ലണ്ടന്‍: പശ്ചിമേഷ്യന്‍ യുദ്ധം സമാനതകളില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ തള്ളിയതോടെ, 7,000 പേരടങ്ങുന്ന വന്‍കരസേനയെ ഇറാന്റെ അതിര്‍ത്തിയില്‍ അമേരിക്ക വിന്യസിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് താന്‍ മടിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപ് ഇതിലൂടെ നല്‍കുന്നത്.

82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 2,000 പാരാട്രൂപ്പര്‍മാര്‍ക്കും നിലവില്‍ മേഖലയിലുള്ള 4,500 മറീനുകള്‍ക്കും പുറമെ കൂടുതല്‍ സൈനികരെ കൂടി ഉള്‍പ്പെടുത്തിയാണ് അധിനിവേശ സേനയെ അമേരിക്ക സജ്ജമാക്കിയിരിക്കുന്നത്. 'ഒരു കൈ ചര്‍ച്ചയ്ക്കായി നീട്ടുമ്പോള്‍ മറുകൈ കൊണ്ട് ഇടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മുഷ്ടി' എന്നാണ് ട്രംപിന്റെ സഹായികള്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാനിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സൈനികമായി പിടിച്ചെടുക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ സമാധാന നിര്‍ദ്ദേശങ്ങള്‍ക്ക് പകരമായി 'അപ്രായോഗികമായ' ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഗള്‍ഫിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും നിര്‍ത്തലാക്കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, ലബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ ഉപാധികള്‍. കൂടാതെ, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന ഇറാന്റെ വാശി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

സമാധാന കരാര്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ബാരലിന് 97 ഡോളറായി താഴ്ന്ന എണ്ണവില, കരാര്‍ ഇറാന്‍ തള്ളിയതോടെ 102 ഡോളറിലേക്ക് തിരിച്ചു കയറി. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം ആഗോള ഇന്ധന വിപണിയെ തകര്‍ക്കുമെന്ന് ട്രംപ് ഭയപ്പെടുന്നു. ഇതിനിടെ, അമേരിക്കന്‍ ഉപരാഷ്ട്രപതി ജെ.ഡി. വാന്‍സിനെ ചര്‍ച്ചകള്‍ക്ക് നിയോഗിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാന്‍സിന് തങ്ങളോട് സഹതാപമുണ്ടെന്നാണ് ഇറാന്റെ വിശ്വാസം.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കില്‍, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് സൂചന.