ലണ്ടന്‍: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കിടെ നടന്ന അതിദാരുണമായ കൂട്ടക്കൊല ലോകമെമ്പാടുമുള്ള ജൂതസമൂഹത്തിനിടയില്‍ ഭീതി പടര്‍ത്തുന്നു. ഈ ആക്രമണം ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തേക്കാള്‍ വലിയ സുരക്ഷാ ആശങ്കയാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്ന് ലണ്ടനിലെ ജൂത കോളനികളില്‍ താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന റബ്ബി എലി ഷ്‌ലാഞ്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അക്രമത്തില്‍ കൊല്ലപ്പെട്ടത് ബ്രിട്ടനിലെ ജൂതസമൂഹത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

പാശ്ചാത്യ രാജ്യങ്ങളില്‍ ജൂതവംശജര്‍ നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണിയാണ് ലണ്ടനിലെ ജനവിഭാഗത്തെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. പാരമ്പര്യങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിച്ച് സമാധാനത്തോടെ ജീവിച്ചിരുന്ന പല കുടുംബങ്ങളും തങ്ങളുടെ ജന്മനാടായ ബ്രിട്ടന്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു. സുരക്ഷിതമായ ഏക സ്ഥലം ഇസ്രായേല്‍ മാത്രമാണെന്ന ബോധ്യത്തില്‍, അവിടേക്ക് കുടിയേറാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ലണ്ടനിലെ നിരവധി കുടുംബങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

ലണ്ടനിലെ പ്രശസ്തമായ ജൂത കോളനികളിലും വിദ്യാലയങ്ങളിലും ഇപ്പോള്‍ അസാധാരണമായ നിശബ്ദതയും ഭയവുമാണ്. തെരുവുകളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത വിധം ഭീഷണി നിലനില്‍ക്കുന്നതായി ഇവര്‍ കരുതുന്നുു. ബോണ്ടി ബീച്ചില്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ ആഘോഷങ്ങള്‍ക്കിടെ വെടിയേറ്റു വീണവരുടെ ദൃശ്യങ്ങള്‍ ലണ്ടനിലെ ഓരോ ജൂത കുടുംബത്തെയും വേട്ടയാടുകയാണ്. സാംസ്‌കാരികവും മതപരവുമായ അടയാളങ്ങള്‍ പുറത്ത് കാണിക്കാന്‍ പോലും ഇവര്‍ ഇപ്പോള്‍ മടിക്കുന്നു.

സ്ഥിതിഗതികള്‍ ഗൗരവകരമായ സാഹചര്യത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് നഗരത്തിലെ ജൂത കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ജൂതസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, വര്‍ദ്ധിച്ചുവരുന്ന ഈ വിദ്വേഷാക്രമണങ്ങള്‍ക്കിടയില്‍ പോലീസിന് എത്രത്തോളം സുരക്ഷ നല്‍കാന്‍ കഴിയുമെന്ന ചോദ്യം ജൂതനേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്ക് ഇനി സുരക്ഷിതമല്ലെന്ന തോന്നല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളനികളായി താമസിക്കുന്ന ജൂതന്മാര്‍ക്കിടയില്‍ അതിവേഗം പടരുകയാണ്. സിഡ്നി ബോണ്ടി ബീച്ചിലെ ജൂത കൂട്ടക്കൊലയെത്തുടര്‍ന്ന് ലണ്ടനിലെ ജൂതസമൂഹത്തില്‍ കടുത്ത അരക്ഷിതാവസ്ഥയുണ്ടെന്നതാണ് വസ്തുത.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ജൂത കേന്ദ്രങ്ങളിലൊന്നായ നോര്‍ത്ത് ലണ്ടനിലെ സ്റ്റാംഫോര്‍ഡ് ഹില്ലിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ഇപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ കെട്ടിപ്പടുത്ത ജീവിതവും ബിസിനസ്സും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പോകുക എന്നത് എളുപ്പമല്ലെങ്കിലും, ജീവന് സുരക്ഷയില്ലാത്ത ഒരിടത്ത് തുടരുന്നത് ആത്മഹത്യാപരമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ മതപരമായ വസ്ത്രധാരണ രീതികളും ആചാരങ്ങളും തെരുവുകളില്‍ അവഹേളിക്കപ്പെടുമോ എന്ന പേടിയില്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ പോലും മാതാപിതാക്കള്‍ ഭയപ്പെടുകയാണ്.

ഇസ്രായേലിലേക്ക് കുടിയേറുന്നതിനായുള്ള അപേക്ഷകളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ലിബറല്‍ മൂല്യങ്ങള്‍ തങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസം തകര്‍ന്നതാണ് ഈ കൂട്ടപ്പലായനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇസ്രായേലിലെ യുദ്ധസാഹചര്യത്തേക്കാള്‍ ഭയാനകമാണ് തങ്ങള്‍ക്ക് പരിചയമില്ലാത്ത ശത്രുക്കള്‍ക്കിടയില്‍ അജ്ഞാതമായി ജീവിക്കേണ്ടി വരുന്നത് എന്നാണ് പല ജൂത കുടുംബങ്ങളും അഭിപ്രായപ്പെടുന്നത്. ലണ്ടനിലെ കുടിയേറ്റ ഏജന്‍സികളില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് ഇതിന്റെ സൂചനയാണ്.

സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യം യുകെയില്‍ ശക്തമായിട്ടുണ്ട്. ബോണ്ടി ബീച്ചിലെ പോലുള്ള ആക്രമണങ്ങള്‍ ഏത് നിമിഷവും എവിടെയും സംഭവിക്കാമെന്ന ഭീതി ഇത്തരം നിയമങ്ങള്‍ കൊണ്ട് മാത്രം ഇല്ലാതാകില്ലെന്ന് ജൂത നേതാക്കള്‍ വ്യക്തമാക്കുന്നു. ലണ്ടനിലെ സിനഗോഗുകള്‍ക്ക് മുന്നില്‍ സായുധരായ പോലീസുകാരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും ആശങ്ക കുറയ്ക്കുന്നില്ല.

ഭാവിയില്‍ യുകെ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ജൂത സാന്നിധ്യം ഗണ്യമായി കുറയാന്‍ ഈ സാഹചര്യം കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു. സാംസ്‌കാരിക വൈവിധ്യത്തിന് പേരുകേട്ട ലണ്ടന്‍ നഗരത്തില്‍ നിന്ന് ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ ഭയം മൂലം നാടുവിടുന്നത് യുകെയിലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തന്നെ വെല്ലുവിളിയാണ്.