- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലെ നല്ല ജീവിതത്തിനായി ചെറുബോട്ടുകളിൽ സമുദ്രാതിർത്തി കടക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല; ഇവരോട്..കടുത്ത സമീപനം സ്വീകരിക്കണമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതെ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ തര്‍ക്കവും രൂക്ഷം; എല്ലാം വിശദമായി പഠിക്കാൻ കോപ്പന്‍ഹേഗനിലേക്ക് ട്രെയിൻ കയറി ഉദ്യോഗസ്ഥർ; ഗ്രേറ്റ് ബ്രിട്ടൺ ഇനി അപരിചിതരുടെ ദ്വീപായി മാറുമോ?
ബ്രിട്ടനിലും കുടിയേറ്റത്തോടുള്ള ഡെന്മാര്ക്കിന്റെ കടുത്ത സമീപനം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ലേബര്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡെന്മാര്ക്കില് അനധികൃത കുടിയേറ്റക്കാരെ നേരിടുന്ന
കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പഠിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിനെ കുറിച്ച് വിശദമായി പഠിക്കാന്‍ ഉദ്യോഗസ്ഥരെ ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ ലേബര്‍ പാര്‍ട്ടിയിലെ ഇടത് അനുകൂലികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. തീവ്ര വലതുപക്ഷ നയങ്ങള്‍ പകര്‍ത്തിയതായി അവര്‍ ആരോപണം ഉന്നയിക്കുകയാണ്. ലേബറിന്റെ സോഷ്യലിസ്റ്റ് കാമ്പെയ്ന് ഗ്രൂപ്പിലെ പ്രമുഖ അംഗമായ നാദിയ വിറ്റോം ഇതിനെ വംശീയ പ്രശ്നമായിട്ടാണ് വിശേഷിപ്പിച്ചത്. മധ്യ-ഇടതുപക്ഷ സര്‍ക്കാരിനേക്കാളും തീവ്ര വലതുപക്ഷത്താണ് ഈ നയങ്ങള്‍ കൂടുതല്‍ സ്വീകാര്യമാകുക എന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ ചെറുബോട്ടുകളില്‍ ബ്രിട്ടനിലേക്ക് കടന്നു കയറുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവരെ വന്‍കിട ഹോട്ടലുകളില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിപ്പിക്കുന്നതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ 'അപരിചിതരുടെ ദ്വീപാക്കി' മാറ്റുമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡെന്മാര്ക്കില് അനധികൃത കുടിയേറ്റക്കാരെ നേരിടുന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായ നിലപാട് സ്വീകരിച്ച സാഹചര്യമാണ് ഉള്ളത്.
ഡെന്മാര്ക്കിലെ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന്, 2019 ല്‍ അധികാരമേറ്റതിനുശേഷം കുടിയേറ്റം കുറയ്ക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം കൃത്യമായി പാലിക്കുകയാണ്. അഭയാര്‍ത്ഥി രഹിത നയം പിന്തുടരുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. അത്യാവശ്യമല്ലാതെ ആളുകള്‍ അഭയം തേടുന്നത് ഡെന്മാര്ക്ക് നിരുത്സാഹപ്പെടുത്തുകയാണ്. ഇവിടെ അഭയാര്‍ത്ഥികള്‍ക്കുള്ള അപേക്ഷകള്‍ 10 വര്‍ഷത്തിനുള്ളില്‍ 90 ശതമാനം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വെറും 2,333 ആയി കുറഞ്ഞു, അതേസമയം യു.കെയിലെ കണക്ക് 111,100 ആയിരുന്നു.
അഭയം താല്ക്കാലികവും സോപാധികവുമായിരിക്കണമെന്ന തത്വത്തിലാണ് ഡെന്മാര്ക്കിന്റെ നിയമസംവിധാനം തയ്യാറാക്കിയിരിക്കുന്നത്. അവരുടെ മാതൃരാജ്യം സുരക്ഷിതമാണെന്ന് കരുതുമ്പോള്‍, അവരുടെ താമസത്തിനുള്ള അവകാശം പിന്‍വലിക്കുകയും അവര്‍ മടങ്ങി പോകുകയും വേണം. വിലയേറിയ സ്വത്തുക്കളുമായി എത്തുന്നവര്‍ അവരുടെ താമസത്തിന് പണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
2016-ല്‍ പാസാക്കിയ ഒരു നിയമപ്രകാരം, താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് നികത്താന്‍ പോലീസിന് ആഭരണങ്ങള്‍, വാച്ചുകള്‍, മറ്റ് ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടാന്‍ കഴിയും.തുടരാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന അഭയാര്‍ത്ഥികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു. ഈ ക്യാമ്പുകള്‍ നടത്തുന്നത് ഡാനിഷ് റിട്ടേണ്‍സ് ഏജന്‍സിയാണ്. തിരികെ നാ്ട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കും. അഭയാര്‍ത്ഥികളും മക്കളും ഡാനിഷ് ഭാഷയും പഠിക്കണം. ഇവിടെ ബുര്‍ഖയും നിരോധിച്ചിട്ടുണ്ട്. ഇതേ രീതി പിന്തുടരാന് യുകെ പദ്ധതിയിടുന്നില്ലെന്നും എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.




