- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാക്കിസ്ഥാനും ഇസ്രായേലും തമ്മില്‍ എന്ത് വ്യത്യാസം?'; കാബൂളിലെ കൂട്ടക്കുരുതിയില്‍ പൊട്ടിത്തെറിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍! ആശുപത്രികളും സ്കൂളുകളും തകര്‍ത്തു; റമദാന്‍ മാസത്തില്‍ പാക്കിസ്ഥാന്‍ നടത്തിയത് കൊടും ക്രൂരതയെന്ന് റാഷിദ് ഖാനും സംഘവും

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പാക്കിസ്ഥാന്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ ഭാഷയില്‍ അപലപിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന നാളുകളില്‍ നടന്ന ഈ ആക്രമണം അഫ്ഗാന്‍ ജനതയെയും ആഗോളതലത്തിലുള്ള അഫ്ഗാന്‍ സമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ആരോപണമുണ്ട്. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് അഫ്ഗാന്‍ ക്രിക്കറ്റ് താരം നവീന്‍ ഉള്‍ ഹഖ് പ്രതികരിച്ചത്. പാകിസ്ഥാനെ ഇസ്രായേലിനോട് ഉപമിച്ചായിരുന്നു താരത്തിന്റെ വിമര്‍ശനം. 'ഇസ്രായേലും പാകിസ്ഥാന്‍ ഭരണകൂടവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്താന്‍ പ്രയാസമാണ്.' - നവീന്‍ ഉള്‍ ഹഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗാസയിലും ഇറാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ നടപടിയെ താരം ഇത്തരത്തില്‍ വിമര്‍ശിച്ചത്. 2021-ല്‍ യുഎസ് പിന്മാറ്റ സമയത്ത് കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും മാരകമായ ദുരന്തമാണിത്.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി എന്നിവരും തങ്ങളുടെ പ്രതിഷേധം എക്‌സിലൂടെ (ട്വിറ്റര്‍) രേഖപ്പെടുത്തി. സിവിലിയന്‍ വീടുകളും ആശുപത്രികളും ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ ഏജന്‍സികളും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് റാഷിദ് ആവശ്യപ്പെട്ടു. കാബൂളിലെ ഒരു ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് നബി പ്രതികരിച്ചത്. ചികിത്സ തേടിയെത്തിയ യുവാക്കളും നിരപരാധികളും കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം കുറിച്ചു.
''കാബൂളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. സിവിലിയന്‍ വീടുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ ലക്ഷ്യംവയ്ക്കുന്നത് - അത് ബോധപൂര്‍വമായാലും അബദ്ധത്തിലായാലും - ഒരു യുദ്ധക്കുറ്റമാണ്. മനുഷ്യജീവനുകളോടുള്ള ഈ കടുത്ത അവഗണന, പ്രത്യേകിച്ച് വിശുദ്ധ റമസാന്‍ മാസത്തില്‍, അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും ആശങ്കാജനകവുമാണ്. ഇത് ഭിന്നതയ്ക്കും വിദ്വേഷത്തിനും മാത്രമേ കാരണമാകൂ. ഈ ക്രൂരകൃത്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഞാന്‍ ഐക്യരാഷ്ട്ര സംഘടനയോടും മറ്റു മനുഷ്യാവകാശ ഏജന്‍സികളോടും ആവശ്യപ്പെടുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞാന്‍ എന്റെ അഫ്ഗാന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു. നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും, ഇന്‍ഷാ അള്ളാ!'' റാഷിദ് ഖാന്‍ എക്‌സില്‍ കുറിച്ചു.
''ഇന്ന് രാത്രി കാബൂളില്‍ ഒരു ആശുപത്രിയില്‍ പ്രതീക്ഷകള്‍ അണഞ്ഞുപോയി. ചികിത്സ തേടിയ യുവാക്കള്‍ പാക്കിസ്ഥാന്‍ സൈനിക ഭരണകൂടത്തിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. മക്കളെ പേരെടുത്ത് വിളിച്ചുകൊണ്ട് അമ്മമാര്‍ ഗേറ്റുകളില്‍ കാത്തുനിന്നു. റമസാനിലെ 28-ാം രാത്രിയില്‍ അവരുടെ ജീവിതങ്ങള്‍ അവസാനിച്ചു.'' സംഭവസ്ഥലത്തുനിനുള്ള വിഡിയോ അടക്കം പങ്കുവച്ചുകൊണ്ട് മുഹമ്മദ് നബി എക്‌സില്‍ കുറിച്ചു.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന ജനതയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ആക്രമണമാണിതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ബോര്‍ഡ് അറിയിച്ചു. റമസാന്റെ അവസാന നാളുകിലേക്ക് കടക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) ആഴത്തിലുള്ള ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ''ഈ പ്രയാസകരമായ സമയത്ത് ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമൊപ്പം ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങളാകേണ്ടിയിരുന്നത് ദുഃഖത്തിലേക്കും ഹൃദയവേദനയിലേക്കും വഴിമാറി. പെരുന്നാളിനായും രോഗശാന്തിക്കായും മെച്ചപ്പെട്ട നാളേക്കായും കാത്തിരുന്ന ജീവിതങ്ങള്‍ ദാരുണമായി പൊലിഞ്ഞു, തകര്‍ന്ന സ്വപ്നങ്ങളും ദുഃഖാര്‍ത്തരായ കുടുംബങ്ങളും മാത്രം അവശേഷിപ്പിച്ചു.'' എസിബി എക്‌സില്‍ കുറിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതരമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യാന്തര സമൂഹം ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.


