ടെല്‍ അവീവ്: റഫ തുരങ്കങ്ങളില്‍ ഒളിവില്‍ കഴിയുന്ന ഹമാസ് സേനാംഗങ്ങള്‍ കീഴടങ്ങില്ല. ഹമാസിന്റെ കീഴടങ്ങല്‍ ആവശ്യം തുടര്‍ച്ചയായി മുന്നോട്ട് വയ്ക്കുന്നതിനിടെയാണ് ഇസ്രയേലിന് ഹമാസിന്റെ മറുപടി. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥ രാജ്യങ്ങള്‍ ഇടപെടണമെന്നാണ് ഹമാസിന്റെ ആവശ്യം. ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയിലെ റഫായില്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് സേനാംഗങ്ങള്‍ കീഴടങ്ങില്ലെന്നാണ് ഫലസ്തീന്‍ സംഘടന അറിയിച്ചത്. ആയുധം വച്ചു കീഴടങ്ങിയാല്‍ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാന്‍ അനുവദിക്കാമെന്നാണ് ഇസ്രയേല്‍ നിലപാട്. റഫായിലുള്ള ഹമാസുകാര്‍ തങ്ങളുടെ സേനയ്ക്ക് ആയുധങ്ങള്‍ കൈമാറിയാല്‍ മതിയെന്ന ശുപാര്‍ശ ഈജിപ്ത് മുന്നോട്ടുവച്ചു.

ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള റഫ തുരങ്കങ്ങളില്‍ നിന്ന് പുറത്തുവന്ന് ആയുധം വച്ച് കീഴടങ്ങിയാല്‍ പലസ്തീന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകാന്‍ അനുവദിക്കാമെന്നാണ് ഇസ്രയേല്‍ നിലപാട്. ഇക്കാര്യം ഈജിപ്തും പിന്‍താങ്ങുന്നതായാണ് വിവരം. എന്നാല്‍ ആയുധം കൈമാറിയാല്‍ ഇസ്രയേല്‍ വാക്ക് പാലിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്ത ഹമാസ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുകയാണ്.

200ഓളം ഹമാസ് സേനാംഗങ്ങളാണ് റഫയിലെ തുരങ്കങ്ങളില്‍ ഒളിവില്‍ കഴിയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഹമാസിന്റെ കീഴടങ്ങല്‍ പ്രധാനമാണ്. എന്നാല്‍ ഇതുവരെയും കീഴടങ്ങാന്‍ തയാറാകാത്തത് ഗാസയ്ക്കുമേലുള്ള ഇസ്രയേല്‍ ഭീഷണി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ തന്നെ ഇക്കാര്യം ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതാണ്. കരാര്‍ നിലവില്‍ വന്നതിന് ശേഷവും തുടര്‍ന്ന ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയ മറുപടിയും ഇതുതന്നെയായിരുന്നു.

ഹമാസ് ഇസ്രയേലിന് കീഴടങ്ങുന്നത് വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥ നടപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നറിയിപ്പും നല്‍കുന്നു. ഹമാസിനെ സംബന്ധിച്ചിടത്തോളം ഇത് ഭീഷണിയാണ്. സമ്മര്‍ദ്ദത്തിലാക്കി കീഴടക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേലിന്റെ തുറുപ്പ് ചീട്ടാണ്.

അതേസമയം 2014ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികന്റെ മൃതദേഹം ഹമാസ് കൈമാറി. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള മൃതദേഹ കൈമാറ്റത്തിലും ഇസ്രയേല്‍ കരാര്‍ ലംഘിക്കുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഗാസയിലേക്ക് തിരിച്ച് നല്‍കിയ മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാകാത്തവയാണെന്നും മന്ത്രാലയം പറഞ്ഞു.

ക്രൂര പീഡനങ്ങള്‍ക്ക് ഇരയായാണ് പലരും കൊല്ലപ്പെട്ടത്. മൃതദേഹങ്ങളില്‍ ക്രൂര പീഡനം നടന്നതിന്റെ അടയാളങ്ങളുണ്ടായിരുന്നതായി ഗാസയിലെ പലസ്തീന്‍ സിവിലയന്‍സ് ഡിഫന്‍സ് ഉദ്യോഗസ്ഥരും പറയുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 69,169 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

284 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ ഉയര്‍ന്നു. വെടിനിര്‍ത്തലിന് ശേഷവും ഗാസ ഉപരോധം പിന്‍വലിച്ചിട്ടില്ല. ഗാസയിലെ പലയിടത്തും ഇപ്പോഴും കൊടുംപട്ടിണിയാണ്. ദക്ഷിണ ഗാസയില്‍ ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്.