- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിസ ഉറപ്പ്' എന്ന് പറയുന്നവരെ വിശ്വസിക്കരുത്; ഇന്ത്യന്‍ അപേക്ഷകര്‍ക്ക് കനത്ത മുന്നറിയിപ്പുമായി അമേരിക്ക; എച്ച്-1 ബി വിസ വാഗ്ദാനം ചെയ്ത് വലവിരിച്ച് തട്ടിപ്പ് സംഘങ്ങള്‍; 'ഗ്യാരണ്ടി' പറയുന്ന ഏജന്റുമാര്‍ ചതിയന്മാരാകാമെന്ന് യുഎസ് എംബസി; ഇനി പരിശോധന കര്‍ശനം
ന്യൂഡല്‍ഹി: എച്ച്-1 ബി വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി അമേരിക്കന്‍ എംബസി. വിസ ഉറപ്പായും ലഭിക്കുമെന്നോ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്നോ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെയും വ്യാജ സന്ദേശങ്ങളെയും വിശ്വസിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന വിദ്യാഭ്യാസവും സാങ്കേതിക മികവുമുള്ള വിദേശികളെ തങ്ങളുടെ രാജ്യത്തെ കമ്പനികളില്‍ ജോലി ചെയ്യാന്‍ എത്തിക്കുന്നതിനായി അമേരിക്ക ഒരുക്കിയിട്ടുള്ള ഒരു സംവിധാനമാണ് എച്ച്-1 ബി വിസ.
വിസ അഭിമുഖങ്ങള്‍ക്കും പ്രോസസിംഗിനും നിലവില്‍ വലിയ കാലതാമസം നേരിടുന്നുണ്ട്. ഇത് മുതലെടുത്താണ് പല വ്യാജ ഏജന്റുമാരും അപേക്ഷകരെ സമീപിക്കുന്നത്. വാട്‌സാപ്പ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി 'ഗ്യാരണ്ടി വിസ' വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇക്കൂട്ടര്‍ തട്ടിയെടുക്കുന്നത്. വിസ അനുവദിക്കുന്നത് പൂര്‍ണ്ണമായും ഔദ്യോഗിക നടപടിക്രമങ്ങള്‍ വഴിയാണ്. ഒരു ഏജന്റിനും ഇതില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും വിവരങ്ങള്‍ക്കും അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക-ഇതാണ് നിര്‍ദ്ദേശം.
അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കര്‍ശനമായി പരിശോധിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇതാണ് വിസ പ്രോസസിംഗിലെ കാലതാമസത്തിന് പ്രധാന കാരണം. പണം നല്‍കരുത്: വിസ ഫീസ് ഔദ്യോഗിക ചാനലുകള്‍ വഴി മാത്രമേ അടക്കാവൂ. മൂന്നാം കക്ഷികള്‍ക്ക് പണം നല്‍കുന്നത് വഴി വിസ ലഭിക്കില്ലെന്ന് മാത്രമല്ല, നിങ്ങളുടെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അമേരിക്കയിലെ പുതിയ ഭരണകൂടം വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പല അഭിമുഖങ്ങളും അടുത്ത വര്‍ഷം പകുതിയോടെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അപേക്ഷകര്‍ കൂടുതല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും കുറുക്കുവഴികള്‍ തേടരുതെന്നും എംബസി നിര്‍ദ്ദേശിച്ചു.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ വിദേശികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു 'നോണ്‍-ഇമിഗ്രന്റ്' വിസയാണ് എച്ച്-1 ബി വിസ. ഒരു നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യാനുള്ള അനുമതിയാണിത്. കുറഞ്ഞത് ഒരു ബാച്ചിലര്‍ ബിരുദമോ അതിന് തുല്യമായ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. ഐടി , എഞ്ചിനീയറിംഗ്, ശാസ്ത്രം, കണക്ക്, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കാണ് ഇത് പ്രധാനമായും ലഭിക്കുന്നത്. അപേക്ഷകന് ഒരു അമേരിക്കന്‍ കമ്പനിയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിരിക്കണം. അപേക്ഷകന്‍ നേരിട്ടല്ല, മറിച്ച് ആ കമ്പനിയാണ് വിസയ്ക്കായി അപേക്ഷ നല്‍കുന്നത്.
സാധാരണഗതിയില്‍ മൂന്ന് വര്‍ഷത്തേക്കാണ് ഈ വിസ അനുവദിക്കുന്നത്. ഇത് പിന്നീട് പരമാവധി ആറ് വര്‍ഷം വരെ നീട്ടിയെടുക്കാം. ആറ് വര്‍ഷത്തിന് ശേഷവും അവിടെ തുടരണമെങ്കില്‍ ഗ്രീന്‍ കാര്‍ഡിനായി (സ്ഥിരതാമസം) അപേക്ഷിക്കാവുന്നതാണ്. എച്ച്-1 ബി വിസയ്ക്ക് ഓരോ വര്‍ഷവും ഒരു നിശ്ചിത പരിധി അമേരിക്ക നിശ്ചയിച്ചിട്ടുണ്ട് (സാധാരണ 65,000 സാധാരണ വിസകളും 20,000 മാസ്റ്റേഴ്‌സ് ബിരുദധാരികള്‍ക്കുള്ള വിസകളും). അപേക്ഷകരുടെ എണ്ണം ഈ പരിധിയില്‍ കൂടുതല്‍ ആണെങ്കില്‍, കമ്പ്യൂട്ടറൈസ്ഡ് ലോട്ടറി വഴിയാണ് ആര്‍ക്കൊക്കെ വിസ നല്‍കണമെന്ന് തീരുമാനിക്കുന്നത്.
അമേരിക്ക നല്‍കുന്ന എച്ച്-1 ബി വിസയുടെ സിംഹഭാഗവും (ഏകദേശം 70% മുകളില്‍) നേടുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ്. അതുകൊണ്ട് തന്നെ അമേരിക്കയുടെ വിസ നയങ്ങളില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യന്‍ ടെക് മേഖലയെ വലിയ രീതിയില്‍ ബാധിക്കാറുണ്ട്.




