ലണ്ടന്‍: പ്രഖ്യാപനങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും മലക്കം മറിച്ചില്‍ ഒരു തുടര്‍ക്കഥയായി മാറിയ ബ്രിട്ടണിലെ ലേബര്‍ സര്‍ക്കാര്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചേക്കുമെന്ന് സൂചന. ഹോം സെക്രട്ടറിയുടെ കുടിയേറ്റ പരിഷ്‌ക്കാരങ്ങളാണ് ഇത്തവണ തിരിച്ചടി നേരിടുന്നത്. കുടിയേറ്റക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. പി ആര്‍ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ട കാലാവധി ഇരട്ടിയാക്കിയ നടപടിയാണ് പ്രധാനമായും വെല്ലുവിളി നേരിടുന്നത്. ഇക്കാര്യം ഇനിയും വിശദമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വന്ന ഉടന്‍ തന്നെ നിയമനടപടികള്‍ ആരംഭിക്കും എന്നാണ് അറിയുന്നത്.

ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ഇടതുപക്ഷത്തുനിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ ഇപ്പോള്‍ ഹോം സെക്രട്ടറിയുടെ നയത്തിനെതിരെയായി ഉണ്ടാകുന്നത്. ഇത്തരമൊരു നടപടി ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന പ്രഖ്യാപനവുമായി മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നര്‍ ആണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടികള്‍ക്കായി ഇതിനോടകം തന്നെ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് വഴി 25,000 പൗണ്ടോളം ശേഖരിച്ചു കഴിഞ്ഞു. ഇത് മഹ്‌മൂദിന്റെ പരിഷ്‌കരണങ്ങളെ മന്ദഗതിയിലാക്കിയേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

നിലവില്‍, ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ക്ക്, ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കുന്നതിനുള്ള ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിന് അഞ്ചുവര്‍ഷം ബ്രിട്ടനില്‍ താമസിച്ചിരിക്കണം എന്നുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരം ഇത് 10 വര്‍ഷം വരെ നീട്ടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്കാണെങ്കില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും ഇവിടെ താമസിച്ചാല്‍ മാത്രമെ ഭാവിയില്‍ ഐ എല്‍ ആര്‍ ലഭിക്കുകയുള്ളു. ഈ നിര്‍ദ്ദേശം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നതാണ് ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ഇടതുപക്ഷത്തെ കുപിതരാക്കിയിരിക്കുന്നത്.

മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയാല്‍, നിലവില്‍ ബ്രിട്ടനില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കും ഐ എല്‍ ആര്‍ ലഭിക്കുവാന്‍ അധിക വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. ഐ എല്‍ ആര്‍ ലഭിച്ചാല്‍ മാത്രമെ ക്ഷേമ പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും സോഷ്യല്‍ ഹൗസിംഗിനും അര്‍ഹത ലഭിക്കുകയുള്ളു എന്നതിനാല്‍, ഇത് ലഭിക്കുക എന്നത് കുടിയേറ്റ സമൂഹത്തെ സംബന്ധിച്ച അതീവ പ്രാധാന്യമുള്ള ഒരു കാര്യവുമാണ്. ഇത്തരമൊരു നയം കുട്ടികള്‍ക്കിടയില്‍ ദാരിദ്യ്രം വളര്‍ത്താനെ ഉപകരിക്കൂ എന്ന നിലപാടാണ് ലേബര്‍ വിമതര്‍ക്ക്.

ലക്ഷ്യം മാറിപ്പോകുന്നത് പാര്‍ട്ടിയുടെ ധാര്‍മ്മികബോധത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് കഴിഞ്ഞയാഴ്ച്ച മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നാര്‍ പറഞ്ഞത്. മെയ് മാസത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സര്‍ കീര്‍ സ്റ്റാര്‍മറുടെ നില പരുങ്ങലിലാകുമ്പോള്‍, പ്രധാനമന്ത്രി പദത്തിലെത്താന്‍ നോട്ടമിട്ടിരിക്കുന്നവരില്‍ പ്രധാനിയാണ് റെയ്‌നാര്‍. ഇത്തരമൊരു പദ്ധതി കുടിയേറ്റക്കാര്‍ക്ക് അവരുടെ ഭാവിയെ കുറിച്ച് ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും റെയ്‌നാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തന്റെ പരിഷ്‌കരണങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ഷബാന മഹ്‌മൂദ് ഭീഷണി മുഴക്കിയിട്ടുണ്ട് എന്ന വാര്‍ത്ത മന്ത്രാലയല്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നുണ്ട്.

ഇപ്പോള്‍, സമ്മര്‍ദ്ദ ഗ്രൂപ്പായ സ്‌കില്‍ മൈഗ്രന്റ്‌സ് അലയന്‍സ് ആണ് നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്. ഇതിനായി അവര്‍ നിയമജ്ഞരെ സമീപിച്ചു കഴിഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ നയം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിനെയായിരിക്കും ഇവര്‍ കോടതിയില്‍ ചോദ്യം ചെയ്യുക. ഹോം ഓഫീസിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരെ നിരവധി കേസുകളില്‍ വിജയിച്ച ചരിത്രമുള്ള ഗാര്‍ഡങ്കോര്‍ട്ട് ചേംബേഴ്‌സ് എന്ന നിയമ സ്ഥാപനത്തിന്റെ സഹ മേധാവിയായ സൊണാലി നായിക്ക് കെ. സി ആയിരിക്കും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുക.

പുതിയ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്‌കില്‍ഡ് മൈഗ്രന്റ്‌സ് അലയന്‍സ് സര്‍ക്കാരിന് ഒരു പ്രീ ആക്ഷന്‍ പ്രോട്ടോക്കോള്‍ സമര്‍പ്പിക്കും. മുന്‍കാല്യ പ്രാബല്യത്തോടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിലീങ്കില്‍ അവര്‍ ജുഡിഷ്യല്‍ റിവ്യൂവിനായി ശ്രമിക്കും. മികച്ച നിയമജ്ഞരെ തന്നെ ലഭിച്ചതിനാല്‍ നിയമനടപടികളില്‍ വിജയം ഉറപ്പാണെന്നാണ് അലയന്‍സ് വക്താക്കള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ഇതൊരു ആശ്വാസമാകും.