ദോഹ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ ഹമാസിന് 'വലിയ പ്രശ്നങ്ങള്‍' നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മേഖലയില്‍ സ്ഥിരത ഉറപ്പാക്കാന്‍ ഒരു 'അന്താരാഷ്ട്ര സ്ഥിരതാ സേന' ഗസയില്‍ ഉടന്‍ പ്രവേശിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ദോഹയില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ നിര്‍ണായക പ്രസ്താവന.

ഇസ്രായേലുമായി ഈ മാസം ആദ്യം ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ ഹമാസ് 'വളരെ വലിയ പ്രശ്നത്തിലാകുമെന്ന്' ട്രംപ് മുന്നറിയിപ്പ് നല്‍കി. 'വെടിനിര്‍ത്തല്‍ നിലനില്‍ക്കണം. ഇല്ലെങ്കില്‍, ഞങ്ങള്‍ വളരെ കര്‍ശനമായി ഇടപെടും,' അദ്ദേഹം പറഞ്ഞു. 'അത് നിലനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവര്‍ ഞങ്ങള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്. അത് നിലനിര്‍ത്തിയില്ലെങ്കില്‍ അവര്‍ക്ക് വലിയ പ്രശ്നമുണ്ടാകും.' ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്ട്ര സ്ഥിരതാ സേനയെ വിഭാവനം ചെയ്തിരിക്കുന്നത്. യുദ്ധം തകര്‍ത്ത ഗസ്സയ്ക്ക് ഒരു 'ദീര്‍ഘകാല ആഭ്യന്തര സുരക്ഷാ പരിഹാരം' എന്ന നിലയിലാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, തുര്‍ക്കി, ഇന്തോനേഷ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളായിരിക്കും ഗസ്സയില്‍ സ്ഥിരത നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയെന്നും ട്രംപ് വെളിപ്പെടുത്തി. ഇസ്രായേല്‍ പ്രതിരോധ സേന ക്രമേണ ഗസ്സയുടെ അധികാരം പുതുതായി സ്ഥാപിക്കുന്ന സംവിധാനത്തിന് കൈമാറും. ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതുവരെ ഈ കൈമാറ്റം ഘട്ടം ഘട്ടമായി നടക്കും. ഈ മാസം ആദ്യം ഉണ്ടാക്കിയ സമാധാന ഉടമ്പടി തകര്‍ച്ചയുടെ വക്കിലാണെന്ന് പലരും ഭയപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍. ഈ നടപടികള്‍ പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കാന്‍ നിര്‍ണായകമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.

ഗാസയില്‍ സമാധാനസേനയെ വിന്യസിക്കുമ്പോള്‍ ഖത്തര്‍ സൈനികരെ വിട്ടുതന്ന് സഹകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് അറിയിച്ചു . ഗാസയില്‍ വരേണ്ടത് ശാശ്വതമായ സമാധാനമായിരിക്കണമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖത്തര്‍ ഒരു വലിയ സഖ്യകക്ഷിയാണെന്നും പ്രാദേശിക സ്ഥിരതയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം പ്രശംസിച്ചു. ആവശ്യമെങ്കില്‍ സമാധാനസേനയിലേക്ക് സംഭാവന നല്‍കാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെസമയം ഇക്കാര്യത്തില്‍ ഖത്തര്‍ ഔദ്യോഗികമായി യാതൊന്നും പറഞ്ഞിട്ടില്ല.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ട്രംപ് ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരികളില്‍ ഒരാള്‍ എന്ന് വിശേഷിപ്പിച്ചു. അതേസമയം ഗാസയിലെ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ വിവിധ ഗ്രപ്പുകള്‍ ഖത്തറിന്റെയോ തുര്‍ക്കിയുടെയോ ഇടപെടലിനെ എതിര്‍ക്കുകയാണ്. ഖാന്‍ യൂനിസ് മേഖലയിലെ ഒരു തീവ്രവാദ ഗ്രൂപ്പിന്റെ നേതാവായ ഹുസ്സാം അല്‍-അസ്തല്‍ തുര്‍ക്കി ഹമാസിനെ പിന്തുണയ്ക്കുന്ന രാജ്യമാണെന്ന് ആരോപിച്ചു. തുര്‍ക്കിയെയും ഖത്തറിനെയും 'യുദ്ധക്കുറ്റവാളികള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.