ന്യുയോര്‍ക്ക്: വെനസ്വേലയുടെ പുതിയ ഇടക്കാല നേതാവ് ഡെല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുന്‍ ഭരണാധികാരി നികോളാസ് മഡുറോയേക്കാള്‍ മോശമായ അവസ്ഥയായിരിക്കും റോഡ്രിഗസിനെ കാത്തിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. റോഡ്രിഗസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് 'ദി അറ്റ്ലാന്റിക്' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മഡുറോ നിലവില്‍ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെ ഫെഡറല്‍ ജയിലിലാണുള്ളത്.

വെനസ്വേലയിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ഡാനിഷ് ഭരണപ്രദേശമായ ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചും ട്രംപ് ചില സൂചനകള്‍ നല്‍കി. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്നും റഷ്യന്‍, ചൈനീസ് കപ്പലുകള്‍ ആ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീന്‍ലാന്‍ഡ് ഉടന്‍ അമേരിക്കയുടെ ഭാഗമാകുമെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ട്രംപിന്റെ അനുയായികള്‍ പങ്കുവെച്ചതോടെ വലിയ വിവാദങ്ങള്‍ക്കും ഇത് വഴിതെളിച്ചു. എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ വില്‍ക്കാന്‍ തയ്യാറല്ലെന്നും ട്രംപിന്റെ ഭീഷണികള്‍ അവസാനിപ്പിക്കണമെന്നും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ പ്രതികരിച്ചു.

അതേസമയം, വെനസ്വേലയില്‍ നിന്നുള്ള എണ്ണ നിക്ഷേപം ഉപയോഗിച്ച് ആ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. മഡുറോയുടെ അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കയിലെ മാരലാഗോയില്‍ നടന്ന വിരുന്നില്‍ നിരവധി വെനസ്വേലന്‍ വംശജര്‍ പങ്കെടുക്കുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. ഈ ചടങ്ങില്‍ പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കും പങ്കെടുത്തത് ശ്രദ്ധേയമായി. എണ്ണ നിക്ഷേപത്തിന് വേണ്ടിയാണ് ട്രംപ് വെനസ്വേലയില്‍ ഇടപെടുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ടെങ്കിലും, വെന്വസുലന്‍ പ്രവാസികള്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്.

ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപും ഡെന്മാര്‍ക്കിന്റെ ഒരു സ്വയംഭരണ പ്രദേശവുമാണ്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം ആര്‍ട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 80 ശതമാനത്തോളം ഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനവാസമില്ല. ഏകദേശം 56,000 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്, അതില്‍ ഭൂരിഭാഗവും ഇന്യൂട്ട് വിഭാഗത്തില്‍പ്പെട്ടവരാണ്. മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗ്ഗം.

തന്ത്രപരമായ സൈനിക പ്രാധാന്യവും ഇവിടുത്തെ ഖനന സാധ്യതകളുമാണ് ഗ്രീന്‍ലാന്‍ഡിനെ ലോകശ്രദ്ധയില്‍ നിലനിര്‍ത്തുന്നത്. സ്വര്‍ണ്ണം, വജ്രം, യുറേനിയം എന്നിവയ്ക്കൊപ്പം അപൂര്‍വ്വമായ പല ധാതുക്കളുടെയും വലിയ ശേഖരം ഈ മഞ്ഞുപാളികള്‍ക്ക് താഴെയുണ്ടെന്ന് കരുതപ്പെടുന്നു. ഇതുകൂടാതെ, ആര്‍ട്ടിക് മേഖലയിലെ അമേരിക്കയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥലം വളരെ പ്രധാനമാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴായി അമേരിക്കന്‍ ഭരണകൂടം ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് ഭരണകൂടവും ഈ നിര്‍ദ്ദേശങ്ങളെ എന്നും ശക്തമായി എതിര്‍ക്കുകയാണ് എന്നും.

ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണെങ്കിലും സാംസ്‌കാരികമായും രാഷ്ട്രീയമായും യൂറോപ്പുമായാണ് (പ്രത്യേകിച്ച് നോര്‍വേ, ഡെന്മാര്‍ക്ക്) ഈ പ്രദേശം കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത്. ഡെന്മാര്‍ക്കിന്റെ ഭാഗമാണെങ്കിലും സ്വന്തമായി പാര്‍ലമെന്റും ഭരണസംവിധാനവുമുണ്ട്. വിദേശനയം, പ്രതിരോധം എന്നിവ മാത്രമാണ് ഡെന്മാര്‍ക്ക് കൈകാര്യം ചെയ്യുന്നത്. സമീപകാലത്ത് അമേരിക്ക ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അപൂര്‍വ്വമായ ധാതുക്കള്‍ , എണ്ണ, പ്രകൃതിവാതകം എന്നിവയുടെ വലിയ ശേഖരം ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു.