- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനില്‍ ആയത്തൊള്ള ഖമനേയിയുടെ അനുസ്മരണാ ചടങ്ങില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഏറ്റുമുട്ടിയത് ഖമനേയി ഭരണകൂടാനുകൂലികളും ഇറാനില്‍ പരിഷ്കരണത്തിനായി പോരാടുന്ന വിമതരും തമ്മില്‍; തീവ്ര വലതുവത്ക്കരണത്തിനെതിരെ ലണ്ടനില്‍ കൂറ്റന്‍ പ്രകടനം; വിവിധ സാമൂഹ്യ സംഘടനകളും തൊഴിലാളി യൂണിയനുകളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു

അമേരിക്കന്‍ - ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഇറാന്‍ സര്‍വാധികാരി ആയത്തൊള്ള അല്‍ ഖമനേയിയുടെ അനുസ്മരണാ ചടങ്ങില്‍ സംഘര്‍ഷം. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഇറാനിലെ നിലവിലെ ഭരണകൂടത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചടങ്ങുകള്‍ നടന്ന മൈഡ വെയിലിലെ ഇസ്ലാമിക് സെന്റര്‍ ഓഫ് ഇംഗ്ലണ്ടിന്റെ പുറത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു. സംഘര്‍ഷമുണ്ടായതോടെ മെട്രോപോളിറ്റന്‍ പോലീസും സിറ്റി ഓഫ് ലണ്ടന്‍ പോലീസും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
നിരോധിക്കപ്പെട്ട പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ പിന്തുണച്ച 18 പേര്‍ ഉള്‍പ്പടെ ഇന്നലത്തെ സംഘര്‍ഷത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് അറിയിച്ചു. സമീപത്തുള്ള ഒരു വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സംഘര്‍ഷം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സെന്ററിന്റെ പുറത്ത് തടിച്ചുകൂടിയ നൂറ് കണക്കിന് ആളുകള്‍ ഖമനേനിയുടെ ചിത്രം ഉയര്‍ത്തിപ്പിടിക്കുകയും ഇറാന്‍ പതാകകള്‍ ഉയരത്തില്‍ വീശുകയും ചെയ്യുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ കഫിയ ധരിച്ചെത്തി പലസ്തീന്‍ പാതകകള്‍ ഉയര്‍ത്തി പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുമുണ്ടായിരുന്നു.
അതേസമയം, റോഡിന് എതിര്‍വശത്ത് സൂര്യനും സിംഹവും ആലേഖനം ചെയ്ത ഇറാന്റെ പഴയ ഷാ ഭരണകാലത്തെ പതാകയേന്തി മറ്റൊരു സംഘവും പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഇവര്‍ ഉയര്‍ത്തിയ ബാനറുകളില്‍ ഒന്നില്‍ ഡൊണാള്‍ഡ് ട്രംപിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. 'ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു' എന്ന് അതിനു കീഴെ അടിക്കുറിപ്പും ഉണ്ടായിരുന്നു. വലിയ ശബ്ദത്തില്‍ സംഗീതം കേള്‍പ്പിച്ചും ആടിയും പാടിയും ഇവര്‍ ഖമനേയിയുടെ മരണം ഒരു ആഘോഷമാക്കുകയായിരുന്നു. ഇറാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പഹ്ലവി രാജവംശത്തിലെ കിരീടാവകാശിയുടെ ചിത്രവും ചിലര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവില്‍
ഒരു പക്ഷെ ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹുസംസ്‌കാര പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍, വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ലണ്ടന്‍ നഗരത്തില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍. ടുഗദര്‍ അലയന്‍സ് മാര്‍ച്ച് എന്ന് പേരിട്ട ഈ പ്രകടനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം പേര്‍ തലസ്ഥാനത്ത് എത്തിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍, പോലീസിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം അര ലക്ഷത്തോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
നൂറിലധികം ചാരിറ്റികള്‍, നിരവധി ക്യാമ്പെയിന്‍ ഗ്രൂപ്പുകള്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവര്‍ പങ്കെടുത്ത പ്രകടനം പാര്‍ക്ക് ലെയ്‌നില്‍ നിന്നാണ് ആരംഭിച്ചത്. പിന്നീട് വൈറ്റ്‌ഹോള്‍ വഴി ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ പ്രകടനം എത്തിച്ചേര്‍ന്നു. തീവ്ര വലതു രാഷ്ട്രീയത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം അവസാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സണ്‍ സംഘടിപ്പിച്ച 'യുണൈറ്റ് ദി കിംഗ്ഡം' റാലിക്കുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഈ പ്രകടനം സംഘടിപ്പിച്ചത്. റോബിന്‍സന്റെ റാലിയില്‍ ഒരുലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.
നൂറു കണക്കിന് ബസ്സുകളിലും മറ്റുമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ പ്രകടനത്തില്‍ പങ്കെടുക്കാനായി ലണ്ടനില്‍ എത്തിച്ചേര്‍ന്നത്. ലേബര്‍ എം പി ഡയാന അബോട്ട്, ഗ്രീന്‍സ് പാര്‍ട്ടി നേതാവ് സാക്ക് പൊളാന്‍സ്‌കി എന്നിവര്‍ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വന്‍ ഹര്‍ഷാരാവത്തോടെയായിരുന്നു ജനക്കൂട്ടം ഇരുവരുടെയും വാക്കുകളെ സ്വാഗതം ചെയ്തത്. ഇത്തരം പ്രകടനങ്ങള്‍ തദ്ദേശീയമായി കൂടുതലായി സംഘടിപ്പിക്കണമെന്ന് പൊളാന്‍സ്‌കി ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു.


