- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ വിസയിലേയ്ക്കുള്ള മാറ്റത്തിന്റെ അവസാന തീയതി അടുത്തിട്ടും നടപടികള്‍ തുടങ്ങിയില്ല; ആശങ്കയില്‍ നിലവില്‍ യു കെയിലുള്ള നാല്പത് ലക്ഷം വിസക്കാര്‍
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് ഒഴിച്ചുള്ളിടങ്ങളില് നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള ഡിജിറ്റല്‍ വിസ പദ്ധതി വൈകുകയാണെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ യുകെയില്‍ മാറ്റമില്ല. ഈ വര്‍ഷം അവസാനമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതോടെ, രേഖകളില്ലാതെ ബ്രിട്ടനില്‍ തുടരേണ്ടുന്ന സാഹചര്യം ഒഴിവാക്കുവാന്‍ 40 ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാര്‍ക്ക് പരക്കം പായേണ്ടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നേരത്തേ, ജൂണ്‍ മുതല്‍ ഇ- വിസയ്ക്കായി അപേക്ഷിക്കാം എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ബ്രിട്ടണിലെ ഹോം ഓഫീസ് പറയുന്നത് 2024 അവസാനത്തോടെ ഇതിനായി അപേക്ഷിക്കാം എന്നാണ്.
എന്നാല്‍, ഡിസംബര്‍ 31 എന്ന കാലപരിധിയില്‍ മാറ്റം വരുത്താത്തതില്‍ ആശങ്ക അറിയിച്ചു കൊണ്ട് ഇമിഗ്രേഷന്‍ നിയമജ്ഞര്‍ ഹോം ഓഫീസിന് കത്ത് നല്‍കിയിട്ടുണ്ട്. തീരെ സൗഹാര്‍ദ്ദ പരമല്ലാത്ത അന്തരീക്ഷവും, വിസ ഉള്ളവരുടെ മേല്‍ മുഴുവന്‍ ഉത്തരവാദിത്തവും വന്ന് വീഴുന്ന നിയമങ്ങളുമായി പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് ആകെ കുത്തഴിഞ്ഞ ഒരു ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റമാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു രണ്ടാം വിന്‍ഡ്റഷ് തട്ടിപ്പ് ഒഴിവാക്കുവാന്‍, 40 ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരുടെ നിലവിലെ ബയോമീട്രിക് റെസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിയുന്ന ഡിസംബര്‍ വരെ കേവലം അഞ്ച് മാസമെ ഹോം സെക്രട്ടറിക്കുള്ളു എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനായി അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വിദേശ പൗരന്മാര്ക്ക് യു കെയില്‍ കുറഞ്ഞത് ആറ് മാസക്കാലമെങ്കിലും താമസിക്കുന്നതിനായിട്ടാണ് ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ നല്‍കുന്നത്. അവരുടെ കുടിയേറ്റ പദവിയുടെയും, ബ്രിട്ടീഷ് നിവാസികളുടെ അവകാശങ്ങളുടെയും സാക്ഷിപത്രം കൂടിയാണത്. അതാണ് ഇപ്പോള്‍ ഹോം ഓഫീസിന്റെ ഡിജിറ്റൈസേഷന് പദ്ധതിയുടെ ഭാഗമായി ഇ വിസ ആക്കി മാറ്റുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത 40 ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക് 2024 ഡിസംബര്‍ 31 ഓടെ ഇ വിസ ആവശ്യമായി വന്നിരിക്കുകയാണ്.
ഇ വിസ ലഭിക്കുന്നതിനായി ആദ്യം ആളുകള്‍ യു കെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ (യു കെ വി ഐ) ഡിജിറ്റല്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ഇതുവരെ അത് തുടങ്ങിയവരെല്ലാം ഹോം ഓഫീസില്‍ നിന്നും ലഭിച്ച ക്ഷണത്തിന്റെ അടിസ്ഥാനത്തിലണ് ചെയ്തിരിക്കുന്നത്. ഇതിനായി കഴിഞ്ഞ വസന്തകാലത്ത് ഒരു പരീക്ഷണം നടത്തിയിരുന്നെങ്കിലും ആവശ്യമായ കോണ്ടാക്റ്റ് വിശദാംശങ്ങള്‍ ഹോം ഓഫീസിന്റെ പക്കല്‍ ഇല്ലാതിരുന്നതിനാല്‍ അത് പരാജയപ്പെടുകയായിരുന്നു. ജൂണ്‍ മുതല്‍ ആര്‍ക്കും ഓണ്‍ലൈനില്‍ യു കെ വി ഐ അക്കൗണ്ട് തുടങ്ങാമെന്ന് ഹോം ഓഫീസ് സൂചിപ്പിച്ചിരുന്നു. അതോടെ 40 ലക്ഷം പേര്‍ക്ക് ഇ വിസ ലഭിക്കാന്‍ വെറും 4 മാസത്തെ സമയമെ ലഭിക്കുകയുള്ളു എന്ന സ്ഥിതി സംജാതമായി.
ബയോമെട്രിക് റെസിഡന്‍സി പെര്‍മിറ്റ് 2024 ഡിസംബര്‍ 31 ന് അസാധുവാകുന്നതോടെ അത് ഇമിഗ്രേഷന്‍ സ്റ്റാറ്റസിനും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുമുള്ള തെളിവായി പരിഗണിക്കപ്പെടില്ല. അതുകൊണ്ടു തന്നെ ശൈത്യകാല ഒഴിവു സമയത്ത് വിദേശയാത്ര നടത്തി പുതുവത്സരത്തില്‍ തിരികെയെത്താന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഇ വിസ എടുക്കുക എന്നത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണെന്നും 2025 ഓടെ ഫിസിക്കല്‍ വിസ പൂര്‍ണ്ണമായും ഇല്ലാതെയാക്കുമെന്നുമാണ് ഹോം ഓഫീസ് വക്താവ് പറയുന്നത്.