- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോസ്നിയയില്‍ വച്ച് വിമാനം തകര്‍ന്നു വീണ പൈലറ്റ് സ്‌കോട്ട് ഒഗ്രേഡി ആറ് ദിവസം പുല്ലും ഉറുമ്പും കഴിച്ച് അതിജീവിച്ചു; ഒടുവില്‍ വനത്തിനുള്ളില്‍ നിന്ന് യുഎസ് സൈന്യം രകക്ഷിച്ചു; ഈ കഥയാണ് പിന്നീട് 'ബിഹൈന്‍ഡ് എനിമി ലൈന്‍സ്' എന്ന സിനിമയായി; 2026ലേതും ഇറാന്‍ മണ്ണിലെ വിസ്മയ ദൗത്യം; ശത്രുപാളയത്തില്‍ നിന്ന് വീരന്മാരെ വീണ്ടെടുക്കുന്ന കരുത്തിന്റെ കഥ

വാഷിങ്ടണ്‍: ഇറാന്റെ പര്‍വതനിരകളില്‍ രണ്ട് പകലും ഒരൊറ്റ രാത്രിയും ശത്രുവിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ അമേരിക്കന്‍ കേണലിനെ മോചിപ്പിച്ച ദൗത്യം ലോക സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കങ്ങളിലൊന്നായി മാറുന്നു. ഇറാന്റെ മണ്ണില്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ഈ മിന്നല്‍ ഓപ്പറേഷന്‍, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിയറ്റ്‌നാമിലും ബോസ്‌നിയയിലും നടന്ന സമാനമായ സാഹസിക ദൗത്യങ്ങളുടെ ഓര്‍മ്മ പുതുക്കുന്നതാണ്. 'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സാഹസികമായ തിരച്ചില്‍ ദൗത്യം' എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
വെള്ളിയാഴ്ച ഇറാനിലെ വിദൂരപ്രദേശത്ത് വച്ച് എഫ്-15 യുദ്ധവിമാനം വെടിവെച്ചിടപ്പെട്ടതോടെയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ് ഹെലികോപ്റ്ററുകള്‍ രക്ഷപ്പെടുത്തിയെങ്കിലും, കേണലിനെ കണ്ടെത്താനായില്ല. കൈയ്യില്‍ ഒരു പിസ്റ്റള്‍ മാത്രം കരുതി, ശത്രു സൈന്യത്തിന്റെ മൂക്കിന് താഴെ രണ്ട് ദിവസമാണ് അദ്ദേഹം ഒളിച്ചു കഴിഞ്ഞത്. മുകളില്‍ വട്ടമിട്ടു പറന്ന റീപ്പര്‍ ഡ്രോണുകള്‍ നല്‍കിയ കവചവും സിഐഎ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവന്‍ കാത്തത്. പൈലറ്റിനെ കണ്ടെത്തിക്കഴിഞ്ഞു എന്ന തെറ്റായ വിവരം പ്രചരിപ്പിച്ച് ഇറാന്‍ സൈന്യത്തെ വഴിതിരിച്ചു വിടാന്‍ സിഐഎയ്ക്ക് സാധിച്ചു.
അത്യാധുനിക യുദ്ധവിമാനങ്ങളും നൂറുകണക്കിന് സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പങ്കെടുത്ത ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇറാനിലെ വിജനമായ ഒരു എയര്‍ഫീല്‍ഡില്‍ രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ കുടുങ്ങിപ്പോയി. അത് ശത്രുക്കളുടെ കൈയ്യില്‍ അകപ്പെടാതിരിക്കാന്‍ സ്വന്തം സൈന്യം തന്നെ ആ വിമാനങ്ങള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. സമാനമായ സാഹസികത മുന്‍പും അമേരിക്കന്‍ സൈന്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാഴ്ചവെച്ചിട്ടുണ്ട്.
