ദോഹ: ഫലസ്തീനിനും ഇസ്രായിലിനുമിടയിലെ സംഘര്‍ഷത്തില്‍ എപ്പോഴും പറഞ്ഞു കേള്‍ക്കുന്ന പേരായിരുന്നു ഇസ്മായില്‍ ഹനിയ്യ. ഇസ്രയേലിന്റെ പ്രധാന ശത്രു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായെല്ലാം ഹമാസിന്റെ കാര്യങ്ങള്‍ നിലവില്‍ സംസാരിക്കുന്നത് ഹനിയ്യയാണ്. ഈ നേതാവിനെയാണ് ആരോ ഇറാനില്‍ വച്ച് വകവരുത്തുന്നത്. ജീവനോടേയോ അല്ലാതേയോ ഹനിയ്യയെ പടിക്കുമെന്ന് ഇസ്രയേല്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടാണ് ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദിലേക്ക് ഈ കൊലപാതകത്തിന്റെ സംശയം എത്തുന്നത്.

ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത് നടുക്കത്തോടെയാണ് ലോകം കേട്ടത്. ടെഹ്റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യവും ഹമാസും അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയ്യ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അംഗരക്ഷകന്‍ കൊല്ലപ്പെട്ടത്.

ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്മായില്‍ ഹനിയയുടെ കുടുംബവീട് തകരുകയും രണ്ടു പേരക്കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017-മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഇസ്മായില്‍ ഹനിയ മാറുന്നത്. ഗാസ മുനമ്പിലെ യാത്ര നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കി വഴിയാണ് ഹനിയ ഖത്തറില്‍ എത്തിയത്. ഏറ്റവും ഒടുവില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഹമാസിന്റെ മുഖമായിരുന്നു ഹനിയ്യ.

ഹമാസിന്റെ പോരാട്ട ശേഷി വളര്‍ത്തിയെടുക്കുന്നതില്‍ സുന്നി മുസ്ലീമായ ഹനിയയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഹനിയ ഹമാസിന്റെ ഗാസയിലെ ഉന്നത നേതാവായിരുന്നു ഒരു കാലത്ത് ഹനിയ. 2017-ല്‍ ഹനിയ ഗാസ വിട്ടപ്പോള്‍, ഹനിയയുടെ പിന്‍ഗാമിയായി യഹ്യ സിന്‍വാറാണ് ചുമതലയേറ്റത്. രണ്ട് പതിറ്റാണ്ടിലേറെ ഇസ്രായില്‍ ജയിലിലായിരുന്നു സിന്‍വാര്‍. തടവുകാരെ കൈമാറ്റം ചെയ്യല്‍ കരാറനുസരിച്ചാണ് സിന്‍വാര്‍ തിരികെ ഗാസയില്‍ എത്തിയത്. അറബ് ഗവണ്‍മെന്റുകളുമായുള്ള ഹമാസിന്റെ രാഷ്ട്രീയ നയതന്ത്രമായിരുന്നു പിന്നീട് ഹനിയ്യ ചെയ്തിരുന്നത്.

1962-ലാണ് ഹനിയ ജനിച്ചത്. ഗാസ അഭയാര്‍ത്ഥി ക്യാമ്പായ അല്‍-ഷാതിയിലായിരുന്നു ഹനിയയുടെ വീട്. ഈ വീട്ടില്‍ നവംബര്‍ പതിനാറിന് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. ഈ വീട് ഹമാസിന്റെ മുതിര്‍ന്ന നേതാക്കളുടെ മീറ്റിംഗ് പോയിന്റാണ് എന്നായിരുന്നു ഇസ്രായില്‍ ആരോപണം. ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായി പിന്നീട് ഹനിയ മാറി. ഏകാധിപതികള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും മുന്നില്‍ മുട്ടുമടക്കരുത് എന്ന് ഞങ്ങള്‍ പഠിച്ചത് അഹമ്മദ് യാസിന്റെ അടുത്തുനിന്നായിരുന്നുവെന്ന് ഒരിക്കല്‍ ഹനിയ പറഞ്ഞു. 2004ലാണ് യാസിനെ ഇസ്രായില്‍ കൊലപ്പെടുത്തിയത്.

ഹമാസ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ ആദ്യകാല വക്താവായിരുന്നു ഹനിയ. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് 'ഉയരുന്ന സംഭവവികാസങ്ങളെ നേരിടാന്‍ ഹമാസിനെ പ്രാപ്തമാക്കും എന്നായിരുന്നു ഹനിയ പറഞ്ഞത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. എന്നാല്‍ പിന്നീട് രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇസ്രായില്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം 2006-ല്‍ ഫലസ്തീന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഇസ്മായില്‍ ഹനിയ പ്രധാനമന്ത്രിയാകുകയും ചെയ്തു.

2007ല്‍ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തു. ഹമാസ് സായുധ പോരാട്ടം ഉപേക്ഷിച്ചോ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ 2012-ല്‍ ചോദിച്ചപ്പോള്‍, 'തീര്‍ച്ചയായും ഇല്ല' എന്ന് മറുപടി നല്‍കിയ ഹനിയ, എല്ലാ രൂപത്തിലും പോരാട്ടം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചത്.