ബെർലിൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുനമ്പിലെത്തി നിൽക്കെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെട്ടെന്ന് അഞ്ച് ദിവസത്തെ ഇടവേളയെടുത്ത് പിൻവാങ്ങിയത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഇറാൻ അത് നിഷേധിക്കുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. ട്രംപിന്റെ ഈ 'സൈലന്റ് മോഡ്' പുതിയൊരു സൈനിക നീക്കത്തിന് മുന്നോടിയാണോ എന്നാണ് പ്രതിരോധ വിദഗ്ധർ സംശയിക്കുന്നത്. ഏതായാലും പശ്ചിമേഷ്യയിലെ ഓരോ ചലനവും ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

ഇപ്പോഴിതാ ജർമനിയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട്, ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമെയർ രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം വെറുമൊരു പോരാട്ടമല്ല, മറിച്ച് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും 'ദുരന്തപൂർണ്ണമായ രാഷ്ട്രീയ അബദ്ധവുമാണെന്ന്' അദ്ദേഹം തുറന്നടിച്ചു.

ജർമൻ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം വാഷിംഗ്ടണിനെതിരെ ആഞ്ഞടിച്ചത്. ഈ യുദ്ധം അനാവശ്യമായിരുന്നുവെന്നും നയതന്ത്ര ചർച്ചകളിലൂടെ ഒഴിവാക്കാമായിരുന്നിട്ടും ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ മേഖലയെ തകർക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കയുടെ ഭാഗത്തുനിന്ന് ഈ ആക്രമണത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് സ്റ്റീൻമെയർ വ്യക്തമാക്കി. പല അമേരിക്കൻ ബ്യൂറോക്രാറ്റുകൾക്കും ഇതേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യമെങ്കിൽ, അതിന് യുദ്ധം ഒരു പോംവഴിയല്ലെന്നും തികച്ചും അനാവശ്യമായ രക്തച്ചൊരിച്ചിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വേദികളിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി അറിയപ്പെടുന്ന ജർമനിയിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

യുദ്ധത്തിൽ തങ്ങളുടെ നിലപാട് നേരത്തെ തന്നെ ജർമനി വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ ജർമനി ഒരു തരത്തിലും പങ്കുചേരില്ലെന്ന് ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ് ആവർത്തിച്ചു. അമേരിക്കയുമായി പല കാര്യങ്ങളിലും ലക്ഷ്യങ്ങൾ ഒന്നാണെങ്കിലും, ഈ സൈനിക നടപടിയിൽ ജർമനി സഹകരിക്കില്ല. സൈനിക പങ്കാളിത്തമോ സാമ്പത്തിക സഹായമോ നൽകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മേർട്‌സ്, സമാധാനപരമായ പരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ചു. യൂറോപ്യൻ യൂണിയനുള്ളിലെ പ്രധാന ശക്തിയായ ജർമനിയുടെ ഈ പിന്മാറ്റം അമേരിക്കൻ സഖ്യത്തിന് വലിയ തിരിച്ചടിയാണ്.

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ-അമേരിക്കൻ യുദ്ധം 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിബന്ധനകൾ അമേരിക്ക പുച്ഛിച്ചു തള്ളുകയായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, സുരക്ഷാ മേധാവി അലി ലാരിജാനി തുടങ്ങിയ ഉന്നത നേതാക്കളുടെ വധം മേഖലയിലെ സാഹചര്യം അതീവ ഗുരുതരമാക്കിയിട്ടുണ്ട്. ഇറാൻ സൈന്യം തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ലോകം മറ്റൊരു മഹാ യുദ്ധത്തിന്റെ നിഴലിലാണെന്ന് വേണം കരുതാൻ.