ഹിരോഷിമ: ഒരു മൂന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ കിഴക്കന്‍ മേഖലയിലെ രണ്ട് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടുകളും ചര്‍ച്ചയില്‍്. തായ്വാനിലെ ചൈനയുടെ ഇടപെടല്‍ തന്നെയായിരിക്കും ഇതില്‍ നിര്‍ണായകമായി മാറുന്ന ഘടകം. ചൈനയും ജപ്പാനും തമ്മിലുള്ള പഴയകാല ശത്രുത ഏഷ്യ-പസഫിക്ക് മേഖലയിലെ ഏറ്റവും അപകടകരമായ ഏറ്റുമുട്ടലിലേക്ക് ചെന്ന് എത്തുമോ എന്നാണ് എല്ലാവരും സംശയിക്കുന്നത്.

തായ് വാനെ ആക്രമിച്ചാല്‍ സൈനിക നടപടിയെടുക്കുമെന്ന് ജപ്പാന്‍ ചൈനയെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. 2027 ഓടെ തായ് വാന്‍ പിടിച്ചെടുക്കാന്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്റെ സൈന്യത്തോട് ഉത്തരവിട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ജപ്പാന്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയതായും പറയപ്പെടുന്നു. രണ്ട് രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഈയിടെ നിരന്തരമായി വാക്പോരാട്ടം നടത്തിയിരുന്നു. വൃത്തികെട്ട കഴുത്തുകള്‍ ഛേദിക്കുമെന്ന്് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിക്ക് നേരിട്ടുള്ള ഭീഷണിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. തായ്വാന്റെ കിഴക്കന്‍ തീരത്ത് നിന്ന് കുറേ അകലെയായി അതിന്റെ തെക്കേ അറ്റത്തുള്ള ദ്വീപായ യോനാഗുനിക്ക് സമീപം ഒരു ചൈനീസ് സൈനിക ഡ്രോണ്‍ കണ്ടതിനെത്തുടര്‍ന്ന് ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരുന്നു. തുടര്‍ന്ന് ഈ ദിവസങ്ങളില്‍ ഇരുവരും തമ്മിലുള്ള വാഗ്വാദം ശക്തിപ്പെട്ടിരുന്നു. അതേസമയം, ജപ്പാന്റെ നിയന്ത്രണത്തിലുള്ളതും ചൈന അവകാശം ഉന്നയിക്കുന്നതുമായ സെന്‍കാകു ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ജലപാതയിലൂടെ ചൈനീസ് തീരസംരക്ഷണ കപ്പലുകളുടെ ഒരു സംഘം മണിക്കൂറുകളോളം സഞ്ചരിച്ചിരുന്നു. ഇത് ജപ്പാന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി.

ഈ സംഭവം യാദൃശ്ചികമല്ലെന്നും ചൈനയുടെ നീക്കം ജപ്പാന് ഭീഷണിയായി മാറുമെന്നും പ്രധാനമന്ത്രി തകായിച്ചി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കടന്നുകയറ്റങ്ങള്‍ ഉണ്ടായത്. ജപ്പാന്റെ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണം രാജ്യത്തിനെതിരായ നേരിട്ടുള്ള ഭീഷണിയായിട്ടാണ് കാണുന്നത്. അതിനിടെയാണ് ജപ്പാന് താക്കീതുമായി ചൈനയുടെ പ്രതിരോധ മന്ത്രി ജിയാങ് ബിന്‍ എത്തുന്നത്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ ജപ്പാന്‍ പരാജയപ്പെട്ടാല്‍, തായ്വാന്‍ വിഷയത്തില്‍ ഇടപെടാന്‍ ബലപ്രയോഗം നടത്തിയാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് അവരെ നേരിടേണ്ടി വരുമെന്നും അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ ഇപ്പോള്‍ സ്വന്തമായി ആണവായുധ ശേഖരം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചൈന ജപ്പാനിലേക്ക് യാത്ര ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്തിയിരിക്കുകയാണ്. ജപ്പാനിലെ ചൈനീസ് പൗരന്‍മാരോട് തിരക്കേറിയ പൊതുസ്ഥലങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശിച്ചു.

ചൈന ജാപ്പനീസ് സിനിമകളുടെ റിലീസ് പോലും നിര്‍ത്തിവച്ചിരിക്കുന്നതായി ജപ്പാന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 1930 കളിലും 1940 കളിലും ജപ്പാന്‍ ചൈനയുടെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ട നാന്‍ജിംഗ് കൂട്ടക്കൊല പോലുള്ള അതിക്രമങ്ങളുടെ ഓര്‍മ്മകള്‍ ചൈന ഇപ്പോഴും മറന്നിട്ടില്ല. യുദ്ധകാലത്തെ ദുരുപയോഗങ്ങളെ ടോക്കിയോ കുറച്ചുകാണുന്നുവെന്ന് ബീജിംഗ് പതിവായി ആരോപിച്ചിരുന്നു. യോനാഗുനിയില്‍ നിന്ന് ഏകദേശം 68 മൈല്‍ അകലെയാണ് തായ്‌പേയ് സ്ഥിതി ചെയ്യുന്നത്. ജപ്പാന്റെ വ്യാപാരത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ഭൂരിഭാഗവും വഹിക്കുന്ന തീരദേശ മേഖലകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചൈന തായ്വാനെ ആക്രമിച്ചാല്‍ അതിനെ നേരിടുന്നതിനായി ജപ്പാന്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. തായ്വാനിലുള്ള ചൈനയുടെ അവകാശവാദം 1949-ല്‍ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനത്തില്‍, പരാജയപ്പെട്ട നാഷണലിസ്റ്റ് സര്‍ക്കാര്‍ ദ്വീപിലേക്ക് പലായനം ചെയ്ത് ഒരു പ്രത്യേക രാഷ്ട്രം സ്ഥാപിച്ചതു മുതലുള്ളതാണ്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ഈ വിഭജനം അംഗീകരിച്ചിട്ടില്ല . ഷി ജിന്‍പിങ്ങിനെ സംബന്ധിച്ചിടത്തോളം, ദ്വീപിനെ ബീജിംഗിന്റെ നിയന്ത്രണത്തിലാക്കുന്നത് ദേശീയ പുനരുജ്ജീവനത്തിന്റെയും ചൈനയുടെ പൂര്‍ണ്ണമായ പ്രദേശിക ഐക്യത്തിന്റെയും ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തായ്വാനിനടുത്തുള്ള വിദൂര ദ്വീപുകളില്‍ നിന്ന് 100,000-ത്തിലധികം സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള ആദ്യ ഔപചാരിക പദ്ധതി മാര്‍ച്ചില്‍ ജപ്പാന്‍ പുറത്തിറക്കി. യോനാഗുനി, ഇഷിഗാക്കി, മിയാകോ എന്നിവിടങ്ങളിലെ നിവാസികളെ കടത്തുവള്ളങ്ങളിലും വിമാനങ്ങളിലും കയറ്റി ദിവസങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും.

ജപ്പാന്‍ യോനാഗുനിയില്‍ ഒരു ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുകയും തെക്കുപടിഞ്ഞാറന്‍ ദ്വീപുകളില്‍ കൂടുതല്‍ മിസൈല്‍ യൂണിറ്റുകള്‍ വിന്യസിക്കുകയും ചെയ്തു. ജപ്പാന് ആണവായുധങ്ങളില്ല. എന്നാല്‍ അവര്‍ക്ക് ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ട്.