ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്ക സൈനിക ഇടപെടല്‍ നടത്തിയാല്‍ പരമോന്നത നേതാവായ ഖമേനിയെ എങ്ങനെയായിരിക്കും അവര്‍ കൈകാര്യം ചെയ്യുക എന്ന കാര്യമാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ട്രംപ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നത് നിരപരാധികളായ പ്രക്ഷോഭകരെ വധിച്ചാല്‍ അമേരിക്ക ശക്തമായി ഇടപെടും എന്നാണ്. എന്നാല്‍ ഇറാനില്‍ നടത്തിയ കൂട്ടക്കൊലകളുടെ പേരില്‍ ഖമേനിയെ എങ്ങനെയാണ് അമേരിക്കക്ക് ശിക്ഷിക്കാന്‍ കഴിയുക എന്ന ചോദ്യവും ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത സാഹചര്യത്തില്‍ ഇറാനില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് ശക്തമായ സൂചന നല്‍കിയിരുന്നു.

ഡിസംബര്‍ അവസാനം പ്രതിഷേധം ആരംഭിച്ചതിനുശേഷം പതിനായിരക്കണക്കിന് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും 2,600 പേര്‍ വരെ കൊല്ലപ്പെടുകയും ചെയ്തതിന് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ 'കൊലയാളികളും ദുരുപയോഗക്കാരും' 'വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്ക ഇറാനെ ആക്രമിച്ചിരുന്നു. 12 ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ പലതും അമേരിക്ക തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് ഇറാനിലെ പ്രക്ഷോഭകരോട് അമേരിക്ക ഉടന്‍ തന്നെ ഇടപെടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ അത് എങ്ങനെയാണെന്നോ എപ്പോള്‍ ആണെന്നോ ട്രംപ് വ്യക്തമാക്കിയിരുന്നില്ല. യു.എസ് ആക്രമണമുണ്ടായാല്‍ പല രാജ്യങ്ങളിലേയും യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, യു.എ.ഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോടാണ് ഇറാന്‍ താക്കീത് നല്‍കിയിരിക്കുന്നത്. ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് അമേരിക്കയെ തടയണമെന്ന് ഇറാന്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.

അമേരിക്ക മുന്നോട്ടുവച്ച ഏറ്റവും ശക്തമായ നടപടികളില്‍ ഒന്നാണ് ഖമേനിയെ വധിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുക എന്നത്. ഹിസ്ബുള്ള, ഹമാസ്, സിറിയയിലെ അല്‍-അസാദ് ഭരണകൂടം, ഹൂത്തികള്‍ തുടങ്ങിയ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഖമേനി ഒരു ശാപമായിട്ടാണ് അമേരിക്കന്‍ ഭരണകൂടം വിശേഷിപ്പിക്കുന്നത്. ഇറാന്റെ ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ ഖമേനി ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. പ്രധാനമായും ഇതിന്റെ പേരിലാണ് അമേരിക്ക ഇറാന് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് വന്‍തോതില്‍ തീരുവ ഏര്‍പ്പെടുത്തുന്നതായി തിങ്കളാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവ പദ്ധതി നിലനിര്‍ത്തണമെന്ന ഖമേനിയുടെ നിര്‍ബന്ധം പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ ഉള്‍പ്പെടെയുള്ള ഇറാനിലെ മറ്റ് നേതാക്കള്‍ക്കും വിയോജിപ്പാണ് ഉള്ളത്. വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍, ഇസ്രായേലി പ്രതിരോധ വിശകലന വിദഗ്ധനായ ഡാനി സിട്രിനോവിച്ച്സ് അഭിപ്രായപ്പെടുന്നത് ഖമേനിയെ പുറത്താക്കുന്നത് അവിശ്വസനീയമാംവിധം അപകടകരമാണെന്നും ഇക്കാര്യം ഗള്‍ഫ് മേഖലയില്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമാകുമെന്നുമാണ്.

മഡുറോയെ പോലെയല്ല ഖമേനി എന്നും അദ്ദേഹം ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല, ഒരു മതനേതാവുമാണ് എന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ ഉടനീളം പ്രതീകാത്മക ആക്രമണങ്ങള്‍ നടത്തുന്ന കാര്യവും അമേരിക്കയുടെ പരിഗണനയിലാണ്.