- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോര്‍മൂസ് കടലിടുക്ക് തുറന്നത് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി സുഗമമാക്കും; ഇന്ത്യക്ക് ആശ്വാസം; ഹോര്‍മൂസ് കടലിടുക്ക് തുറന്ന് ഇറാന്‍; സുഹൃദ് രാജ്യങ്ങള്‍ക്ക് ചരക്കുനീക്കം നടത്താം; യുദ്ധം തുടരുമ്പോഴും കടലിടുക്കിലെ ഇന്ത്യന്‍ പ്രതിസന്ധി തീരുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇറാന്‍. തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യ, റഷ്യ, ചൈന, പാകിസ്താന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ചരക്കുനീക്കം നടത്താമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലാണ് എക്‌സിലൂടെ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടത് ആഗോളതലത്തില്‍ വലിയ സാമ്പത്തിക ആശങ്കകള്‍ക്ക് കാരണമായിരുന്നു. കടലിടുക്ക് തുറന്നുനല്‍കണമെന്നും ചരക്കുനീക്കം തടസ്സപ്പെടുത്തരുതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇറാന്‍ ബുധനാഴ്ച തള്ളിയിരുന്നു. ഇതിന് പകരമായി ഹോര്‍മൂസ് കടലിടുക്കിന്മേല്‍ തങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നത് ഉള്‍പ്പെടെ അഞ്ച് പുതിയ നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക മറുപടിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്‍ അറിയിച്ചു. ഇറാന്‍ പദ്ധതി പൂര്‍ണ്ണമായും തള്ളിയിട്ടില്ലെന്നും ചില ഭേദഗതികളോടെ അവലോകനം ചെയ്യുകയാണെന്നുമാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹോര്‍മൂസ് കടലിടുക്ക് തുറന്നത് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി സുഗമമാക്കും. ഇന്ത്യയുടെ വിദേശവ്യാപാരത്തെ ബാധിക്കുന്ന കടല്‍ക്കൊള്ളയും യുദ്ധ ഭീഷണിയും ഒഴിവാക്കാന്‍ ഇറാന്റെ ഈ നീക്കം സഹായിക്കും. ഹോര്‍മൂസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് ടെഹ്റാന്‍.
എന്നാല്‍ ഇത് സൗദി അറേബ്യയും അമേരിക്കയും എങ്ങനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയിലെ സമാധാനം. ട്രംപിന്റെ വിശ്വസ്തനായ ജെ.ഡി. വാന്‍സിനെ ചര്‍ച്ചകള്‍ക്കായി ഇറാന്‍ സ്വാഗതം ചെയ്തത് നയതന്ത്ര തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം.


