ടെഹ്‌റാൻ: ഇറാനിലെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജൂത ദേവാലയം പൂർണമായി തകർന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും, 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്നത്. ഖൊറാസാൻ ജൂത വിഭാഗക്കാർ ഒത്തുകൂടാനും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്ന പ്രധാന ദേവാലയങ്ങളിലൊന്നാണ് ഇതെന്നും ഇറാനിയൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്യുന്നു. സിനഗോഗിന് അടുത്തുള്ള പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേൽ കനത്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് ദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ വാർത്താ ഏജൻസിയായ മെഹർ അറിയിച്ചു. രാത്രിയിലുണ്ടായ ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങൾ പറയുന്നു.

ഇടുങ്ങിയ തെരുവുകളോട് ചേർന്നാണ് ജൂതദേവാലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ, സമീപത്തുള്ള കെട്ടിടങ്ങളുടെ അകത്തും പുറത്തും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തകർന്നുകിടക്കുന്ന ജൂതദേവാലയത്തിന്റെ ദൃശ്യങ്ങൾ ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി പുറത്തുവിട്ടിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ തിരച്ചിൽ നടത്തുന്നതും ഹീബ്രു ഭാഷയിലുള്ള പുസ്തകങ്ങളും തോറാ ചുരുളുകളും നിലത്ത് ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

"ഞങ്ങളുടെ പുരാതനവും പവിത്രവുമായ സിനഗോഗുകളിൽ ഒന്ന് അവർ തകർത്തു. സിനഗോഗ് കെട്ടിടം പൂർണ്ണമായും തകർന്നു, തോറാ ചുരുളുകൾ അവശിഷ്ടങ്ങൾക്കിടയിലായി," ഇറാനിലെ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലിയിലെ ജൂത പ്രതിനിധിയായ ഹുമയൂൺ സമേഹ് വീഡിയോയിൽ പ്രതികരിച്ചു.

ഇറാനിൽ നിയമപരമായി അംഗീകരിക്കപ്പെട്ട മതങ്ങളിൽ ഒന്നാണ് ജൂതമതം. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നിരവധി ജൂതസമുദായ അംഗങ്ങൾ രാജ്യം വിട്ടുപോയെങ്കിലും, ആയിരക്കണക്കിന് ജൂതവിഭാഗക്കാർ ഇപ്പോഴും ഇറാനിൽ കഴിയുന്നുണ്ട്. ഈ ആക്രമണം ഇറാനിലെ ജൂതസമൂഹത്തിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.