- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഇരുട്ടിലേക്ക്; ട്രംപിന്റെ സമാധാന പ്രസംഗം വെറും 'തള്ളോ'? ശ്രീലങ്കയില്‍ നിയോണ്‍ ബോര്‍ഡുകള്‍ ഓഫ്; സ്ലോവേനിയയില്‍ ഇന്ധന റേഷനിംഗ്; വിറച്ച് യൂറോപ്പും ഏഷ്യയും; സാധാരണക്കാരന്റെ നടുവൊടിക്കാന്‍ ഇന്ധന പ്രതിസന്ധി; പശ്ചിമേഷ്യയിലെ പ്രതിസന്ധിയില്‍ സംഭവിക്കുന്നത്

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം സ്തംഭിച്ചതോടെ ആഗോള എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. ഇറാനുമായുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഇതോടെ ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വികസിത കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. ഊര്‍ജ ഉപഭോഗം 25 ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ തെരുവ് വിളക്കുകളും നിയോണ്‍ ബോര്‍ഡുകളും ഓഫ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ചൊവ്വാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം കുറയ്ക്കാനും സര്‍ക്കാര്‍ വക്താവ് നളിന്ദ ജയതിസ്സ ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം നാലാം വാരത്തിലേക്ക് കടന്നതോടെ ശ്രീലങ്കയില്‍ ഇന്ധനവില മൂന്നിലൊന്നായി വര്‍ധിച്ചിട്ടുണ്ട്. ഗതാഗത മേഖലയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ലങ്കയില്‍ നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയും വര്‍ക്ക് ഫ്രം ഹോം സംവിധാനവും പുനഃസ്ഥാപിച്ചു. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ പകുതിയും കല്‍ക്കരിയെയും ഡീസലിനെയും ആശ്രയിച്ചായതിനാല്‍ ഉപഭോഗം കുറച്ചില്ലെങ്കില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഊര്‍ജ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇലക്ട്രിക് വാഹനങ്ങള്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതിസന്ധിയെത്തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ ദേശീയ ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 45 ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് രാജ്യത്ത് സ്റ്റോക്കുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി ഇന്ധന റേഷനിംഗ് ഏര്‍പ്പെടുത്തിയ രാജ്യമായി സ്ലോവേനിയ മാറി.
സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിദിനം 50 ലിറ്ററും കമ്പനികള്‍ക്കും കര്‍ഷകര്‍ക്കും 200 ലിറ്ററുമായി ഇന്ധന വിതരണം പരിമിതപ്പെടുത്തി. വെയര്‍ഹൗസുകളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി ഒഴിവാക്കാനാണ് നിയന്ത്രണമെന്നും പ്രധാനമന്ത്രി റോബര്‍ട്ട് ഗോലോബ് വ്യക്തമാക്കി. ഇന്ധനക്ഷാമം രൂക്ഷമായതോടെ വിയറ്റ്നാം എയര്‍ലൈന്‍സ് ആഭ്യന്തര റൂട്ടുകളില്‍ ആഴ്ചയില്‍ 23 വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് റൂട്ടുകളില്‍ സര്‍വീസ് നിര്‍ത്തിവെക്കും. ചൈനയും തായ്‌ലന്‍ഡും ജെറ്റ് ഇന്ധന കയറ്റുമതി നിര്‍ത്തിയതാണ് വിയറ്റ്നാമിനെ പ്രതിസന്ധിയിലാക്കിയത്. രാജ്യാന്തര സര്‍വീസുകളില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനും നീക്കമുണ്ട്. മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഊര്‍ജ സംരക്ഷണത്തിനായി കടുത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ബംഗ്ലാദേശില്‍ സര്‍വകലാശാലകള്‍ക്ക് നേരത്തെ റംസാന്‍ അവധി പ്രഖ്യാപിക്കുകയും ഷെഡ്യൂള്‍ ചെയ്ത പവര്‍ കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തു. തായ്‌ലന്‍ഡില്‍ ഉദ്യോഗസ്ഥര്‍ ലിഫ്റ്റിന് പകരം പടികള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഊര്‍ജത്തിന്റെ 85 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴി എത്തുന്ന പാകിസ്താനില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. ഇന്ധനവില വര്‍ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായി ന്യൂസിലന്‍ഡ് ധനസഹായം പ്രഖ്യാപിച്ചു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 50 ന്യൂസിലന്‍ഡ് ഡോളര്‍ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഒന്നരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഈ സഹായം ലഭിക്കും.
ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇതോടെ എണ്ണവിലയില്‍ നേരിയ കുറവുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 101.26 ഡോളറിലേക്ക് താഴ്ന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ഇത് വെറും വിപണി തന്ത്രം മാത്രമാണെന്നാണ് ഇറാന്റെ പക്ഷം. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞാലും ഉപഭോക്താക്കളിലേക്ക് ഇതിന്റെ ഗുണമെത്താന്‍ ആഴ്ചകള്‍ എടുത്തേക്കും.


