- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷബാന മഹ്‌മൂദിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ മന്ത്രിമാരും; എം പി മാരുടെ പ്രതിഷേധവും ശക്തമായതോടെ പുതിയ നിയമങ്ങളില്‍ നിന്നും വീണ്ടും ഒരു മലക്കം മറിച്ചില്‍ ഉണ്ടായേക്കുമെന്ന് സൂചന; മലയാളികള്‍ ഉള്‍പ്പടെ വിദേശ കുടിയേറ്റക്കാര്‍ക്ക് അനുകൂലമാകുന്ന തീരുമാനം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കി ബ്രിട്ടണിലെ വിദേശ സമൂഹം

ലണ്ടന്‍: ബ്രിട്ടീഷ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ച കര്‍ക്കശമായ കുടിയേറ്റ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഭരണകക്ഷിക്കുള്ളില്‍ തന്നെ കലാപം രൂക്ഷമാകുന്നു. സ്വന്തം സര്‍ക്കാരിലെ മന്ത്രിമാരും വിമത എംപിമാരും ഹോം സെക്രട്ടറിയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തിയതോടെ, പുതിയ നിയമങ്ങളില്‍ ലേബര്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. യു കെയില്‍ സ്ഥിരതാമസത്തിനുള്ള യോഗ്യത നേടാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
കുടിയേറ്റ നയങ്ങള്‍ പരിഷ്‌കരിക്കാനുള്ള ഷബാന മഹ്‌മൂദിന്റെ നീക്കം ബ്രിട്ടീഷ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബ്രിട്ടനിലുള്ള കുടിയേറ്റക്കാര്‍ക്ക് കൂടി ബാധകമാകുന്ന തരത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം നടപ്പിലാക്കാനുള്ള നീക്കമാണ് എംപിമാരെ ചൊടിപ്പിച്ചത്. ഇത് നിലവിലുള്ള വിദേശി സമൂഹത്തെ, പ്രത്യേകിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
പുതിയ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ കണ്‍സള്‍ട്ടേഷന്‍ ഘട്ടത്തിലാണ്. എന്നാല്‍ സര്‍ക്കാരിനുള്ളിലെ സമ്മര്‍ദ്ദം ശക്തമായതോടെ ക്ഷേമ പദ്ധതികളിലും ഡിജിറ്റല്‍ ഐഡി വിഷയത്തിലും ഉണ്ടായതുപോലെ കുടിയേറ്റ നിയമത്തിലും സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മന്ത്രിമാര്‍ പരോക്ഷമായി എംപിമാരെ ഉപയോഗിച്ച് ഹോം സെക്രട്ടറിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടില്‍ മാറ്റമില്ലെന്നും കണ്‍സള്‍ട്ടേഷന്‍ ഫലം വന്ന ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നുമാണ് ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം.
അതിനിടെ, പുതിയ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറിയില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. 'അവര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വോയ്സ്' എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാവണം നിയമപരിഷ്‌കാരങ്ങള്‍ എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
വിദേശ പതാകകള്‍ അനുവദിക്കില്ലെന്ന നിബന്ധനയോടെ നടന്ന ഈ പ്രകടനത്തിനെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കൗണ്ടര്‍ പ്രൊട്ടസ്റ്റും നടന്നു. ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങളില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ വിദേശ സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് പ്രവാസി ലോകം.


