ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പുകയുകയാണ്. ഏതു നിമിഷവും അമേരിക്കയുടെ മിസൈലുകള്‍ ടെഹ്റാനില്‍ പതിച്ചേക്കാം എന്ന അഭ്യൂഹങ്ങള്‍ക്കിടെ ലോകം ശ്വാസമടക്കി പിടിച്ചിരിക്കുന്നു. ഇറാനിലെ ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഖമേനി ഭരണകൂടത്തിന് ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ്സ് ഓഫ് സായണ്‍' അതീവ രഹസ്യമായി രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കെ, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തികളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയതോടെ മേഖലയില്‍ യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഒരു വമ്പന്‍ നീക്കം ഉണ്ടാകുമെന്നതിന്റെ സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് ഉള്‍പ്പെടെയുള്ള പ്രമുഖ സൈനിക താവളങ്ങളില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് അടിയന്തരമായി മാറാന്‍ നിര്‍ദ്ദേശം ലഭിച്ചു.

തങ്ങളെ ആക്രമിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്ന അയല്‍രാജ്യങ്ങളെയും വെറുതെ വിടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് തുടര്‍ന്നാല്‍ സൈനിക നടപടി ഉറപ്പാണെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. എപ്പോള്‍, എങ്ങനെ ആക്രമിക്കണം എന്നത് മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നാണ് ഇസ്രായേല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇറാനിലെ ആഭ്യന്തര സാഹചര്യം അതീവ ഗുരുതരമാണ്. 1979-ലെ വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്. സുരക്ഷാ സേനയുടെ വെടിയേറ്റും അടിച്ചമര്‍ത്തലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പതിനെണ്ണായിരത്തിലധികം പേര്‍ ജയിലിലാണ്. യുവാക്കളെ ടിവിയില്‍ കൊണ്ടുവന്നു നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുന്ന ക്രൂരതയും ഇറാന്‍ തുടരുന്നു.

സ്ഥിതി വഷളായതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഇറ്റലി, സ്‌പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. അമേരിക്കന്‍ നീക്കത്തെ ശക്തമായി എതിര്‍ത്ത് റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ പാടില്ലെന്നാണ് ഇവരുടെ നിലപാട്.

എന്നാല്‍, സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ഇറാന്‍ ഭരണകൂടത്തെ നിലയ്ക്കു നിര്‍ത്താതെ പിന്നോട്ടില്ലെന്ന വാശിയിലാണ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂര്‍ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തല്‍.