- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം; ഫ്രഞ്ച് ഒളിമ്പിക്സിന്റെ ശോഭ കെടുത്തുക ലക്ഷ്യം; പിന്നില്‍ ആരെന്നത് ഇപ്പോഴും അവ്യക്തം
പാരീസ്: പാരിസില്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു ടി ജി വി നെറ്റ്വര്ക്കിനു നേരെ ആക്രമണമുണ്ടായത്. ഫ്രാന്‍സിന്റെ സാങ്കേതിക മികവിന്റെ പര്യായമെന്ന് കരുതുന്ന നെറ്റ്വര്ക്കിന് നേരെയുള്ള ആക്രമണം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കിയെന്ന് മാത്രമല്ല, ഈ സിസ്റ്റം എത്രമാത്രം ദുര്‍ബലമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അക്രമികളെ ഉടനടി പിടികൂടാനാകുമെന്നാണ് പാരിസ് ഒളിമ്പിക്സിന്റെ സുരക്ഷാ ചുമതല കൂടി വഹിക്കുന്ന ആഭ്യന്തര മന്ത്രി ജെരാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞത്. എന്നാല്‍, ആരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട താത്ക്കാലിക പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാല്‍, ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ എവിടെ ആക്രമിക്കണം എന്ന് നന്നായി അറിയാവുന്നവരാണ് ഇതിന്റെ പിന്നിലെന്നും പറഞ്ഞു. തീവ്ര ഇടതുപക്ഷക്കാരാണ് സംശയത്തിന്റെ നിഴലില്‍ എങ്കിലും ആരും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍, റെയില്‍ നെറ്റ്വര്‍ക്കിനൊപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിനും ഡക്ടുകളില്‍ ഉള്ള മറ്റു കേബിളുകള്‍ക്കും തീകൊളുത്തിയ രീതി തീവ്ര ഇടതുപക്ഷക്കാര്‍ നേരത്തെ നടത്തിയ ആക്രമണങ്ങളോട് സമാനമായതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ഹാംബര്‍ഗിനടുത്ത് റെയില്‍വേ ലൈനുകള്‍ക്ക് സമീപമുള്ള കേബിള്‍ ഡക്ടുകള്‍ അഗ്നിക്കിരയാക്കിയപ്പോള്‍, മുതലാളിത്ത അടിസ്ഥാന സൗകര്യങ്ങളെ നിരാകരിച്ചു കോണ്ടുള്ള ഒരു അവകാശവാദം ഒരു ഇടതുപക്ഷ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുകൊണ്ട് മാത്രം ഒരു അനുമാനത്തില്‍ എത്താന്‍ കഴിയില്ല എന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, വിശാലമായി ചിന്തിച്ചാല്‍, ഫ്രാന്‍സില്‍ നടന്ന ആക്രമണത്തില്‍ നാല് ജില്ലകളിലായി ഇതിനുള്ള ഏകോപനം നടന്നിട്ടുണ്ട് എന്ന് വ്യക്തമാകും. പൊതുവെ തീവ്രഇടതുപക്ഷ ചായ്വ് ഉള്ള മേഖലയാണ് ഇത്.
നാഷണല്‍ പോലീസിന്റെ നിരീക്ഷണത്തില്‍ പ്രാദേശിക പോലീസ് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സജീവമായി രംഗത്തുണ്ട്. വന്‍ തീവ്രതയുള്ള ആക്രമണം പരാജയപ്പെട്ട ഉടന്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമികള്‍ ഉപേക്ഷിച്ചു പോയ ചില ഉപകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2023 ജനുവരിയിലും കിഴക്കന്‍ പാരീസില്‍ റെയില്‍വേക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അതുകഴിഞ്ഞ് 2024 മെയ് മാസത്തില്‍ എയ്ക്സ് എന്‍ പ്രവിശ്യക്ക് പൂറത്തായി ഹൈസ്പീഡ് ട്രെയിനു നേരെ ആക്രമണം ഉണ്ടായി.
ഈ ആക്രമണത്തിന് വെള്ളിയാഴ്ച നടന്ന ആക്രമണവുമായി ചില ബന്ധങ്ങള്‍ കാണുന്നുണ്ട്. ഒളിമ്പിക്സ് ദീപശിഖ കപ്പലില്‍ ഫ്രാന്‍സില്‍ എത്തിയ ദിവസമായിരുന്നു ആ ആക്രമണം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അത് പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നെങ്കിലും അതിന് ഇപ്പോഴുള്ള ആക്രമണവുമായി ബന്ധമുണ്ട് എന്നാണ് ഫ്രഞ്ച് അധികൃതര്‍ വിശ്വസിക്കുന്നത്. യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിനെതിരെ കടുത്ത പ്രചാരണങ്ങള്‍ നടത്തുന്ന റഷ്യയും സംശയത്തിന്റെ നിഴലിലുണ്ട്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന് ഓരാഴ്ച മുന്‍പ് ഒരു റഷ്യന്‍ പൗരനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.