- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാര്‍ക്കോ ടെററിസ്റ്റുകളെ' തകര്‍ക്കുകയും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് അമേരിക്കന്‍ തെരുവുകളിലേക്ക് തടയുകയും ലക്ഷ്യം; ഏറ്റവും വലിയതും ആധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പും കരീബിയന്‍ കടലില്‍; വെനസ്വേലയില്‍ ഇനി എന്തും സംഭവിക്കാം
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും വലിയതും ആധുനികവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പും കരീബിയന്‍ കടലിലേക്ക് എത്തിച്ചേര്‍ന്നു. വെനസ്വേലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ അമേരിക്ക സൈനിക നടപടിക്ക് തയ്യാറെടുക്കുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് ഇത് ശക്തിപകരുന്നു. 'നാര്‍ക്കോ ടെററിസ്റ്റുകളെ' തകര്‍ക്കുകയും കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് അമേരിക്കന്‍ തെരുവുകളിലേക്ക് തടയുകയുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം. യുഎസ്എസ് തോമസ് ഹുഡ്നര്‍, യുഎസ്എസ് റാംപേജ്, യുഎസ്എസ് നോര്‍മണ്ടി എന്നിവയടങ്ങുന്ന ഈ സ്‌ട്രൈക്ക് ഗ്രൂപ്പ് മേഖലയിലെ നിലവിലുള്ള യുഎസ് സൈനിക വിന്യാസത്തിന് വലിയ ശക്തിപകരുന്നുണ്ട്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ സമാധാനത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചിട്ടും, മയക്കുമരുന്ന് കടത്ത് സംഘങ്ങളെ തകര്‍ക്കുമെന്നതില്‍ ട്രംപ് ഉറച്ചുനില്‍ക്കുകയാണ്. ഇത് വെനസ്വലയ്‌ക്കെതിരായ യുദ്ധമായി മാറാനും സാധ്യതയുണ്ട്.
യുഎസ് സേന 1989ലെ പനാമ ഏറ്റുമുട്ടലിന് ശേഷം നടത്തുന്ന ഏറ്റവും വലിയ തയ്യാറെടുപ്പാണ് ഇതെന്നും, ഇത് യുഎസ് ഒരു വലിയ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന സംശയം ഉയര്‍ത്തുന്നു. വര്‍ധിച്ചു വരുന്ന ലഹരി കടത്തിനെ പ്രതിരോധിക്കാനാണ് കപ്പലുകള്‍ വിന്യസിച്ചതെന്ന യുഎസിന്റെ അവകാശവാദം വെനസ്വേല തള്ളിക്കളഞ്ഞു. യുഎസ് യഥാര്‍ഥത്തില്‍ തങ്ങളുടെ ഭരണകൂടത്തെ തകിടം മറിക്കാനാണ് ശ്രമിക്കുന്നതെന്ന് കാരാക്കസ് ആരോപിക്കുന്നു. ട്രംപ് ഭരണകൂടം ലഹരി കടത്തിക്കൊണ്ടുപോകുന്ന വഴികളിലും വലിയ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങള്‍ക്കുള്ളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതിന് നിയമപരമായ സാധുത ഉണ്ടാകുമോ എന്ന് ഭരണകൂടം നിയമോപദേശം തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ വെനസ്വേല മിലിറ്ററി ഫോഴ്‌സസ് ശക്തിപ്പെടുത്തുകയാണ്. ഒരു മാസം മുന്‍പ് പ്രധാന തെരുവുകളില്‍ വളരെ വലിയ പ്രതിബന്ധങ്ങള്‍ (ബാരിക്കേഡുകള്‍) സൃഷ്ടിച്ചിട്ടുണ്ട്. വെനസ്വേലയുടെ മിലിറ്ററിയായ 'ദി ബൊളീവിയന്‍ നാഷനല്‍ ആംഡ് ഫോഴ്‌സസില്‍' 123,000 അംഗങ്ങളുണ്ട്. ഇത് കൂടാതെ 80 ലക്ഷത്തിലധികം റിസര്‍വിസ്റ്റുകള്‍ ഉള്‍പ്പെടുന്ന വൊളന്റിയര്‍ സേനയുണ്ടെന്നും മഡുറോ അവകാശപ്പെടുന്നു.
