ടെഹ്‌റാന്‍: അമേരിക്ക പോലെയുള്ള ഒരു വമ്പന്റെ ഭീഷണിക്ക് മുന്നില്‍ ഇറാനെ പോലെയുള്ള ഒരു രാജ്യം പിടിച്ചു നിന്നത് സ്വന്തം ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ്. ട്രംപിനെ ഞെട്ടിച്ച നീക്കമാണ് അവര്‍ നടത്തിയത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും എല്ലാം തകര്‍ക്കും എന്ന ട്രംപിന്റെ ഭീഷണിയെ അവര്‍ നേരിട്ടത് വമ്പന്‍ ട്വിസ്റ്റായി മാറിയിരുന്നു. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതിനുമുമ്പ് 'മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കും' എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി പാരമ്യത്തിലെത്തിയ ഘട്ടത്തിലാണ് ഇറാന്‍ ഈ കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അമേരിക്കയുമായുള്ള എല്ലാ ആശയവിനിമയ ബന്ധങ്ങളും ഇറാന്‍ വിച്ഛേദിച്ചു. രാജ്യത്തെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും തന്ത്രപ്രധാന പാലങ്ങള്‍ക്കും ചുറ്റും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധം തീര്‍ക്കുന്ന കാഴ്ചയാണ് ടെഹ്‌റാനില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ഇറാനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയെ പരിഹാസത്തോടെയാണ് ഇറാന്‍ ഭരണകൂടം നേരിട്ടത്.

തങ്ങളുടെ പ്രധാന വൈദ്യുതി നിലയങ്ങളിലും പാലങ്ങളിലും ദേശീയ പതാകയുമേന്തി പ്രതിഷേധിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ട്രംപിന്റെ ഭീഷണികളെ വകവെക്കുന്നില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ ഇറാന്‍ നല്‍കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ വിവാദപരമായ സന്ദേശം പങ്കുവെച്ചത്. ഇന്ന് രാത്രി ഒരു വലിയ നാഗരികത മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അങ്ങനെ തന്നെ സംഭവിക്കും, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. സിവിലിയന്‍ ലക്ഷ്യങ്ങളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന രാജ്യാന്തര മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ട്രംപ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. അതേസമയം, സംഘര്‍ഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും അണിയറയില്‍ സജീവമായിരുന്നു.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റീവ് വിറ്റ്‌കോഫും ഇറാനുമായി ചര്‍ച്ചകള്‍ നടത്തി. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനും ഇറാന്‍ 10 ഇന സമാധാന കരാര്‍ മുന്നോട്ട് വെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യവും അനിശ്ചിതത്വത്തിലാണ്. ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട അലി ഖമേനിയുടെ പിന്‍ഗാമിയായി വന്ന അയത്തൊള്ള മുജ്തബ ഖമേനി നിലവില്‍ അബോധാവസ്ഥയിലാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖ്വോം നഗരത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തനല്ല. ഇതോടെ ഇറാന്റെ നിയന്ത്രണം യഥാര്‍ത്ഥത്തില്‍ ആരുടെ കൈകളിലാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ അമ്പതോളം സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ഇന്നലെ ആക്രമിച്ചു.

ബങ്കറുകള്‍, റഡാര്‍ സ്റ്റേഷനുകള്‍, ആയുധപ്പുരകള്‍ എന്നിവയാണ് ആക്രമണത്തിന് ഇരയായത്. ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്കന്‍ സൈന്യം കരയുദ്ധത്തിന് മുതിരുമോ എന്ന ഭീതിയും ശക്തമായിരുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ എല്ലാ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ട്രംപിന്റെ ഈ ഭീഷണികള്‍ 'ഭ്രാന്തമായ ചിന്തകള്‍' എന്നാണ് ഇറാന്റെ സൈനിക കമാന്‍ഡ് വിശേഷിപ്പിച്ചത്. അതേ സമയം യുദ്ധസാഹചര്യം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4.14 ഡോളറായി ഉയര്‍ന്നു. വിപണികള്‍ സ്തംഭനാവസ്ഥയിലാണെങ്കിലും ട്രംപ് എത്രത്തോളം മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ ആശങ്കാകുലരാണ്. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ യുഎസ് സഖ്യകക്ഷികളുടെ കുടിവെള്ള സ്രോതസ്സുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. മരുഭൂമിയാല്‍ ചുറ്റപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന ഡീസലൈനേഷന്‍ പ്ലാന്റുകള്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ പ്രസ്താവനകള്‍ യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ ആരോപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, യുദ്ധം ഉടന്‍ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ട്രംപ് നിശ്ചയിച്ച അവസാന സമയപരിധിക്ക് മുന്‍പായി സമാധാനപരമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.