും ഇക്കാര്യം പറയാമെന്നും

മറുപടി നല്‍കുന്നുണ്ട്. കൂടാതെ എറിക്ക് ഒരു നല്ല ചെറുപ്പക്കാരന്‍ ആണെന്നും ട്രംപ് ഇന്തോനേഷ്യന്‍ പ്രസിഡന്റിനോട് വിശദീകരിക്കുന്നുണ്ട്.

എറിക് ട്രംപും സഹോദരന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായി സേവനമനുഷ്ഠിക്കുകയാണ്. തുടര്‍ന്ന് ട്രംപ് ഓര്‍ഗനൈസേഷന് വേണ്ടി ഒരു മികച്ച സ്ഥലം ഇന്തോനേഷ്യയില്‍ നല്‍കാമെന്ന് പ്രബോവോ പറയുകയാണ്. എറിക്കിനോട് നിങ്ങളെ വിളിക്കാന്‍ പറയാം എന്ന് ട്രംപും പറയുന്നുണ്ട്. ട്രംപ് ഓര്‍ഗനൈസേഷനെക്കുറിച്ചോ പ്രസിഡന്റോ കുടുംബമോ ഉള്‍പ്പെടുന്ന ഏതെങ്കിലും ബിസിനസ് ഇടപാടുകളെക്കുറിച്ചോ ആണോ ഇരുവരും പരാമര്‍ശിക്കുന്നതെന്ന് ഓഡിയോയില്‍ വ്യക്തമായിരുന്നില്ല.

എന്നാല്‍ കമ്പനി മാര്‍ച്ചില്‍ ഒരു പ്രാദേശിക കമ്പനിയുമായി സഹകരിച്ച് ട്രംപ് എന്ന പേരില്‍ ഇന്തോനേഷ്യയില്‍ ആദ്യത്തെ ഗോള്‍ഫ് ക്ലബ് തുറന്നു. ഇന്തോനേഷ്യയിലെ മറ്റൊരു പ്രോപ്പര്‍ട്ടിയും ബാലിയിലെ ഒരു റിസോര്‍ട്ടും ട്രംപ് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റില്‍ ഉടന്‍ വരുന്നു എന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, ട്രംപിന്റെ ബിസിനസ്സ് താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നുണ്ടെന്ന ആരോപണങ്ങളും പുറത്തു വന്നിരുന്നു. ലോകമെമ്പാടും വളര്‍ന്നുവരുന്ന അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തെ കുറിച്ചും അപവാദങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടാം തവണ പ്രസിഡന്റായ സാഹചര്യത്തില്‍ ട്രംപ് മക്കളായ എറിക്, ഡോണ്‍ ജൂനിയര്‍ എന്നിവരെ തന്റെ ബിസിനസുകളുടെ നടത്തിപ്പ് ഏല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ദൈനംദിന തീരുമാനമെടുക്കലില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ കമ്പനി പറയുന്നു.