ദുബായ്: ആഗോള എണ്ണ വ്യാപാരത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം ലോകരാജ്യങ്ങളെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ എണ്ണ ടാങ്കറിനും 20 ലക്ഷം ഡോളര്‍ (ഏകദേശം 16.5 കോടി രൂപ) 'സുരക്ഷാ ടോള്‍' നല്‍കണമെന്ന് ഇറാന്‍ പ്രഖ്യാപിച്ചേക്കും. അമേരിക്കന്‍ ഉപരോധങ്ങളെ മറികടക്കാന്‍ ചൈനീസ് കറന്‍സിയായ യുവാവോ, ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികളോ വഴി മാത്രമേ പണം സ്വീകരിക്കൂ എന്നാണ് ഇറാന്റെ കര്‍ശന നിലപാട്.

ലോകത്തെ ഞെട്ടിച്ചത് ഈ കൊള്ളയെ വിശേഷിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ച 'കൂട്ടുസംരംഭം' എന്ന വാക്കാണ്. ഇറാന്റെ ഈ നീക്കത്തെ എതിര്‍ക്കുന്നതിന് പകരം, ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ അമേരിക്കയും ഇറാനും ചേര്‍ന്ന് നടത്തുന്ന ഒരു സംരംഭമായി ഇതിനെ കാണാമെന്ന ട്രംപിന്റെ പ്രസ്താവന സഖ്യകക്ഷികളെ അമ്പരപ്പിച്ചിരിക്കുകയാണ്. 'ഇതൊരു മനോഹരമായ കാര്യമാണ്, മേഖലയെ സുരക്ഷിതമാക്കാന്‍ നമുക്ക് ഇതിനെ ഒരു കൂട്ടുസംരംഭമായി കാണാം' എന്നായിരുന്നു എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന്റെ വിവാദ പരാമര്‍ശം.

ട്രംപിന്റെ ഈ നിലപാട് സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ എണ്ണ കയറ്റുമതിയുടെ ഭാവിയെ ബാധിക്കുന്ന ഇറാന്റെ ഏകപക്ഷീയമായ ഈ നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് പരോക്ഷ പിന്തുണ നല്‍കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ വഞ്ചനയായാണ് കാണുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പുറത്തുവിട്ട റേഡിയോ സന്ദേശം പ്രകാരം, അനുവാദമില്ലാതെയും ടോള്‍ നല്‍കാതെയും കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ലക്ഷ്യം വെച്ച് തകര്‍ക്കും. ഓരോ ബാരല്‍ എണ്ണയ്ക്കും ഏകദേശം ഒരു ഡോളര്‍ എന്ന നിരക്കിലാണ് ടോള്‍ നിശ്ചയിച്ചിരിക്കുന്നത്. 20 ലക്ഷം ബാരല്‍ എണ്ണ വഹിക്കുന്ന വലിയ ടാങ്കറുകള്‍ക്ക് ഇതോടെ ഓരോ യാത്രയ്ക്കും 20 ലക്ഷം ഡോളര്‍ അധികമായി നല്‍കേണ്ടി വരും. ഡോളറിനെ ആഗോള വിപണിയില്‍ നിന്ന് പുറത്താക്കാനുള്ള ഇറാന്റെയും ചൈനയുടെയും നീക്കത്തിന് ട്രംപ് കൂട്ടുനില്‍ക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്.

അതിനിടെ, ഈ പ്രതിസന്ധികള്‍ക്കിടയിലും സമാധാനത്തിന്റെ വഴി തേടി അമേരിക്കന്‍ പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക് തിരിക്കുകയാണ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവര്‍ ശനിയാഴ്ച ഇസ്ലാമാബാദിലെത്തി ഇറാന്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തും. എന്നാല്‍, ട്രംപിന്റെ 'ബിസിനസ് മൈന്‍ഡ്' പശ്ചിമേഷ്യയിലെ സുരക്ഷയെ ബലികൊടുക്കുകയാണെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ ആരോപിക്കുന്നു.