സംശയാസ്പദമായ മയക്കുമരുന്ന് കടത്ത് ബോട്ടുകള്‍ക്കെതിരെ യുഎസ് സൈന്യം ഇതിനകം നിരവധി മാരകമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അവസാനത്തെ ആക്രമണം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, കരയിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ക്കുള്ള സാധ്യതകള്‍ ട്രംപിന് മുന്നില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, കരയാക്രമണം ആസൂത്രണം ചെയ്യുന്നില്ലെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഡസനടുത്ത് നാവികസേന കപ്പലുകളും ഏകദേശം 12,000 നാവികരും മറീനുകളും ഉള്‍പ്പെടെ വലിയൊരു സൈനിക വിന്യാസമാണ് മേഖലയില്‍ നടന്നിട്ടുള്ളത്. യൂറോപ്പില്‍ നിന്ന് പുറപ്പെട്ട യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍ നാല് ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍ എഫ്/എ-18 സൂപ്പര്‍ ഹോര്‍ണറ്റുകളും ശത്രു റഡാര്‍ സംവിധാനങ്ങളെ ജാം ചെയ്യാനും നശിപ്പിക്കാനും ശേഷിയുള്ള ഇഎ-18 ഗ്രോലര്‍ ഇലക്ട്രോണിക് അറ്റാക്ക് വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കെതിരെ അടക്കം ആക്രമണം നടത്താന്‍ ഇവ നിര്‍ണായകമാണ്. പ്യൂര്‍ട്ടോ റിക്കോയില്‍ വിന്യസിച്ചിട്ടുള്ള 10 യുഎസ് മറൈന്‍ കോര്‍പ്‌സ് എഫ്-35 വിമാനങ്ങള്‍, യുഎസ്എസ് ഐവോ ജിമയിലുള്ള എവി-8 ഹാരിയര്‍ ജമ്പ് ജെറ്റുകള്‍, എഎച്ച്-1 അറ്റാക്ക് ഹെലികോപ്റ്ററുകള്‍ എന്നിവയും ഈ വമ്പന്‍ സൈനിക വിന്യാസത്തിന്റെ ഭാഗമാണ്.
ഈ വലിയ സൈനിക നീക്കം, മേഖലയിലെ മയക്കുമരുന്ന് വ്യാപാരം തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങളില്‍ വലിയൊരു വര്‍ധനവിനെയാണ് സൂചിപ്പിക്കുന്നത്. കരയാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകള്‍ക്കിടയിലും ഇത് സൈനിക സംഘര്‍ഷ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ (യുഎസ്) വെനസ്വേലയെ ആക്രമിച്ചു കീഴ്‌പെടുത്താന്‍ ഒരുങ്ങുകയാണെന്ന ആരോപണവുമായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ നേരത്തെ രംഗത്തു വന്നിരുന്നു. യുഎസ്-വെനസ്വേല ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിന് തെളിവാണ് ഇത്. 'യുഎസ് അടുത്ത് തന്നെ വെനസ്വേലയെ ആക്രമിച്ചു കീഴ്‌പെടുത്തും. ഇതിനെതിരെ അമേരിക്കന്‍ ജനത വെനസ്വേലന്‍ ജനതക്കൊപ്പം നില്‍ക്കണം. ഇത് അമേരിക്കയില്‍ സമാധാനം പുലര്‍ത്താന്‍ ആവശ്യമാണ്' - ഇതായിരുന്നു ആവശ്യം. അമേരിക്കയുമായി ഒരു യുദ്ധം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നല്‍കാതെ, തന്റെ ലക്ഷ്യം സമാധാനത്തോടെ രാജ്യം ഭരിക്കുകയാണെന്ന് വ്യക്തമാക്കി.




