ലണ്ടന്‍: ബ്രിട്ടീഷ് ഭരണസിരാകേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നുഴഞ്ഞുകയറി വിലപ്പെട്ട വിവരങ്ങള്‍ പലതും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈന ചോര്‍ത്തുകയായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നു.

അതീവ രഹസ്യമായ പ്രൊജക്റ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പടെ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ വിവരങ്ങള്‍ കൈമാറാനുള്ള ഡാറ്റാ ഹബ്ബ് നിയന്ത്രിക്കുന്ന കമ്പനിയെ ഒരു ചൈനീസ് കമ്പനി വാങ്ങിയതോടെയാണ് ഇത് സാധ്യമായത്. ഇത്രയും തന്ത്രപ്രധാനമായ ഒരു കമ്പനി വാങ്ങാന്‍ ചൈനയ്ക്ക് അനുമതി നല്‍കിയത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.

നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ ഡൊമിനിക് കമ്മിംഗ്‌സ് ആണ് ഇന്നലെ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അതീവ പ്രാധാന്യമുള്ള, ക്ലാസിഫൈ ചെയ്ത ചില സുരക്ഷാ വിവരങ്ങള്‍ ഉള്‍പ്പടെ നിരവധി വിവരങ്ങള്‍ ചൈന ശേഖരിച്ചതായാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഒരു പതിറ്റാണ്ടിലേറെ കാലമായി രാജ്യ സുരക്ഷയെക്കാള്‍ ഉപരിയായി ചൈനീസ് സമ്പത്തിന് മുന്‍തൂക്കം നല്‍കുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സ്വഭാവമനുസരിച്ച് ഈ വിവരം പുറത്തറിയിക്കാതെ മുക്കുകയായിരുന്നു എന്നാണ് ബോറിസ് ജോണ്‍സന്റെ ഉപദേശകനായിരുന്ന അദ്ദേഹം പറയുന്നത്.

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട ഒരു പാര്‍ലമെന്ററി ഗവേഷകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ എടുത്ത നിയമനടപടി പരാജയപ്പെട്ടതില്‍ സര്‍ക്കാര്‍ പ്രധാന പങ്ക് വഹിച്ചു എന്ന് സര്‍ കീര്‍ സ്റ്റാര്‍മര്‍ ആരോപിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, സമ്പദ്ഘടന വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയെ ആശ്രയിക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കത്തിനും ഈ വെളിപ്പെടുത്തല്‍ തടസ്സമായിരിക്കുകയാണ്.

മുന്‍ പാര്‍ലമെന്ററി ഗവേഷകനായ ക്രിസ് കാഷിനും അദ്ദേഹത്തിന്റെ സുഹൃത്ത് ക്രിസ്റ്റഫര്‍ ബെറിക്കും എതിരെ എടുത്ത ചാരവൃത്തി കേസ് പിന്‍വലിച്ചത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് കാരണമായി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍ ചൂണ്ടിക്കാട്ടിയത് സര്‍ക്കാരിന്റെ നിലപാടായിരുന്നു. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാറ്റ് കോളിന്‍സ് ചൈനയെ ഒരു ശത്രു രാജ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായില്ല. ഇത് ഔദ്യോഗിക രഹസ്യ നിയമം അനൂസരിച്ച് പ്രതികളായവര്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത ഇല്ലാതെയാക്കി.