റാനെതിരെ പാരാട്രൂപ്പിനെ രംഗത്തിറക്കാന്‍ പദ്ധതിയിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പില്‍ നിന്ന് അഞ്ചു ദിവസത്തെ താല്‍ക്കാലിക പിന്‍മാറ്റം ട്രംപ് പ്രഖ്യാപിച്ചത്. ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നു നല്‍കിയില്ലെങ്കില്‍ ഇറാനെ 'ചാമ്പലാക്കും' എന്നായിരുന്നു നേരത്തെയുള്ള ഭീഷണി. എന്നാല്‍, പെട്ടെന്നുള്ള ഈ നിലപാട് മാറ്റം ഇറാനെതിരെയുള്ള ശക്തമായ കരയുദ്ധത്തിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് മറൈന്‍ സേനയ്ക്ക് എത്തിച്ചേരാനുള്ള സാവകാശം ഒരുക്കുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ലും 'കിരീടത്തിലെ വജ്രവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക എന്നതാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യം. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് അഞ്ചു മൈല്‍ മാത്രം നീളമുള്ള ഈ ദ്വീപ് വഴിയാണ്. യുദ്ധത്തിനാവശ്യമായ പണം സമാഹരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഈ പ്രദേശം പിടിച്ചെടുക്കുന്നതിലൂടെ ഇറാനെ പൂര്‍ണ്ണമായും മുട്ടുകുത്തിക്കാമെന്ന് വാഷിംഗ്ടണ്‍ കണക്കുകൂട്ടുന്നു. നിലവില്‍ 2,200 മറൈന്‍ സൈനികര്‍ അടങ്ങുന്ന 31-ാമത് മറൈന്‍ എക്സ്പെഡിഷനറി യൂണിറ്റ് പടക്കപ്പലുകള്‍ക്കൊപ്പം മേഖലയിലേക്ക് നീങ്ങിക്കഴിഞ്ഞു.

കരയുദ്ധത്തിന് ശക്തി പകരാന്‍ കരസേനയുടെ എലൈറ്റ് വിഭാഗമായ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ഒരു കോംബാറ്റ് ബ്രിഗേഡിനെ കൂടി വിന്യസിക്കുന്ന കാര്യം പെന്റഗണ്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ലോകത്തെവിടെയും 18 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ ശേഷിയുള്ള ഈ 'ഇമ്മീഡിയറ്റ് റെസ്‌പോണ്‍സ് ഫോഴ്സ്' കൂടി എത്തുന്നതോടെ ഇറാന് മേല്‍ അമേരിക്കന്‍ പിടിമുറുക്കം ശക്തമാകും. ഈ അഞ്ചു ദിവസത്തെ ഇടവേള കൊണ്ട് ട്രംപിന് ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് സേനാ വിന്യാസം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും എന്നാണ് മുന്‍ യുഎസ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ വിക്ടോറിയ കോട്സ് പ്രതികരിച്ചത്. ഈ മാസം 13ന് നടത്തിയ ബോംബാക്രമണത്തില്‍ ഖാര്‍ഗ് ദ്വീപിലെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍ ശേഖരങ്ങളും അമേരിക്ക തകര്‍ത്തിരുന്നു. എന്നാല്‍ ദ്വീപിലെ എണ്ണ പൈപ്പുകള്‍ അന്ന് ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.

വരും കാലത്ത് ആ രാജ്യം പുനര്‍നിര്‍മ്മിക്കണമെങ്കില്‍ ഈ എണ്ണ ശേഖരം അത്യാവശ്യമാണെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍, ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഇവയും തകര്‍ക്കുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെ എണ്ണ-പ്രകൃതി വാതക നീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ 1970-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. യൂറോപ്പില്‍ പ്രകൃതി വാതക വില 35 ശതമാനം വര്‍ദ്ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് ഇറാനെ ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുവരിക എന്ന സമ്മര്‍ദ്ദ തന്ത്രമാണ് അമേരിക്ക പയറ്റുന്നത്.

ഖാര്‍ഗ് ദ്വീപിലെ വിമാനത്താവളം നേരത്തേ നടന്ന ആക്രമണത്തില്‍ തകര്‍ന്നതിനാല്‍, ആദ്യം മറൈന്‍ സേനയെയാകും ഇറക്കുക. ഇവരുടെ കോംബാറ്റ് എന്‍ജിനീയര്‍മാര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കിയ ശേഷം 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ പാരച്യൂട്ട് സേനയെ സി-130 വിമാനങ്ങള്‍ വഴി എത്തിക്കാനാണ് പദ്ധതി. കവചിത വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പാരച്യൂട്ട് സേനയ്ക്ക് ഇറാന്റെ തിരിച്ചടി നേരിടുക പ്രയാസമാണെന്ന ആശങ്കയും സൈനിക വൃത്തങ്ങള്‍ക്കുണ്ട്. അതിനാല്‍ മറൈന്‍ സേനയും കരസേനയും സംയുക്തമായാകും നീങ്ങുക. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിലെ എലൈറ്റ് സൈനികര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ദ്വീപിലുണ്ടെന്നാണ് നിഗമനം. ഖാര്‍ഗിലെ സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും, കരയുദ്ധം അത്ര എളുപ്പമാകില്ലെന്നാണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും തൊടുത്തുവിട്ടേക്കാം. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിക്ഷേപിച്ചിട്ടുള്ള മൈനുകളും അമേരിക്കന്‍ നാവികസേനയ്ക്ക് വന്‍ ഭീഷണിയാണ്.

ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കം അമേരിക്കന്‍ സേനയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെക്കുമെന്ന് മുന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ഫില്‍ ഇന്‍ഗ്രാം പറയുന്നു. ഇറാന്‍ തങ്ങളുടെ കൈവശമുള്ള എല്ലാ ആയുധങ്ങളും ഇതിനായി പ്രയോഗിക്കുമെന്നും 20 ശതമാനം വരെ സൈനികര്‍ കൊല്ലപ്പെടാനോ പരിക്കേല്‍ക്കാനോ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറൈന്‍ സേനയ്ക്ക് ഒളിഞ്ഞിരുന്ന് ആക്രമിക്കാനുള്ള സൗകര്യങ്ങള്‍ ദ്വീപില്‍ കുറവാണെന്നതും തിരിച്ചടിയായേക്കാം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാനെതിരെയുള്ള കരയുദ്ധത്തിന്റെ ആവശ്യകതയെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. വ്യോമാക്രമണം കൊണ്ട് മാത്രം ഭരണമാറ്റം സാധ്യമാകില്ലെന്നും കരസേനയുടെ സാന്നിധ്യം അനിവാര്യമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, വിയറ്റ്നാം യുദ്ധത്തിന് സമാനമായ സാഹചര്യം ഇറാനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി.

താന്‍ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വരും ദിവസങ്ങളില്‍ അമേരിക്കന്‍ മറൈന്‍ സേന ഗള്‍ഫ് മേഖലയില്‍ എത്തുന്നതോടെ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.