- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമോ? മംദാനിയ്ക്ക് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ്! ആ കൂടിക്കാഴ്ച വിജയകരം; ഇനി ന്യുയോര്‍ക്ക് മേയര്‍ 'കമ്യൂണിസ്റ്റ് ഭീകരന്‍' അല്ല; ന്യുയോര്‍ക്കിലെ ജനാധിപത്യത്തെ ട്രംപും അംഗീകരിക്കുമ്പോള്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ പ്രശംസിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലിം മേയറും ട്രംപിന്റെ നിശിതവിമര്‍ശകനുമാണ് മംദാനി.
മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് 'വളരെ, വളരെ സുഖകരമായ' അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ മംദാനിയെ കമ്യൂണിസ്റ്റ് ഭീകരന്‍ എന്നാണ് ട്രംപ് വിളിച്ചിരുന്നത്. മംദാനി ജയിച്ചാല്‍ എല്ലാം തീരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതെല്ലാം ട്രംപ് മറക്കുകയാണ്. ഇനി മംദാനിയുമായി സഹകരിക്കുമെന്നാണ് ട്രംപ് പറയുന്നത്.
മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് നല്‍കുന്ന ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുമെന്നും, നാഷണല്‍ ഗാര്‍ഡിനെ അയക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. എന്താണ് മനസ്സ് മാറ്റിയതെന്ന ചോദ്യത്തിന്, 'ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്' എന്നായിരുന്നു ട്രംപിന്റെ മറുപടി. മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു. ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് മുമ്പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് എന്ന് ഒരു റിപ്പോര്‍ട്ടര്‍ മംദാനിയോട് ചോദിച്ചു, 'ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്...' മംദാനി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നതിനിടയില്‍ ട്രംപ് പെട്ടെന്ന് ഇടപെട്ടു.
'അത് കുഴപ്പമില്ല, നിങ്ങള്‍ക്ക് അതെ എന്ന് മറുപടി പറയാന്‍ കഴിയും' മംദാനിയുടെ കൈയില്‍ തട്ടിക്കൊണ്ട് ട്രംപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ശരി, അതെയെന്ന് മംദാനി പറയുകയും ചെയ്തു. 'ഞാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും' എന്ന വാക്കുകളോടെയാണ് ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. തങ്ങള്‍ക്കിടയില്‍ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടന്നതെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറയുകയും ചെയ്തു. നവംബര്‍ നാലിനാണ് മംദാനി ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജയായ മീരാ നായരുടെ മകനാണ് മംദാനി.
ന്യൂയോര്‍ക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്‌റാന്‍ മംദാനിയെന്ന് ട്രംപ് പറയുകയാണ് ഇപ്പോള്‍. 'ചര്‍ച്ച ഫലപ്രദമായിരുന്നു. ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. 'ചര്‍ച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവര്‍ത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി പ്രവര്‍ത്തിക്കുന്നുവോ അത്ര സന്തോഷവാനായിരിക്കും ഞാന്‍. ഞങ്ങള്‍ തമ്മില്‍ പൊതുവായി ഒരു പൊതുവായ കാര്യമുണ്ട് ഞങ്ങള്‍ സ്‌നേഹിക്കുന്ന ഈ നഗരം വളരെ മികച്ചതായി മാറണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ യോജിക്കുന്നു. കുറ്റകൃത്യങ്ങള്‍ ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഞാനും അതുതന്നെ ആഗ്രഹിക്കുന്നു.' ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമെന്ന മംദാനിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി. 'ആദരവിന്റെയും സ്‌നേഹത്തിന്റെയും ഇടമായ ന്യൂയോര്‍ക്ക് നഗരത്തെക്കുറിച്ചും ന്യൂയോര്‍ക്കിലെ ജനങ്ങളെ സേവിക്കുക എന്ന പൊതുവായ ലക്ഷ്യത്തിലൂന്നിയുമായിരുന്നു ചര്‍ച്ച. ന്യൂയോര്‍ക്കിലെ ജീവിത ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തും' മംദാനി പറഞ്ഞു. വാഷിങ്ടനിലെത്താന്‍ ട്രെയിനിനു പകരം വിമാനത്തെ ആശ്രയിച്ചത് എന്തിനാണെന്നും ട്രെയിന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണല്ലോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് എല്ലാ യാത്രാമാര്‍ഗ്ഗങ്ങളും കൂടുതല്‍ ചെലവ് കുറഞ്ഞതാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മംദാനിയുടെ മറുപടി. മംദാനി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും യാത്രാദൂരം വളരെ കൂടുതലാണെന്നും ട്രംപ് പ്രതികരിച്ചു. പരസ്പരം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.




