- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിനുമായി രഹസ്യധാരണയുണ്ടാക്കി നാറ്റോ സഖ്യത്തെ ട്രംപ് തള്ളി പറഞ്ഞേക്കും; റഷ്യക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഹായമില്ലാത്ത 'ഏറ്റവും മോശം സാഹചര്യം' നേരിടാന്‍ യൂറോപ്പ് തയ്യാറെടുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്; യൂറോപ്പ് കടുത്ത ഭീതിയില്‍; ട്രംപ് കൈവിടുമെന്ന് ആശങ്ക; പുടിനുമായി ട്രംപ് കൈകോര്‍ക്കുമോ?

ലണ്ടന്‍: റഷ്യക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഹായമില്ലാത്ത 'ഏറ്റവും മോശം സാഹചര്യം' നേരിടാന്‍ യൂറോപ്പ് തയ്യാറെടുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി രഹസ്യധാരണയുണ്ടാക്കി നാറ്റോ സഖ്യത്തെ തള്ളിപ്പറഞ്ഞേക്കുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രധാന ഭയം. അമേരിക്ക തങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നും, റഷ്യയുമായുള്ള 'ഗ്രാന്‍ഡ് ബാര്‍ഗെയ്നി'ലൂടെ ട്രംപ് യൂറോപ്പിനെ ഒറ്റിക്കൊടുക്കാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാനുമായുള്ള യുദ്ധം രൂക്ഷമായതോടെ ഉക്രെയ്നിന് നല്‍കാന്‍ വച്ചിരുന്ന അത്യാധുനിക ആയുധങ്ങള്‍ പശ്ചിമേഷ്യയിലേക്ക് വകമാറ്റാന്‍ പെന്റഗണ്‍ ആലോചിക്കുന്നതാണ് യൂറോപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്. നാറ്റോ മുന്‍കൈയെടുത്ത് ഉക്രെയ്നിനായി വാങ്ങിയ മിസൈലുകള്‍ പോലും ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും നേരിടാന്‍ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതിനിടെ, ട്രംപ് റഷ്യക്ക് മേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തിയത് പുടിന് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി നല്‍കി. എണ്ണ, ഗ്യാസ് വില്പനയിലൂടെ റഷ്യ പ്രതിദിനം 570 ദശലക്ഷം പൗണ്ട് സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ബ്രിട്ടനുമായുള്ള അമേരിക്കയുടെ ബന്ധവും ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ്. ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലുകള്‍ അമേരിക്കയുടെ കപ്പലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 'കളിപ്പാട്ടങ്ങള്‍' മാത്രമാണെന്ന് ട്രംപ് പരിഹസിച്ചു. ഇറാന്‍ യുദ്ധത്തില്‍ ബ്രിട്ടന്‍ സഹായിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ട്രംപിന്റെ ഈ കടന്നാക്രമണം. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകള്‍ യുദ്ധം കഴിഞ്ഞിട്ട് അയച്ചാല്‍ മതിയെന്നും, തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലെന്നും ട്രംപ് തുറന്നടിച്ചു. ദിയാഗോ ഗാര്‍ഷ്യയിലെ സൈനിക താവളം ഇറാനെ ആക്രമിക്കാന്‍ വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിസമ്മതിച്ചതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
നാറ്റോ രാജ്യങ്ങള്‍ ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കുന്നില്ലെങ്കില്‍ തിരിച്ചങ്ങോട്ടും സഹായമുണ്ടാകില്ലെന്ന് ട്രംപ് കാബിനറ്റ് യോഗത്തില്‍ വ്യക്തമാക്കി. 'ഞങ്ങള്‍ എപ്പോഴും യൂറോപ്പിനെ സംരക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു, എന്നാല്‍ അവര്‍ തിരിച്ചൊന്നും ചെയ്യുന്നില്ല' - ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും റഷ്യയ്ക്കുമിടയില്‍ ഒരു വലിയ സമുദ്രമുണ്ടെന്നും, റഷ്യയില്‍ നിന്നുള്ള ഭീഷണി അമേരിക്കയെ ബാധിക്കില്ലെന്നുമാണ് ട്രംപിന്റെ പുതിയ വാദം.
ഇതോടെ റഷ്യന്‍ ഭീഷണി നിലനില്‍ക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം യൂറോപ്പിന്റെ പ്രതിരോധ കവചത്തിലും വലിയ വിള്ളലുകള്‍ വീഴ്ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.


