സിയോള്‍: ലോകത്തിന്റെ പല കോണുകളിലും ആശങ്കാജനകമായ വിധത്തില്‍ സംഘര്‍ഷങ്ങള്‍ വളരവേ ലോകത്തെ ആശങ്കയിലാക്കി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ നീക്കം. ജപ്പാന്‍ കടലിലേക്ക് ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കിഴക്കന്‍ കടല്‍ എന്ന് വിളിക്കുന്ന മേഖലയിലേക്ക് ഒരു പ്രൊജക്‌റ്റൈല്‍ വിക്ഷേപിച്ചത് സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ജപ്പാന്റെ തീരസംരക്ഷണ സേന പറഞ്ഞു. രണ്ട് മിസൈലുകളും രാജ്യത്തിന്റെ എക്‌സ്‌ക്ലൂസിവ് ഇക്കണോമിക് സോണിലൂടെ കടന്നുപോയതായി ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയായ ജിജി പ്രസ്സും റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണകൊറിയന്‍ നേതാവ് ഉച്ചകോടിക്കായി ചൈനയിലേക്ക് പറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഉത്തര കൊറിയയുടെ ഈ മാസത്തെ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. പെന്റഗണിന്റെ മൂന്നാം നമ്പര്‍ ഉദ്യോഗസ്ഥനായ എല്‍ബ്രിഡ്ജ് കോള്‍ബി സിയോളില്‍ ഉന്നതതല സന്ദര്‍ശനം നടത്തിയതിന് പിറ്റേ ദിവസവുമാണിത്. ദക്ഷിണ കൊറിയയെ കോള്‍ബി 'മാതൃകാ സഖ്യകക്ഷി' എന്ന് പ്രശംസിച്ചിരുന്നു.

സമീപ വര്‍ഷങ്ങളില്‍ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണ ശേഷി മെച്ചപ്പെടുത്തുക, അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കുക, റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ആയുധങ്ങള്‍ പരീക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

ഉത്തര കൊറിയ വരും ആഴ്ചകളില്‍ ഭരണകക്ഷിയുടെ നാഴികക്കല്ലായ കോണ്‍ഗ്രസ് സമ്മേളനത്തിന് ഒരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമാണ്. കോണ്‍ക്ലേവിന് മുന്നോടിയായി, നേതാവ് കിം ജോങ് ഉന്‍ രാജ്യത്തിന്റെ മിസൈല്‍ ഉല്‍പാദനം വിപുലീകരിക്കാനും ആധുനികവല്‍ക്കരിക്കാനും ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്.