ടെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം സാമ്പത്തിക നേട്ടമാക്കി മാറ്റി ഇറാന്‍. ലോകത്തിന്റെ ഇന്ധന ഞരമ്പെന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) വീതം ഇറാന്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള 'ഇറാന്‍ ഇന്റര്‍നാഷണല്‍' ആണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി 'ട്രാന്‍സിറ്റ് ഫീ' എന്ന നിലയിലാണ് ഇറാന്‍ ഈ തുക പിരിച്ചെടുക്കുന്നത്. യുദ്ധച്ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീന്‍ ബോറൂജെര്‍ഡി സ്ഥിരീകരിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ രാജ്യത്തിന്റെ അധികാരവും കരുത്തും പ്രകടിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ശത്രുക്കള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും ഹോര്‍മുസ് തുറന്നുനല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. സ്വന്തം മണ്ണ് നശിപ്പിക്കാന്‍ തുനിയുന്നവര്‍ക്ക് പാത തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ജപ്പാന്‍ കപ്പലുകളെയും കടത്തിവിടാന്‍ തയ്യാറാണെന്ന് ടെഹ്റാന്‍ അറിയിച്ചു. എന്നാല്‍, മാര്‍ച്ചിലെ ആദ്യവാരം മുതല്‍ ഈ പാത ഭാഗികമായി തടസ്സപ്പെട്ടത് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) 20 ശതമാനത്തോളം കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഇറാന്റെ പുതിയ നീക്കം രാജ്യാന്തര ചരക്കുനീക്കത്തിന്റെ ചെലവ് കുത്തനെ കൂട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.