ലണ്ടന്‍: ബ്രിട്ടനില്‍ സന്ദര്‍ശനത്തിനും, താമസിക്കുന്നതിനും, പഠിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ എത്തുന്നവര്‍ക്ക് ഇനിമുതല്‍ കൂടിയ വിസ ഫീസ് നല്‍കേണ്ടതായി വരും. 222 പൗണ്ട് വരെയുള്ള വര്‍ദ്ധനവാണ് ഏപ്രില്‍ 8 മുതല്‍ നിലവില്‍ വന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഒരുകൂട്ടം കര്‍ശന നിയമങ്ങളാണ് ഇതിനു പുറകെ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. അഭയാര്‍ത്ഥി പദവിയില്‍ വരുന്ന മാറ്റങ്ങള്‍, അഭയാപേക്ഷ തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ 10,000 പൗണ്ട് വരെയുള്ള ധനസഹായം എന്നിവയൊക്കെ അതില്‍ ഉള്‍പ്പെടും.

അതുകൂടാതെ, അനധികൃതമായി ബ്രിട്ടനിലെത്തി, സര്‍ക്കാര്‍ ഒരുക്കുന്ന താമസ സൗകര്യങ്ങള്‍ ആസ്വദിക്കുന്നവര്‍ അനുമതിയില്ലാതെ തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ സര്‍ക്കാര്‍ ചെലവിലുള്ള താമസ സൗകര്യം റദ്ദാക്കുകയും ചെയ്യും. അതിനുപുറമെ അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്മാര്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നത് അടിയന്തിരമായി നിര്‍ത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ എത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതാണ് ഇതിനു കാരണമായി ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്.

ഏപ്രില്‍ 8 മുതല്‍ നിലവില്‍ വന്ന പുതിയ വിസ നിരക്കുകളില്‍ പഴയ നിരക്കിനേക്കാള്‍ 7 ശതമാനം വരെ വര്‍ദ്ധനവ് ദൃശ്യമാകുന്നുണ്ട്. ഇത് തൊഴിലുടമകളുടെയും സ്‌പോണ്‍സര്‍മാരുടെയും, കുടുംബാംഗങ്ങളുടെയും, ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെയും ചെലവ് വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ്. ആറ് മാസം വരെ ബ്രിട്ടനില്‍ താമസിക്കുന്നതിനായി വരുന്നവര്‍ക്കുള്ള ഷോര്‍ട്ട് സ്റ്റേ വിസയുടെ നിരക്ക് 8 പൗണ്ട് വര്‍ദ്ധിച്ച് ഒരു അപേക്ഷയ്ക്ക് 135 പൗണ്ട് എന്ന നിലയില്‍ എത്തിയിരിക്കുകയാണ്. അതേസമയം രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ താമസിക്കാന്‍ അനുമതി നല്‍കുന്ന വിസിറ്റ് വിസകളുടെ നിരക്ക് 31 പൗണ്ട് വര്‍ദ്ധിച്ച് അപേക്ഷയൊന്നിന് 506 പൗണ്ടുമായിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ വിസിറ്റ് വിസയുടെ നിരക്കില്‍ 55 പൗണ്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ഒരു അപേക്ഷയ്ക്ക് 903 പൗണ്ട് വരെ ഫീസായി നല്‍കേണ്ടി വരും പത്ത് വര്‍ഷത്തെ വിസയുടെ നിരക്ക് 69 പൗണ്ട് വര്‍ദ്ധിച്ച് 1,128 പൗണ്ട് ആവുകയും ചെയ്തു. അതുപോലെ ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷയുടെ ഫീസും ഉയര്‍ത്തിയിട്ടുണ്ട്. നാഷണലൈസേഷന്‍ ആപ്ലിക്കേഷന്റെ ഫീസ് 1,605 പൗണ്ട് ആയിരുന്നത് 1,709 പൗണ്ട് ആയി വര്‍ദ്ധിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍, ബ്രിട്ടനില്‍ ജീവിക്കുന്നതിനും, ജോലി ചെയ്യുന്നതിനും, കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരുന്നതിനും അവസാനം ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനും സഹായിക്കുന്ന റൂട്ട് ടു സെറ്റില്‌മെന്റ് വിസകളുടെ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പെടുന്ന ഒരു സാധാരണ വിസ അപേക്ഷയുടെ നിരക്ക് ഇതാദ്യമായി 2000 പൗണ്ട് കടന്നിരിക്കുകയാണ്. 1,938 പൗണ്ട് ഉണ്ടായിരുന്ന റൂട്ട് ടു സെറ്റില്‍മെന്റ് വിസയുടെ ഫീസ് ഏപ്രില്‍ 8 മുതല്‍ 2,064 പൗണ്ട് ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി പദവി കിട്ടിയവരുടെ ആശ്രിതര്‍ക്കുള്ള വിസയുടെ ഫീസിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതുപോലെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള മറ്റ് പല വിസകളുടെ നിരക്കിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് നിങ്ങള്‍ ബ്രിട്ടന് പുറത്തു നിന്നാണ് അപേക്ഷിക്കുന്നതെങ്കില്‍ നേരത്തേ ഉണ്ടായിരുന്ന 769 പൗണ്ട് ഫീസിന്റെ സ്ഥാനത്ത് 819 പൗണ്ട് നല്‍കേണ്ടി വരും.

സാധാരണ സ്റ്റുഡന്റ് വിസയുടെ നിരക്കും 34 പൗണ്ട് വര്‍ദ്ധിച്ച് 558 പൗണ്ട് ആയിട്ടുണ്ട്. അതേസമയം ഗ്രാഡ്വേറ്റ് റൂട്ട് വിസയുടെ നിരക്ക് 880 പൗണ്ടില്‍ നിന്നും 937 പൗണ്ടായി വര്‍ദ്ധിച്ചു. സമാനമായ രീതിയില്‍ യു കെ പാസ്സ്‌പോര്‍ട്ടിന്റെ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍ 8 മുതല്‍ ഒരു സാധാരണ ഓണ്‍ലൈന്‍ ആപ്ലിക്കേസഹന് നിലവിലെ 94.50 പൗണ്ടിനു പകരമായി 102 പൗണ്ട് നല്‍കേണ്ടതായി വരും.