വാഷിംങ്ടണ്‍: ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമലാ ഹാരിസുമായും ചര്‍ച്ച നടത്തി. ഈ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കാനാവില്ല. നിശബ്ദയായിരിക്കാനാകില്ലെന്നു കമല ഇസ്രയേല്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

നിരപരാധികളായ മനുഷ്യരുടെ ദുരിതങ്ങളും മരണത്തിന്റെ വ്യാപ്തിയും സംബന്ധിച്ചുള്ള ആശങ്ക ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചര്‍ച്ചക്ക് ശേഷം കമലാ ഹാരിസ് പറഞ്ഞു. ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുക. ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യുഎസ് മുന്നോട്ടുവെച്ചത്. അതേസമയം വെടിനിര്‍ത്തലിനുള്ള ആവശ്യത്തെ നെതന്യാഹു എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസ് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥിത്വപ്രഖ്യാപനം സംബന്ധിച്ച രേഖയിലും അവര്‍ ഒപ്പുവെച്ചു. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ അഞ്ചിലെ തിരഞ്ഞെടുപ്പില്‍ ജനശക്തിയിലൂന്നിയുള്ള തന്റെ പ്രചാരണം വിജയിക്കുമെന്ന് കമല കുറിച്ചു. ഓരോവോട്ടും നേടിയെടുക്കാന്‍ കഠിനമായി യത്‌നിക്കുമെന്നും വ്യക്തമാക്കി. അതേസമയം, ഓഗസ്റ്റ് 18-22 വരെ ഷിക്കാഗോയില്‍ നടക്കുന്ന ദേശീയസമ്മേളനത്തിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. സ്ഥാനാര്‍ഥിയാകാന്‍ വേണ്ട പ്രതിനിധികളുടെ പിന്തുണ ഇതിനോടകം കമല ഉറപ്പിച്ചിട്ടുണ്ട്.

എതിരാളി ഡൊണാള്‍ഡ് ട്രംപും കമലയും തമ്മിലുള്ള പോരാട്ടത്തില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പമാണെന്ന് കഴിഞ്ഞദിവസങ്ങളിലെ സര്‍വേഫലങ്ങള്‍ പറയുന്നു. വോള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ സര്‍വേയില്‍ കമലയെക്കാള്‍ മൂന്നുശതമാനം മാത്രമാണ് ട്രംപിന്റെ ലീഡ്. ന്യൂയോര്‍ക്ക് ടൈസും സിയെന്ന കോളേജും ചേര്‍ന്ന് 1,142 വോട്ടര്‍മാര്‍ക്കിടയില്‍ ജൂലായ് 22 മുതല്‍ 24 വരെ നടത്തിയ സര്‍വേയില്‍ ട്രംപിന് 48 ശതമാനവും കമലയ്ക്ക് 47 ശതമാനവുമാണ് പിന്തുണ.