- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ; യുഎസ് നീക്കം ഭീഷണിയാകുമെന്ന് കണക്കുകൂട്ടി ആണവായുധം പ്രയോഗിക്കാന്‍ കിങ് ജോംഗ് ഉന്‍; ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തിപ്രകടനം; തങ്ങളെ തൊട്ടാല്‍ ആ കളി വേറെ..! ട്രംപിന്റെ യുദ്ധ മോഡല്‍ നാളെ ലോകത്തില്‍ ആരൊക്കെ അനുകരിക്കും?
തങ്ങളുടെ സഖ്യകക്ഷി പ്രമുഖനായ മഡുറോയെ യുഎസ് സൈന്യം വെനസ്വലയിലെത്തി തൂക്കിയതില്‍ ഭീഷണി കണ്ട് ഉത്തര കൊറിയ
പ്യോങ്യാങ്: വെനസ്വേലയിലെ യുഎസ് നീക്കം ലോകത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയില്‍ ലോകം. മഡുറോയെ വെനസ്വലേയില്‍ എത്തി പൊക്കിയ അമേരിക്കന്‍ ശൈലി ഭാവിയിലും ആവര്‍ത്തിക്കുമെന്ന ആശങ്ക ലോകത്തിനുണ്ട്. ഈ പശ്ചാത്തലത്തില്‍ വെനസ്വലേയുടെ സഖ്യകക്ഷിയായ ഉത്തര കൊറിയയും കരുതലെടുക്കുകയാണ്. തങ്ങളെ തൊട്ടാല്‍ കളി മാറുമെന്ന സന്ദേശം നല്‍കുകയാണ് ഉത്തരകൊറിയ.
യുഎസ് നീക്കത്തിനു പിന്നാലെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ ഈ സൂചന കൃത്യമായി നല്‍കി. ഏകദേശം 900 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈലുകള്‍ കൊറിയന്‍ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്താണ് പതിച്ചത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യുങ് ചൈന സന്ദര്‍ശിക്കാനിരിക്കുന്ന വേളയിലാണ് മിസൈല്‍ പരീക്ഷണം.
തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയുടെ പ്രസിഡന്റിനെതിരായ യുഎസ് നീക്കം കിം ജോങ് ഉന്‍ ഭരണകൂടത്തെ അസ്വസ്ഥരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ സന്ദേശമാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ നല്‍കുന്നത്. വെനസ്വേലയിലെ സൈനിക ഇടപെടല്‍ തങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഉത്തരകൊറിയ കരുതുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്ന ഉത്തരകൊറിയയുടെ വിശ്വാസം കൂടുതല്‍ ഉറച്ചിരിക്കുകയാണ്.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം അറസ്റ്റ് ചെയ്തത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ഏറ്റവും ഗുരുതരമായ ലംഘനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വാഷിങ്ടണിന്റെ ക്രൂരവും കിരാതവുമായ സ്വാഭാവമാണ് ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. രാജ്യാന്തര നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഇത്തരം അധിനിവേശ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
അതേസമയം വെനസ്വേല സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് യുഎസ് പിന്മാറണമെന്നും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ഉടന്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി. മഡൂറോയേയും ഭാര്യയേയും ഉടന്‍ മോചിപ്പിക്കണമെന്നും ചൈന യുഎസിനോട് ആവശ്യപ്പെട്ടു. ''പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബലമായി പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതില്‍ ചൈന കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു,'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര ചട്ടങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന മാനദണ്ഡങ്ങള്‍, യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളുമെല്ലാം വ്യക്തമായി ലംഘിക്കുന്നതാണ് യുഎസിന്റെ ഈ നടപടിയെന്നും മന്ത്രാലയം വിമര്‍ശിച്ചു. 'പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെയും ഭാര്യയുടെയും സുരക്ഷ ഉറപ്പാക്കാനും അവരെ ഉടന്‍ മോചിപ്പിക്കാനും, വെനസ്വേല സര്‍ക്കാരിനെ അട്ടിമറിക്കുന്നത് നിര്‍ത്താനും സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചൈന അമേരിക്കയോട് ആവശ്യപ്പെടുന്നു,' എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മഡൂറോയുടെ അറസ്റ്റും സര്‍ക്കാരിന്റെ പതനവും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. ഹ്യൂഗോ ഷാവേസിന്റെ കാലം മുതല്‍ വെനസ്വേലയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ചൈനീസ് ഭരണകൂടങ്ങള്‍. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഊര്‍ജ സഹകരണം, ലാറ്റിനമേരിക്കയിലെ യുഎസ് നിലപാടുകളെ പരസ്യമായി എതിര്‍ക്കല്‍, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഐക്യപ്പെടല്‍ എന്നീ മേഖലകളിലെ സഹകരണം തുടര്‍ന്നിരുന്നു.
അതേസമയം, യുഎസിന്റെ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡൂറോയെ യൂറോപ്യന്‍ യൂണിയന്‍ നിശിതമായി വിമര്‍ശിച്ചു. മഡൂറോ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നത് നിയമവിരുദ്ധമായി ആണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പ്രതികരിച്ചു. 2024ലെ മഡൂറോയുടെ തെരഞ്ഞെടുപ്പ് വിജയം യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞിരുന്നുവെന്നും യൂറോപ്യന്‍ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞനായ കായാ കല്ലസ് പറഞ്ഞു.
മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കല്‍, അമേരിക്കയ്ക്കെതിരെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ഇന്നലെ വിശദീകരിച്ചിരുന്നു.




