- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ; സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; യു എസ് നടപടിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വെനസ്വേലയിലെ സംഭവവികാസങ്ങളില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കി, സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണം നടത്തി, തലസ്ഥാനമായ കരാക്കസില്‍നിന്ന് യുഎസ് സ്പെഷ്യല്‍ ഫോഴ്സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ളോര്‍സിനേയും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
'വെനസ്വേലന്‍ ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പുനല്‍കുന്നു. സമാധാനവും മേഖലയുടെ സ്ഥിരതയും ഉറപ്പാക്കി, എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു', വിദേശകാര്യമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കരാക്കസിലുള്ള ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹയങ്ങളും നല്‍കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്‌സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ് എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മാസങ്ങള്‍നീണ്ട ഭീഷണികള്‍ക്കും സമ്മര്‍ദതന്ത്രങ്ങള്‍ക്കും ശേഷമാണ് യുഎസ് സൈന്യം, ഇടതുപക്ഷനേതാവായ വെനസ്വേലന്‍ പ്രസിഡന്റ് മഡുറോയെ രാജ്യത്ത് അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോയത്. വെനസ്വേലയില്‍ വലിയതോതില്‍ ആക്രമണം നടത്തിയാണ് മഡുറോയേയും ഭാര്യയേയും പിടികൂടി നാടുകടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു. വെനസ്വേലയില്‍നിന്നുള്ള ലഹരിസംഘങ്ങള്‍ യുഎസിലേക്ക് മയക്കുമരുന്ന് കയറ്റിയയക്കുന്നതിന് മഡുറോ ഒത്താശചെയ്തെന്നാരോപിച്ചാണ് നടപടി.
ഇതോടെ 12 വര്‍ഷത്തെ മഡുറോ ഭരണത്തിനാണ് തിരശ്ശീല വീണത്. 2013-ല്‍ ഹ്യൂഗോ ഷാവേസിന്റെ മരണത്തെത്തുടര്‍ന്ന് അധികാരത്തിലേറിയ മഡുറോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസ് അഞ്ചുകോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തിലെ ഡെല്‍റ്റ ഫോഴ്സിന്റെ പ്രത്യേക വിഭാഗമാണ് മഡുറോയെ തടവിലാക്കിയതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടിക്ക് ട്രംപ് ദിവസങ്ങള്‍ക്ക് മുന്‍പ് അുമതി നല്‍കിയിരുന്നെന്നാണ് വിവരം.
അമേരിക്ക പിടികൂടിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബ്രൂക്ലിനിലെ തടവറയിലെത്തിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രധാന വ്യക്തികളെ പാര്‍പ്പിക്കുന്ന തടവറയാണിത്. കൈവിലങ്ങ് വച്ച മഡുറോയുമായി ഉദ്യോഗസ്ഥര്‍ പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് മഡുറയേയും ഭാര്യയേയും തടവില്‍ പാര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കാന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനോട് വെനസ്വേല സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.




