- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ മാതൃക പിന്തുടരാന് താലിബാന്‍; കുനാര്‍ നദയില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ നിര്‍ണായക നീക്കം; പാക്കിസ്ഥാന്റെ 'വെള്ളം കുടി മുട്ടും'; ചിത്രാല്‍ നദി അപ്രത്യക്ഷമാകും; അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ അണിയറയില്‍ വന്‍ പദ്ധതി
കാബൂള്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിക്കാനുള്ള നീക്കവുമായി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാര്‍ നദയില്‍ അണക്കെട്ട് നിര്‍മ്മിക്കാനാണ് താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാന്‍ ഒരുങ്ങുന്നത്. അഫ്ഗാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര വേഗത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാന്‍ വേണ്ടി താലിബാന്‍ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദ നിര്‍ദേശം നല്‍കിയതായാണ് വിവരം.
പഹല്‍ ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതേ പാതയാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനും സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും വിദേശ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പകരം രാജ്യത്തിനകത്തുള്ളവരായിരിക്കും അണക്കെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നും മന്ത്രി മുല്ല അബ്ദുള്‍ ലത്തീഫ് മന്‍സൂര്‍ എക്‌സില്‍ കുറിച്ചു.
പഹല്‍ഗാം ആക്രണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതോടെ കടുത്ത ജലക്ഷാമത്തിലൂടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. കുനാര്‍ നദിയില്‍ അണക്കെട്ടുയരുന്നതോടെ ഇത് കൂടുല്‍ രൂക്ഷമാവുമെന്നാണ് കരുതുന്നത്.480 കിലോമീറ്റര്‍ നീളമുള്ളതാണ് കുനാര്‍ നദി. വടക്കുകിഴക്കന്‍ അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വത നിരയില്‍ നിന്നാണ് ഉത്ഭവം. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോഗ്രില്‍ ചുരത്തിന് സമീപത്താണിത്. ഇവിടെനിന്ന് കുനാര്‍, നന്‍ഗര്‍ഹാര്‍ പ്രവിശ്യകളിലൂടെ തെക്കോട്ട് ഒഴുകി പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലേക്ക് കടക്കുകയും അവിടെ ജലാലാബാദ് നഗരത്തിനടുത്തുള്ള കാബൂള്‍ നദിയില്‍ ചേരുകയുമാണ് ചെയ്യുന്നത്.
പാകിസ്ഥാനില്‍ കുനാറിനെ ചിത്രാല്‍ നദി എന്നാണ് വിളിക്കുന്നത്.കാബൂള്‍ നദി അറ്റോക്ക് നഗരത്തിന് സമീപത്തുവച്ച് സിന്ധു നദിയില്‍ ചേരുന്നു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ കൃഷിയിടങ്ങളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്. കുനാര്‍ നദിയിലൂടെ ജലം എത്താതിരുന്നാല്‍ സിന്ധു നദിയില്‍ ജലത്തിന്റെ അളവ് തീരെ കുറയും. ഇത് പാകിസ്ഥാനിലെ കൃഷിയിലും ജനജീവിതത്തിലും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പാകിസ്ഥാനിലെ ജലസ്രോതസുകള്‍ പൂര്‍ണമായി അടയ്ക്കുന്നതിന് തുല്യമായിരിക്കും ഇതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പാകിസ്താനിലെ, പ്രത്യേകിച്ച് ഖൈബര്‍ പഖ്തൂണഖ്വ പ്രവിശ്യയിലെ ജലസേചന ആവശ്യങ്ങള്‍ക്ക് ഈ നദി നിര്‍ണായകമാണ്. കുനാര്‍ നദിയിലെ ജലപ്രവാഹം കുറയുന്നത് സിന്ധു നദിയിലെ ജലത്തേയും പഞ്ചാബിനേയും ബാധിച്ചേക്കുമെന്നാണ് വിവരം.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ ഔപചാരികമായി ഉഭയകക്ഷി ജലപങ്കിടല്‍ കരാറും നിലവിലില്ല. അതിനാല്‍, അണക്കെട്ടുനിര്‍മ്മാണത്തെ ചോദ്യംചെയ്യാനും കഴിയില്ല. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് അണക്കെട്ടുനിര്‍മ്മാണവുമായി അഫ്ഗാന്‍ മുന്നോട്ടുപോകുന്നതെങ്കിലും അക്കാര്യം അവര്‍ പുറത്തുപറയുന്നില്ല.2021ല്‍ അഫ്ഗാനില്‍ അധികാരമേറ്റശേഷം രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലുമുളള സ്വയം പര്യാപ്തതയാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഊര്‍ജ ഉല്പാദനം, ജലസേചനം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇത് ലക്ഷ്യമിട്ടാണ് അണക്കെട്ട് നിര്‍മാണം എന്നാണ് അഫ്ഗാന്‍ പറയുന്നത്. അഫ്ഗാന്റെ പുനഃര്‍നിര്‍മാണത്തിന് ഇന്ത്യ കാര്യമായി സഹായം ചെയ്യുന്നുണ്ട്.
അഫ്ഗാന്‍ -പാക് അതിര്‍ത്തിയില്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് താലിബാന്റെ പുതിയ നീക്കം. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ 20ലേറെ പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് താലിബാന്‍ അവകാശപ്പെട്ടത്. 2021-ല്‍ അധികാരത്തില്‍ എത്തിയതുമുതല്‍ ജലപരമാധികാരം സ്ഥാപിക്കുന്നതിന് താലിബാന്‍ മുന്‍ഗണന നല്‍കിയിരുന്നു.




