- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുട്ടിന് തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പറഞ്ഞ പോളണ്ട്; യുദ്ധം നിര്‍ത്താന്‍ റഷ്യയ്ക്കും താല്‍പ്പര്യമില്ല; സെന്‍സ്കിയും യൂറോപ്യന്‍ യൂണിയനും വഴങ്ങുന്നുമില്ല; ട്രംപും പുടിനും ബുഡാപെസ്റ്റില്‍ കാണില്ല; ആ ഉച്ചകോടി റദ്ദാക്കുമ്പോള്‍
വാഷിങ്ടന്‍: റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ന്‍ വിഷയത്തില്‍ ഇരുനേതാക്കളും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ രണ്ടാഴ്ചയ്ക്കകം ചര്‍ച്ച നടത്തുമെന്നാണു കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിന്റെ പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണു കൂടിക്കാഴ്ച റദ്ദാക്കാന്‍ തീരുമാനിച്ചത്. ട്രംപും പുട്ടിനും തമ്മില്‍ സമീപ ഭാവിയില്‍ കൂടിക്കാഴ്ചയ്ക്ക് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ട്രംപ് പുട്ടിന്‍ കൂടിക്കാഴ്ച റദ്ദാക്കിയതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയില്ല.
വ്ളാഡിമിര്‍ പുട്ടിന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പോളണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചകോടിക്കായി പുട്ടിന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ തയാറാണെന്ന് ബള്‍ഗേറിയന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്ജ് ജോര്‍ജിയേവ് അറിയിച്ചു. മോസ്‌കോയില്‍ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള വ്യോമപാതയിലാണ് പോളണ്ട്. അതിനിടെ യുഎസ്, റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം 'മോശമായതിനെ' തുടര്‍ന്നാണ് റദ്ദാക്കല്‍ തീരുമാനം എന്നും സൂചനയുണ്ട്്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് അനിശ്ചിതത്വം ഉടലെടുത്തത്. യുക്രെയ്‌നിലെ നിലവിലെ യുദ്ധമുഖം മരവിപ്പിക്കാന്‍ റഷ്യ തയ്യാറല്ലെന്ന് ലാവ്റോവ് റൂബിയോയെ അറിയിച്ചതാണ് സംഭാഷണം വഷളാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് പുടിന്‍-ട്രംപ് കൂടിക്കാഴ്ച ബുഡാപെസ്റ്റില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ തീയതി നിശ്ചയിച്ചിരുന്നില്ല. നാല് വര്‍ഷത്തോളമായി തുടരുന്ന യുക്രെയിന്‍ യുദ്ധം പരിഹരിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളിലെ ഏറ്റവും പുതിയ തിരിച്ചടിയാണിത്. യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും യൂറോപ്യന്‍ നേതാക്കളും റഷ്യയ്‌ക്കെതിരെ കടുത്ത നിലപാട് എടുത്തിരുന്നു. സമാധാനത്തിന് പകരമായി, റഷ്യന്‍ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവിടാന്‍ യുക്രെയ്‌നോട് ആവശ്യപ്പെടുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാന്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള പരിഹാരത്തിന് യു.എസ് സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിച്ച് യുക്രൈന്‍ രംഗത്ത് വന്നിരുന്നു. കിഴക്കന്‍ യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ഡോണ്‍ബാസ് മേഖല റഷ്യക്ക് വിട്ടുകൊടുക്കാന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യുക്രൈന്‍ ഉദ്യോഗസ്ഥരുടെ ആരോപണം. യുക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശം അതിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ യുദ്ധം അതിന്റെ നാലാം വാര്‍ഷികത്തിലെത്തും.
ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് ഒബ്ലാസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഡോണ്‍ബാസ് യുക്രെയ്‌നിന്റെ വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന മേഖലയാണ്. സോവിയറ്റ് കാലഘട്ടത്തില്‍ വ്യവസായത്തിന്റെയും ഖനനത്തിന്റെയും ലോഹസംസ്‌കരണത്തിന്റെയും കേന്ദ്രമായിരുന്നു ഡോണ്‍ബാസ്. കല്‍ക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ പ്രദേശംകൂടിയാണ് ഡോണ്‍ബാസ്. നിലവില്‍ ഈ പ്രദേശങ്ങളില്‍ ഏതാണ്ട് പൂര്‍ണമായും റഷ്യന്‍ നിയന്ത്രണത്തിലാണ്. ചുരുക്കം ചില മേഖലകളൊഴിച്ചാല്‍ മറ്റിടങ്ങളില്‍ റഷ്യന്‍ ആധിപത്യമാണ്. 2022-ല്‍ ആഴ്ചകളോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ മരിയുപോള്‍ പിടിച്ചതോടെയാണ് ഡോണ്‍ബാസ് മേഖല റഷ്യയുടെ കൈപ്പിടിയിലായത്. ഇടയ്ക്ക് ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും റഷ്യ ഇപ്പോഴും ഈ മേഖലയില്‍ നിയന്ത്രണം നിലനിര്‍ത്തിയിട്ടുണ്ട്.
നിലവില്‍ എവിടെയാണ് അവിടെവെച്ച് ആക്രമണം നിര്‍ത്തുക എന്നതാണ് ഇപ്പോള്‍ ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് യുക്രൈന്‍ പറയുന്നത്. അതേസമയം ദീര്‍ഘദൂര ടോമാഹോക്ക് മിസൈലുകള്‍ യുക്രെയ്‌നിന് അമേരിക്ക നല്‍കാന്‍ സാധ്യത ഏറെയാണ്.