ദുബായ്: പശ്ചിമേഷ്യന്‍ മണ്ണില്‍ യുദ്ധകാഹളം മുഴങ്ങുമ്പോള്‍ ചങ്കിടിപ്പോടെ പ്രവാസലോകം. ഇറാനെ തകര്‍ക്കാന്‍ സ്വന്തം സൈന്യത്തെ ഇറക്കാതെ കുര്‍ദിഷ് സായുധ സംഘങ്ങളെ ഇറക്കി ട്രംപ് നടത്തുന്ന 'ഷെഡ്യൂള്‍ഡ്' നീക്കം ഗള്‍ഫ് രാജ്യങ്ങളെയാകെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഐസിസിനെ വിറപ്പിച്ച കുര്‍ദ് പോരാളികളെ ഇറാനെതിരായ കരയുദ്ധത്തിന് മുന്നില്‍ നിര്‍ത്താനാണ് ട്രംപിന്റെ പുതിയ തന്ത്രം. ഇതിന്റെ ഭാഗമായി ട്രംപ് കുര്‍ദിഷ് ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തിയെന്ന റിപ്പോര്‍ട്ടുകളോടെ പശ്ചിമേഷ്യയിലെ മലയാളി പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.

സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മലയാളികള്‍ എന്ത് സംഭവിക്കുമെന്നറിയാതെ ഭയപ്പാടിലാണ്. യുദ്ധം മുറുകിയാല്‍ ഇറാന്‍ തിരിച്ചടിക്കുക അയല്‍രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ക്ക് നേരെയാകുമോ എന്ന പേടിയാണ് പ്രവാസികള്‍ പങ്കുവെക്കുന്നത്. കുര്‍ദുകള്‍ കൂടി യുദ്ധരംഗത്തേക്ക് എത്തുന്നതോടെ പോരാട്ടം ഇറാന്‍ അതിര്‍ത്തി കടന്ന് പശ്ചിമേഷ്യയെയാകെ വിഴുങ്ങുന്ന രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സൗദിയേയും യുഎഇയേയും ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം തുടരുകയാണ്.

കുര്‍ദുകളെ മുന്‍നിര്‍ത്തിയുള്ള അമേരിക്കന്‍ നീക്കം മണത്തറിഞ്ഞ ഇറാന്‍ ഒട്ടും വൈകാതെ തന്നെ തിരിച്ചടി തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ സൈന്യം മിസൈലുകള്‍ വര്‍ഷിച്ചു. മൂന്ന് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിച്ച ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ബിബിസി സ്ഥിരീകരിച്ചു. എന്നാല്‍, ഈ ഭീഷണികള്‍ക്കിടയിലും കുര്‍ദിഷ് ഫ്രീഡം പാര്‍ട്ടിയുടെ പോരാളികള്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു. അടുത്ത പത്തുദിവസത്തിനുള്ളില്‍ ഇറാനിലേക്ക് കടക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് 'കൊമല' എന്ന കുര്‍ദിഷ് സംഘവും പ്രഖ്യാപിച്ചു.

അമേരിക്കയുടെ കൃത്യമായ വ്യോമസംരക്ഷണമില്ലാതെ ഇറാനിലേക്ക് കടക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടിലാണ് കുര്‍ദിഷ് സംഘടനകള്‍. 'ഇറാന്‍ ഭരണകൂടം അതിക്രൂരമാണ്, ഞങ്ങളുടെ പക്കലുള്ളത് വെറും കലാഷ്‌നിക്കോവുകള്‍ മാത്രമാണ്. ആകാശത്തുനിന്നുള്ള സംരക്ഷണം അമേരിക്ക ഉറപ്പുനല്‍കണം. ഇറാന്റെ ആയുധപ്പുരകള്‍ അമേരിക്കന്‍ വ്യോമസേന ആദ്യം തകര്‍ക്കണം,' കുര്‍ദിഷ് നേതാവ് ഹന്ന ഹുസൈന്‍ യസ്ദാന്‍ പാന വ്യക്തമാക്കി. കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നുണ്ടെങ്കിലും വൈറ്റ് ഹൗസ് ഇത് ഔദ്യോഗികമായി നിഷേധിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധം എന്നവസാനിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകാത്ത അവസ്ഥയാണ്. ഷാ ഭരണകൂടത്തിന്റെയും നിലവിലെ ഇസ്ലാമിക ഭരണകൂടത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ നേരിട്ട കുര്‍ദുകള്‍ക്ക് ഇത് നിലനില്‍പ്പിനായുള്ള പോരാട്ടമാണെങ്കില്‍, അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇത് നെഞ്ചിടിപ്പിന്റെ നാളുകളാണ്. അമേരിക്കയുടെ ഓരോ നീക്കവും ഗള്‍ഫിലെ എണ്ണ വിപണിയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്നതിനാല്‍ വരും ദിവസങ്ങള്‍ അതീവ നിര്‍ണ്ണായകമാണ്.

പശ്ചിമേഷ്യന്‍ മണ്ണില്‍ യുദ്ധം പടരുമ്പോള്‍ അതിന്റെ കനല്‍ വീഴുന്നത് കേരളത്തിന്റെ അടുക്കളകളിലും പോക്കറ്റുകളിലും. ഇറാനെ പൂട്ടാന്‍ കുര്‍ദിഷ് കരുക്കളുമായി ട്രംപ് കളംനിറയുമ്പോള്‍, കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ കയറ്റുമതി മേഖലകള്‍ പൂര്‍ണ്ണമായും സ്തംഭിച്ചു. വിമാന സര്‍വീസുകള്‍ മുടങ്ങുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ കോടികളുടെ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്.

സൗദി, യുഎഇ, കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മലയാളികള്‍ യുദ്ധഭീതിയില്‍ കഴിയുമ്പോള്‍, നാട്ടിലെ കര്‍ഷകരും കയറ്റുമതിക്കാരും കണ്ണീരിലാണ്. റംസാന്‍ കാലത്തെ സജീവമായ ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ ടണ്‍ കണക്കിന് പച്ചക്കറികളും പഴങ്ങളും വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി പ്രതിദിനം ശരാശരി 150 ടണ്‍ പഴം-പച്ചക്കറി വിഭവങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയച്ചിരുന്നത്. ഇതില്‍ സിംഹഭാഗവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ് പോയിരുന്നത്. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഒരൊറ്റ ടണ്‍ പോലും കയറ്റി അയക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ ഗള്‍ഫിലേക്ക് അയക്കാന്‍ കരുതിവെച്ച സാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് നാട്ടിലെ ചന്തകളില്‍ വിറ്റഴിക്കേണ്ടി വരുന്നത് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കനത്ത പ്രഹരമായി.

നിലവില്‍ ഒമാനിലേക്ക് മാത്രമാണ് വിമാന സര്‍വീസുകള്‍ ഭാഗികമായെങ്കിലും ഉള്ളത്. എന്നാല്‍ ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍ സാധാരണ നിരക്കിന്റെ മൂന്നിരട്ടിയാണ് കാര്‍ഗോയ്ക്ക് ഈടാക്കുന്നത്. ഇത്രയും വലിയ തുക നല്‍കി ചരക്ക് നീക്കം നടത്തുന്നത് പ്രായോഗികമല്ലെന്ന് വ്യാപാരികള്‍ പറയുന്നു. കടല്‍മാര്‍ഗമുള്ള ചരക്ക് നീക്കവും ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം മൂലം പ്രതിസന്ധിയിലാണ്.