വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമെന്നും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്നും അമേരിക്ക. പാകിസ്ഥാനിലേക്കുള്ള യാത്രകള്‍ പുനഃപരിശോധിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഭീകരാക്രമണം, തട്ടിക്കൊണ്ടുപോകല്‍, ആഭ്യന്തര കലഹം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനെ 'ലെവല്‍ 3' വിഭാഗത്തിലാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് തീവ്രവാദി ആക്രമണങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയെ സൂചിപ്പിക്കുന്നു. അതായത്, അവിടേക്ക് യാത്ര ചെയ്യുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ചുരുക്കം.

സുരക്ഷാപരമായ ആശങ്കകള്‍, കുറ്റകൃത്യങ്ങള്‍, ആഭ്യന്തര കലാപം, തീവ്രവാദം, തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത എന്നി കാരണങ്ങളാണ് മുന്നറിയിപ്പില്‍ പറയുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ഗതാഗത കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വിപണികള്‍, ഷോപ്പിംഗ് മാളുകള്‍, സൈനിക, സുരക്ഷാ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, ട്രെയിനുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ അപകടസാധ്യതയുള്ള മേഖലാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര്‍ക്കും ഈ നിയമം ഒരുപോലെ ബാധകമാണ്.

ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളെ ലെവല്‍ 4 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാതൊരു കാരണവശാലും ഈ പ്രദേശങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു.കൊലപാതകങ്ങളും, തട്ടിക്കൊണ്ടുപോകലുമെല്ലാം ഇവിടെ സാധാരണമാണെന്നും മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ അമേരിക്കന്‍ പൗരന്മാര്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ജനത്തിരക്കേറിയ സ്ഥലങ്ങള്‍, വിപണികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകാം. യാതൊരു മുന്നറിയിപ്പുമില്ലാതെ ഭീകരര്‍ ആഞ്ഞടിച്ചേക്കാം എന്നാണ് യുഎസ് നല്‍കുന്ന സൂചന. ഗതാഗത സംവിധാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളാണ്. പാകിസ്ഥാന്‍ സര്‍ക്കാരിനെയോ സൈന്യത്തെയോ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാല്‍ അഴിയെണ്ണേണ്ടി വരുമെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്താല്‍ തടവിലാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും യുഎസ് അറിയിക്കുന്നു. ചുരുക്കത്തില്‍, ക്രമസമാധാനം തകര്‍ന്ന പാകിസ്ഥാനില്‍ വിദേശികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് അമേരിക്ക നല്‍കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ പോലും സഹായമെത്തിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന് സാധിക്കാത്ത മേഖലകളാണ് ലെവല്‍ 4-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ നിയമവാഴ്ച മെച്ചപ്പെടാതിരിക്കുകയും തീവ്രവാദം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ജനുവരി 24-ന് വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ദേര ഇസ്മായീല്‍ ഖാന്‍ ജില്ലയിലെ വിവാഹവീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ പാക്കിസ്ഥാനില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചാവേര്‍ ആക്രമണമാണ് നടന്നത്. അതിഥി എന്ന വ്യാജേനയാണ് ഭീകരന്‍ വിവാഹചടങ്ങ് നടക്കുന്ന വീട്ടില്‍ കയറിപ്പറ്റിയത്. നൃത്ത-സംഗീത പരിപാടി നടക്കുമ്പോള്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സമീപകാലത്ത് പാകിസ്താനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകര സംഘടനയാണിത്.