ചരിത്രത്തിലെ മറ്റ് വന്‍ ദൗത്യങ്ങള്‍
സ്‌കോട്ട് ഒഗ്രേഡി (ബോസ്നിയ, 1995): ബോസ്നിയയില്‍ വച്ച് വിമാനം തകര്‍ന്നു വീണ പൈലറ്റ് സ്‌കോട്ട് ഒഗ്രേഡി ആറ് ദിവസമാണ് പുല്ലും ഉറുമ്പും കഴിച്ച് അതിജീവിച്ചത്. ഒടുവില്‍ വനത്തിനുള്ളില്‍ നിന്ന് അദ്ദേഹത്തെ യുഎസ് സൈന്യം റാഞ്ചുകയായിരുന്നു. ഈ കഥയാണ് പിന്നീട് 'ബിഹൈന്‍ഡ് എനിമി ലൈന്‍സ്' എന്ന സിനിമയ്ക്ക് ആധാരമായത്.
ബാറ്റ് 21 (വിയറ്റ്നാം, 1972): വിയറ്റ്നാം യുദ്ധകാലത്ത് ലഫ്റ്റനന്റ് കേണല്‍ ജീന്‍ ഹാംബിള്‍ട്ടണെ രക്ഷിക്കാന്‍ നടത്തിയ ദൗത്യം വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനാണ്. 11 ദിവസത്തെ തിരച്ചിലിനൊടുവില്‍ നേവി സീല്‍ സംഘമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ബ്രാവോ ടു സീറോ (ഇറാഖ്, 1991): ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് എസ്എഎസ് (SAS) പടയാളികളുടെ കഥയാണിത്. എട്ട് പേരില്‍ ഒരാള്‍ മരുഭൂമിയിലൂടെ 200 മൈല്‍ നടന്ന് സിറിയയിലെത്തി രക്ഷപ്പെട്ടു. മൂന്ന് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ പിടിക്കപ്പെടുകയും ചെയ്തു.
ഓപ്പറേഷന്‍ ബറാസ് (സീറ ലിയോണ്‍, 2000): പശ്ചിമാഫ്രിക്കന്‍ രാജ്യമായ സീറ ലിയോണിലെ വിമതര്‍ തടവിലാക്കിയ ബ്രിട്ടീഷ് സൈനികരെ മോചിപ്പിക്കാന്‍ നടത്തിയ മിന്നല്‍ ദൗത്യം. കാടിനുള്ളിലെ ക്യാമ്പ് തകര്‍ത്ത് എല്ലാ ബന്ദികളെയും സൈന്യം മോചിപ്പിച്ചു.
ജഗ്രൂം ഫോര്‍ട്ട് (അഫ്ഗാനിസ്ഥാന്‍, 2007): കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്റെ മൃതദേഹം വീണ്ടെടുക്കാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വശങ്ങളില്‍ കെട്ടിത്തൂങ്ങി റോയല്‍ മറീനുകള്‍ നടത്തിയ ദൗത്യം ലോകത്തെ ഞെട്ടിച്ചു.
എന്റബെ റെയ്ഡ് (ഉഗാണ്ട, 1976): ഭീകരര്‍ റാഞ്ചിയ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ കമാന്‍ഡോകള്‍ ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തില്‍ നടത്തിയ മിന്നലാക്രമണം ഇന്നും ചര്‍ച്ചയാണ്.
ഇറാനില്‍ ഇപ്പോള്‍ നടന്ന ദൗത്യവും ഈ പട്ടികയില്‍ പുതിയൊരു അധ്യായമായി മാറുകയാണ്. ശത്രുരാജ്യത്തിന്റെ ഉള്ളില്‍ കുടുങ്ങിയ രണ്ട് പൈലറ്റുമാരെയും വെവ്വേറെ ദൗത്യങ്ങളിലൂടെ രക്ഷിച്ചെടുത്തത് സമീപകാല ചരിത്രത്തില്‍ ആദ്യമായാണെന്ന് അമേരിക്ക അവകാശപ്പെടുന്നു.


