വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കൂടുതല്‍ കടുക്കുന്നു. അമേരിക്കയുടെ അതിനൂതനമായ എംക്യു 9 റീപ്പര്‍ ഡ്രോണും എഫ് 16 യുദ്ധവിമാനവും വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേലിലെ റഡാര്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് അറിയിച്ചു. എന്നാല്‍ ഇറാന്റെ മിസൈല്‍ നീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ചതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.

ഇറാന്‍-അമേരിക്ക സംഘര്‍ഷം നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട്, ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരസേനാ നീക്കത്തിന് പെന്റഗണ്‍ പദ്ധതിയിടുന്നതായി 'ദ വാഷിംഗ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി 3,500 യുഎസ് സൈനികര്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.

യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക ആംഫിബിയസ് അസ്സോള്‍ട്ട് കപ്പലിലാണ് സൈനികര്‍ എത്തിയിരിക്കുന്നത്. ഇതില്‍ മറീനുകളും കപ്പല്‍ പടയാളികളും ഉള്‍പ്പെടുന്നു. കടല്‍ വഴിയുള്ള ആക്രമണങ്ങള്‍ക്കും കരയിലേക്ക് നേരിട്ട് സൈന്യത്തെ ഇറക്കി പോരാടാനും ശേഷിയുള്ള സന്നാഹമാണിത്. ഹോട്മുസ് കടലിടുക്കിനും ഖാര്‍ഗ് ദ്വീപിനും സമീപം തന്ത്രപ്രധാനമായ സൈനിക വിന്യാസമാണ് അമേരിക്ക നടത്തുന്നത്.

ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് പകരം, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നല്‍ ആക്രമണങ്ങള്‍ക്കാണ് അമേരിക്ക പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തായിരത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കുന്ന കാര്യം പെന്റഗണ്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ അയ്യായിരത്തോളം മറീനുകളും 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ആയിരക്കണക്കിന് പാരാട്രൂപ്പര്‍മാരും മേഖലയില്‍ സജ്ജമാണ്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ സൈനിക നീക്കമില്ലാതെ തന്നെ ലക്ഷ്യങ്ങള്‍ നേടാമെന്ന് പ്രസ്താവിക്കുമ്പോഴും, പെന്റഗണിന്റെ യുദ്ധപദ്ധതികള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം, ഇറാന്റെ ഡ്രോണുകളും മിസൈലുകളും അമേരിക്കന്‍ സൈനികര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഖാര്‍ഗ് ദ്വീപ് പോലുള്ള ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും അമേരിക്കയുടെ പ്രാഥമിക നീക്കങ്ങള്‍ എന്നാണ് സൂചന.

അമേരിക്ക പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഇറാന്റെ സാമ്പത്തിക-സൈനിക നട്ടെല്ലുകളെ.ാണ്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപില്‍ നിന്നാണ്. ഈ ദ്വീപിനെ ലക്ഷ്യം വെക്കുന്നതിലൂടെ ഇറാന്റെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഹോര്‍മുസ് കടലിടുക്കും ്അമേരിക്ക നോട്ടമിടുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്ന ഈ പാതയില്‍ ഇറാന്‍ നാവികസേന വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നിയന്ത്രിക്കുക എന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്.