ദുബായ്: യുഎഇക്ക് നേരെ നടന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയതിനും അവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും എഴുപതോളം ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റിലായതായി പ്രമുഖ മാധ്യമമായ 'മെയില്‍ ഓണ്‍ സണ്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദസഞ്ചാരികളും യുഎഇയില്‍ സ്ഥിരതാമസമാക്കിയവരും വിമാനക്കമ്പനി ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായവരുടെ എണ്ണം വര്‍ധിച്ചതോടെ യുഎഇയിലെ പല പോലീസ് സെല്ലുകളും ജയിലുകളും തടവുകാരെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശേഷിയേക്കാള്‍ കൂടുതല്‍ തടവുകാരായതോടെ പലര്‍ക്കും മതിയായ ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഉറങ്ങാന്‍ പോലും ഇടമില്ലാത്ത സാഹചര്യമാണ് ജയിലുകളില്‍ നിലനില്‍ക്കുന്നതെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതും യുഎഇയില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാലാണ് ഇത്തരം നടപടികള്‍. ആഗോളതലത്തില്‍ യുഎഇ കെട്ടിപ്പടുത്ത ബ്രാന്‍ഡ് മൂല്യത്തിന് മങ്ങലേല്‍ക്കാതിരിക്കാന്‍ ഭരണകൂടം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

വിനോദസഞ്ചാര കേന്ദ്രമായ ദുബായ് പോലുള്ള നഗരങ്ങളില്‍ ഈ നിയമം വളരെ കര്‍ശനമായാണ് നടപ്പിലാക്കുന്നത്. യുദ്ധരംഗങ്ങള്‍ നേരിട്ട് ചിത്രീകരിക്കുന്നത് മാത്രമല്ല, അത്തരം ദൃശ്യങ്ങള്‍ ഫോണില്‍ സ്വീകരിക്കുന്നതും കൈവശം വെക്കുന്നതും പോലും കുറ്റകരമായി കണക്കാക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും രണ്ട് ലക്ഷം പൗണ്ട് (ഏകദേശം രണ്ട് കോടിയിലധികം രൂപ) വരെ പിഴയും ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുണ്ട്.

യുഎഇയിലെ നിയമവിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള കാമ്പെയ്ന്‍ ഗ്രൂപ്പുകളാണ് തടവിലാക്കപ്പെട്ട ബ്രിട്ടീഷുകാരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അറസ്റ്റിലായവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഈ സംഘടനകള്‍ വിലയിരുത്തുന്നത്. നയതന്ത്ര തലത്തില്‍ ഈ വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അറസ്റ്റിലായവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ വിചാരണ നടപടികള്‍ തുടങ്ങാന്‍ മാസങ്ങളോളം വൈകിയേക്കാമെന്ന് മനുഷ്യാവകാശ സംഘടനയായ 'ദുബായ് വാച്ച്' മുന്നറിയിപ്പ് നല്‍കുന്നു. വിചാരണയ്ക്ക് മുന്‍പുള്ള തടങ്കല്‍ കാലയളവ് നീളുന്നത് തടവുകാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പലര്‍ക്കും നിയമസഹായം ലഭിക്കുന്നതിലും തടസ്സങ്ങള്‍ നേരിടുന്നു.

പിടിയിലായവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കിലും അവരുടെ പാസ്പോര്‍ട്ടുകള്‍ അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഇതുമൂലം ഇവര്‍ക്ക് രാജ്യം വിട്ടുപോകാന്‍ അനുവാദമില്ല. കേസ് തീരുന്നത് വരെ ഇവര്‍ യുഎഇയില്‍ തന്നെ തുടരേണ്ടി വരും. ഇത് പ്രവാസികളായ ബ്രിട്ടീഷുകാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

ജാമ്യത്തിലിറങ്ങിയവരില്‍ പലരുടെയും വര്‍ക്ക് വിസ കാലാവധി അവസാനഘട്ടത്തിലാണ്. വിസ പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും താമസസൗകര്യം ഇല്ലാതാവുകയും ചെയ്യുന്നു. രാജ്യം വിടാന്‍ കഴിയാത്തതും ജോലി ചെയ്യാന്‍ അനുവാദമില്ലാത്തതും ഇവരെ ഭവനരഹിതരാക്കുമെന്ന ആശങ്കയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നു.

അറസ്റ്റിലായവരില്‍ പലര്‍ക്കും അറബിക് ഭാഷ അറിയില്ല എന്നതും വലിയൊരു വെല്ലുവിളിയാണ്. അവര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ തയ്യാറാക്കിയ രേഖകളില്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പ് വെപ്പിച്ചു എന്ന് 'ദുബായ് വാച്ച്' ആരോപിക്കുന്നു. തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാതെയാണ് പലരും കുറ്റസമ്മത മൊഴികളില്‍ ഒപ്പിട്ടിരിക്കുന്നത്.

യുഎഇയിലെ നിയമങ്ങള്‍ കര്‍ശനമാണെന്നും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടുത്തെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യുകെ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സുരക്ഷാ നടപടികള്‍ എന്നിവ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.