ടെൽഅവീവ്: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും അതീവ ജാഗ്രത തുടരുന്നു. ഇറാനിയൻ മിസൈലുകൾ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങൾ ഒരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി. ശത്രുക്കൾക്ക് വിവരങ്ങൾ ചോരാതിരിക്കാനാണ് ഈ നീക്കം. ഇതിനിടെ, ദുബായിൽ വീണ്ടും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാൻ വീണ്ടും ആക്രമണം ആരംഭിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് ഇസ്രായേലിൽ സുരക്ഷാ നടപടികൾ കർശനമാക്കി. താമസക്കാർ സുരക്ഷിത ബങ്കറുകളിൽ തന്നെ തുടരണമെന്നും ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചാൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും സൈന്യം അറിയിച്ചു. നേരത്തെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

യുഎസ്-ഇസ്രായേൽ സഖ്യത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് നേരെ ഇറാൻ തങ്ങളുടെ പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ദുബായിലെ ബുർജ് അൽ അറബിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഗൾഫ് മേഖലയിലാകെ മിസൈൽ വിരുദ്ധ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് മേൽ ആക്രമണം തുടങ്ങിയതോടെ ലോകരാജ്യങ്ങൾ രണ്ട് തട്ടിലായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ആഗോള സമൂഹം.

യുഎസ്-ഇസ്രായേൽ സഖ്യം: ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മിസൈൽ ആക്രമണങ്ങളെ നേരിട്ട ഗൾഫ് രാജ്യങ്ങളും ഇറാനെതിരെ നിലപാടെടുത്തിരിക്കുകയാണ്. സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പിന്തുണയുമായി പാകിസ്ഥാനും രംഗത്തെത്തി.

ഇറാന്റെ പ്രതിരോധത്തിന് കരുത്ത് പകർന്ന് റഷ്യയും ചൈനയും പരസ്യമായി രംഗത്തെത്തി. ഇതിനുപുറമെ സിറിയ, ഇറാഖ്, യെമൻ, ലെബനോൺ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളും ഇറാന് തങ്ങളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വൻശക്തികൾ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.

യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് വ്യോമഗതാഗതത്തെയാണ്. യുഎഇയും ഇസ്രായേലും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ വിമാന സർവീസുകൾ പൂർണ്ണമായും താറുമാറായി.

അതേസമയം, ഇന്ന് മാത്രം 444 രാജ്യാന്തര സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ റദ്ദാക്കിയത്.കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ: കേരളത്തിലെ വിമാനത്താവളങ്ങളെയും ഇത് കാര്യമായി ബാധിച്ചു. തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 21 സർവീസുകളും കൊച്ചിയിൽ നിന്ന് 16 സർവീസുകളും മുടങ്ങി.

പ്രതിസന്ധിയിൽ യാത്രക്കാർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാനിരുന്ന പ്രവാസികളും വിദേശത്തേക്ക് പോകാനിരുന്നവരും വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണവില കുത്തനെ ഉയരാനും ആഗോള വിതരണ ശൃംഖലകൾ തകരാനും സാധ്യതയുണ്ട്. ഇറാനിലെ ജനവാസ മേഖലകളിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ വൻതോതിൽ ആൾനാശം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾ ഇപ്പോൾ വിദൂരമായി തുടരുകയാണ്. ലോകം ഒരു മഹാദുരന്തത്തിന്റെ വക്കിലാണെന്ന സൂചനകളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്ന വാർത്തകൾ നൽകുന്നത്.

അതുപോലെ, നാല് പതിറ്റാണ്ടുകാലം ഇറാനെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം ലോകത്തെ ഞെട്ടിക്കുമ്പോള്‍, ഇറാനിലും പുറത്തും പ്രകടമാകുന്നത് സമ്മിശ്ര വികാരങ്ങള്‍. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഒരു വിഭാഗം ജനങ്ങള്‍ തെരുവില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍, ഭരണകൂട അനുകൂലികള്‍ കടുത്ത ദുഖത്തിലും ആശങ്കയിലുമാണ്. ദശാബ്ദങ്ങളായുള്ള പുരോഹിത ഭരണത്തിന് അന്ത്യമായെന്ന വിശ്വാസത്തില്‍ ഇറാനിലെ പല നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങി. ടെഹ്റാനിലും കരാജ് പട്ടണത്തിലും സ്ത്രീകള്‍ ഹിജാബ് വലിച്ചെറിഞ്ഞ് നൃത്തം ചെയ്യുന്നതും ആര്‍പ്പുവിളിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. 1979-ലെ വിപ്ലവത്തിന് മുന്‍പുണ്ടായിരുന്ന ഷാ ഭരണകൂടത്തെ അനുകൂലിച്ചും 'ഫാസിസത്തിന് മരണം' എന്ന് മുദ്രാവാക്യം വിളിച്ചും ആയിരങ്ങളാണ് ഒത്തുകൂടിയത്.

'ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു, പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു,' ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകള്‍ ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം വ്യക്തമാക്കുന്നു. സിറിയയിലും ന്യൂയോര്‍ക്കിലും ലണ്ടനിലും പ്രവാസികളായ ഇറാനികളും ജൂതന്മാരും ഒന്നിച്ച് മധുരപലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഖമേനിയുടെ മരണം ആഘോഷിച്ചു. 'സന്തോഷവാര്‍ത്ത കേള്‍ക്കുന്ന എന്റെ ആദ്യ പ്രഭാതമാണിത്,' എന്നാണ് ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മാസിഹ് അലിനെജാദ് കുറിച്ചത്.

അതേസമയം, ഷിയാ ഭരണകൂടത്തെയും ഖമേനിയെയും പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കടുത്ത ആഘാതത്തിലാണ്. തങ്ങളുടെ ആത്മീയ നേതാവിന്റെ വിയോഗത്തില്‍ രാജ്യം ഔദ്യോഗികമായി 40 ദിവസത്തെ ദുഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇനി ആരുണ്ടാകുമെന്ന ഭയമാണ് ഇവരെ വേട്ടയാടുന്നത്. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ കൊലപാതകമെന്ന് ഭരണകൂട അനുകൂലികള്‍ വാദിക്കുന്നു. 'ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ വ്യക്തി മരിച്ചു' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തിയ കൃത്യമായ പ്ലാനിംഗിന് മുന്നില്‍ ഖമേനിയുടെ സുരക്ഷാ കവചങ്ങള്‍ തകര്‍ന്നുവീണു.

റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ നീക്കത്തെ അപലപിക്കുമ്പോള്‍, 'രക്തദാഹിയായ സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു' എന്നാണ് ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമി റിസ പഹ്ലവി പ്രതികരിച്ചത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പണപ്പെരുപ്പത്തിനും ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ മാസങ്ങളായി ഇറാനില്‍ ജനകീയ പ്രതിഷേധം നിലനിന്നിരുന്നു. ഈ കലുഷിതമായ അന്തരീക്ഷത്തിലാണ് ഖമേനിയുടെ അന്ത്യം സംഭവിക്കുന്നത്. ഇത് ഇറാനെ ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റുമോ അതോ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.