- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകയുന്ന പശ്ചിമേഷ്യ: ദുബായ് നഗരം യുദ്ധക്കളമാകുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം; ഗള്‍ഫ് മേഖല യുദ്ധമുനമ്പില്‍: ഇറാന്‍-അമേരിക്ക പോരാട്ടം കടുക്കുന്നു; കുവൈറ്റ് വിമാനത്താവളത്തിന് നേരെയും ആക്രമണം; യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി; ഗള്‍ഫ് വ്യോമ മേഖല പ്രതിസന്ധിയില്‍

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമഗതാഗതം വീണ്ടും സ്തംഭിക്കുന്നു. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കുവൈറ്റ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ പ്രധാന എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതോടെ യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ വിവിധ എയര്‍ലൈനുകള്‍ അടിയന്തരമായി റദ്ദാക്കി.
ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണമാണ് നിലവിലെ പ്രകോപനത്തിന് ആധാരം. ഇതിന് തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികളെയും തന്ത്രപ്രധാനമായ എണ്ണപ്പാടങ്ങളെയും ലക്ഷ്യമിടുന്നത്. എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് യുഎഇ കനത്ത സുരക്ഷാ വലയത്തിലാണ്. ഇതിന്റെ ഭാഗമായി ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കുവൈറ്റ് വിമാനത്താവളത്തിന് സമീപം ആക്രമണം ഉണ്ടായതോടെ വ്യോമപാത അടച്ചു. യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും വരും മണിക്കൂറുകളില്‍ തങ്ങളുടെ വ്യോമമേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. എണ്ണപ്പാടങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരാന്‍ കാരണമായേക്കും.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരും നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുന്നവരും അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണം. നിലവിലെ സാഹചര്യത്തില്‍ മിക്ക സര്‍വീസുകളും വഴിതിരിച്ചുവിടാനോ റദ്ദാക്കാനോ ആണ് സാധ്യത. ആഡംബരത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായിരുന്ന ദുബായ് നഗരം യുദ്ധഭീതിയില്‍ നിശ്ചലമാകുന്നു. ഇറാന്‍ തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും ദുബായിലെ ആകാശചുംബികളെയും പഞ്ചനക്ഷത്ര ഹോട്ടലുകളെയും ലക്ഷ്യമിടുന്നതോടെ നഗരത്തില്‍ നിന്ന് വന്‍തോതിലുള്ള പലായനം ആരംഭിച്ചു.
ലോകപ്രശസ്തമായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിന് നേരെയും ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ കെട്ടിടങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സദാസമയവും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്ന ജുമൈറ ബീച്ചും അത്‌ലാന്റിസ് റിസോര്‍ട്ടും ഇന്ന് വിജനമാണ്. ആയിരക്കണക്കിന് പ്രവാസികളും വിദേശ വിനോദസഞ്ചാരികളും നഗരം വിട്ടു കഴിഞ്ഞു. മുന്‍പ് ആഘോഷങ്ങള്‍ നടന്നിരുന്ന ബീച്ച് ബാറുകളും നീന്തല്‍ക്കുളങ്ങളും സന്ദര്‍ശകരില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
യുഎഇയിലേക്കുള്ള സര്‍വീസുകള്‍ പല എയര്‍ലൈനുകളും റദ്ദാക്കിയതോടെ ലഭ്യമായ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചു. വ്യോമമേഖലയിലെ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി മറ്റ് ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യക്ക് നേരെ വന്ന 28 ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തു. ഇതിനിടെ ടെഹ്റാനിലെ ഭൂഗര്‍ഭ ആയുധപ്പുരകള്‍ ലക്ഷ്യമിട്ട് ഇസ്രായേലും ശക്തമായ തിരിച്ചടി തുടങ്ങിക്കഴിഞ്ഞു.
യുഎഇയുടെ സാമ്പത്തിക നട്ടെല്ലായ എണ്ണപ്പാടങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണം ആഗോള എണ്ണ വിപണിയെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ ഗള്‍ഫ് മേഖലയിലെ സമാധാന അന്തരീക്ഷം പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ താമസിക്കുന്ന യുഎഇയില്‍ യുദ്ധം കടുക്കുന്നത് കേരളത്തിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വിമാനത്താവളങ്ങള്‍ അടക്കുന്നതും യാത്രാ തടസ്സങ്ങളും പ്രവാസികളുടെ മടക്കയാത്രയെയും സുരക്ഷയെയും ബാധിച്ചിരിക്കുകയാണ്.


