വാഷിങ്ടണ്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്. സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍ തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്് പ്രഖ്യാപിച്ചതോടെ ആശങ്ക ശക്തമാകുന്നു. അതിനിടെ ഗാസയിലെ വെടിനിര്‍ത്തലിന് 'ഒന്നും' ഭീഷണിയാകില്ലെന്നും വ്യക്തമാക്കി. അതായത് ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടായിട്ടും വെടിയൊച്ചകള്‍ തുടരുന്നു. ഇത് സമാധാന കരാറിനെ തകര്‍ക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അപ്പോഴും ഇസ്രേയേലിനെ പിന്തുണയ്ക്കുന്ന അമേരിക്ക സമാധാന കരാറില്‍ ശുഭപ്രതീക്ഷയിലുമാണ്.

ഭീകരര്‍ ഒരു ഇസ്രായേലി സൈനികനെ കൊന്നു. അത് കൊണ്ടാണ് ഇസ്രായേലികള്‍ തിരിച്ചടിച്ചത് എന്നും അവര്‍ തിരിച്ചടിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിവയ്പ്പിന് ഒരു ദിവസത്തിന് ശേഷവും, ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി പരസ്പരം ആരോപിച്ചതിനു ശേഷമാണ് ട്രംപ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ഇന്നലെ ആക്രമണം നടന്നതിന് ശേഷവും വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്.

മേഖലയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വാന്‍സിന്റെ ഈ പ്രസ്താവന. ഇത് അന്താരാഷ്ട്ര നിരീക്ഷകര്‍ ഗൗരവകരമായിട്ടാണ് കാണുന്നത്. അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ ഒരു വലിയ സംഘര്‍ഷത്തിന്റെ സൂചനകളായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യത്തിലാണ് വാന്‍സിന്റെ ഈ നിരീക്ഷണം നിര്‍ണായകമാകുന്നത്. ഈ സംഭവങ്ങള്‍ ഒരു താല്‍ക്കാലികം മാത്രമാണ്, അല്ലാതെ ഗാസയിലെ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണമായ ലംഘനമല്ല. നിലവിലുള്ള സമാധാന ശ്രമങ്ങളെ ഇത് കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു.

ഗാസ മുനമ്പില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ, നിലവിലുള്ള വെടിനിര്‍ത്തല്‍ ധാരണകള്‍ ഇപ്പോഴും ശക്തമാണെന്നും അത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് വാന്‍സ് ഊന്നിപ്പറയുന്നത്. വിവിധ കക്ഷികള്‍ക്കിടയിലുള്ള ധാരണകളും പ്രതിബദ്ധതകളും ഇപ്പോഴും നിലവിലുണ്ടെന്നും, ചെറിയ തോതിലുള്ള പ്രശ്‌നങ്ങളെ ഒരു വലിയ പരാജയമായി കാണേണ്ടതില്ലെന്നും അദ്ദേഹം തന്റെ നിരീക്ഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിനും ഹമാസിനും ഇടയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന സംഘര്‍ഷാവസ്ഥകള്‍ക്ക് പിന്നാലെ സാധാരണയായി വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവില്‍ വരാറുണ്ട്. ഈ കരാറുകള്‍ പലപ്പോഴും ദുര്‍ബലമാണെങ്കിലും, അവ മേഖലയിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

വാന്‍സിന്റെ കാഴ്ചപ്പാടില്‍, ഈ വെടിനിര്‍ത്തല്‍ സംവിധാനം അതിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും, നിലവിലെ സ്ഥിതിഗതികള്‍ നിന്തണവിധേയമാണെന്നുമാണ്. ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും, വെടിനിര്‍ത്തലിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാവിന്റെ ഈ വിലയിരുത്തല്‍ ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ എടുത്തു കാണിക്കുന്നു. മേഖലയിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനായുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതില്‍ വാന്‍സിന്റെ ഈ കാഴ്ചപ്പാടിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ മടക്കി നല്‍കുന്ന കാര്യത്തില്‍ ഹമാസ് ഭീകരര്‍ ഒളിച്ചുകളി നടത്തുകയാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസ് ഇനിയും നിരായുധീകരിക്കാന്‍ തയ്യാറാകാത്തത് ഇസ്രയേലിനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.