വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം മുറുകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിദേശ മാധ്യമങ്ങളില്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. യുദ്ധക്കളത്തിലെ മിസൈല്‍ ആക്രമണങ്ങളുടെയും തകര്‍ച്ചയുടെയും ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്ന 'ഡിസ്ട്രക്ഷന്‍ പോണ്‍' ശൈലിയിലേക്ക് പ്രസിഡന്റ് മാറിയിരിക്കുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം. പെന്റഗണിലെയും വൈറ്റ് ഹൗസിലെയും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി സ്പെക്ടേറ്റര്‍' ഡെപ്യൂട്ടി എഡിറ്റര്‍ ഫ്രെഡി ഗ്രേയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' ആരംഭിച്ചതോടെ ട്രംപിന്റെ ദിനചര്യകളില്‍ പ്രധാനപ്പെട്ടത് വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമിലെ സന്ദര്‍ശനമാണ്. അവിടെ ബിഗ് സ്‌ക്രീനുകളില്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുന്നതിന്റെ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ നീളുന്ന വീഡിയോ സമാഹാരങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിനെ കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം ലക്ഷ്യങ്ങള്‍ ഇതിനകം തകര്‍ത്തെങ്കിലും, അതില്‍ ഏറ്റവും 'ആകര്‍ഷകമായ' സ്‌ഫോടന ദൃശ്യങ്ങള്‍ മാത്രമാണ് ട്രംപിനായി എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്.

യുദ്ധം ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെയാണ് ട്രംപ് കൈകാര്യം ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. സൈനിക മേധാവികള്‍ നല്‍കുന്ന രേഖാമൂലമുള്ള റിപ്പോര്‍ട്ടുകളേക്കാള്‍ ദൃശ്യങ്ങള്‍ക്കാണ് പ്രസിഡന്റ് പ്രാധാന്യം നല്‍കുന്നത്. ഇത്തരം വീഡിയോകള്‍ കാണുമ്പോള്‍ താന്‍ യുദ്ധത്തില്‍ ജയിച്ചുകൊണ്ടിരിക്കുകയാണെന്ന മിഥ്യാബോധം ട്രംപിന് ഉണ്ടാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആക്രമണങ്ങള്‍ക്കിടയില്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ഫോണ്‍ സ്പീക്കറിലിട്ട് യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന രീതിയും ട്രംപ് തുടരുന്നുണ്ട്.

പ്രസിഡന്റിന് യുദ്ധ ദൃശ്യങ്ങളോട് ഭ്രാന്തമായ ആവേശമാണെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തള്ളി. ഈ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും റൂമിലില്ലാത്തവര്‍ പടച്ചുവിടുന്ന കഥകളാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, വീഡിയോ ബ്രീഫിംഗുകള്‍ നടക്കുന്നുണ്ടെന്ന കാര്യം വൈറ്റ് ഹൗസ് നിഷേധിച്ചിട്ടില്ല. അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പ്രസിഡന്റിനെ കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.

സിറ്റുവേഷന്‍ റൂം ഒരു സ്വകാര്യ സിനിമ തിയേറ്റര്‍ പോലെ ട്രംപ് ഉപയോഗിക്കുന്നു എന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പെന്റഗണില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഇറാനെ പൂര്‍ണ്ണമായും മുട്ടുകുത്തിക്കാന്‍ ഒരു വലിയ കര-വ്യോമ-നാവിക ആക്രമണത്തിന് അമേരിക്ക പദ്ധതിയിടുന്നുണ്ട്. യുദ്ധം മുറുകുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ ഇത് ദോഷകരമായി ബാധിക്കും. യുദ്ധം ഒരു വലിയ പ്രാദേശിക പോരാട്ടമായി മാറുമോ എന്ന ഭീതിയിലാണ് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍.