- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലസ്തീന്‍ വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു? ഇസ്രായേല്‍ ബന്ധം ആരോപിച്ച് പാകിസ്താനില്‍ കെ.എഫ്.സിക്കെതിരെ വ്യാപക ആക്രമണം; ഔട്ട്ലെറ്റുകള്‍ അഗ്നിക്കിരയാക്കി, ജീവനക്കാരനെ വെടിവെച്ച് കൊന്നു; ഇതിനോടകം ആക്രമിക്കപ്പെട്ടത് 20 ഔട്ട്ലറ്റുകള്
പലസ്തീന്‍ വിഷയത്തില്‍ കെ.എഫ്.സി എന്തു പിഴച്ചു?
ലാഹോര്‍: സാമ്രാജിത്ത്വ വിരുദ്ധ പോരാട്ടം നടത്തി കൊടും പട്ടിണിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാണ് പാക്കിസ്താന്‍ കടന്നു പോകുന്നത്. കടക്കെണിയില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഉദാരവല്ക്കരണ നയങ്ങളിലേക്ക് നീങ്ങിയെങ്കിലും അതൊന്നും വിജയിക്കാത്ത അവസ്ഥയാണ്. ഇതിനിടെയാണ് പാക്കിസ്ഥാനില്‍ നിന്നും വിദേശ റസ്റ്റോറന്റ് ശൃംഖലയെ നാടുകടത്താനുള്ള ശ്രമം നടക്കുന്നത്.
പാകിസ്താനില്‍ കെ.എഫ്.സി റസ്റ്ററന്റ് ശൃംഖലക്കെതിരായ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറുന്നത്. പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തിന്റെ പേരിലാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ ഒരു കെ.എഫ്.സി ജീവനക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കെ.എഫ്.സി ഇസ്രായേലിന്റേയും യു.എസിന്റേയും പ്രതീകമാണെന്ന് ആരോപിച്ചാണ് സ്ഥാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.
കെ.എഫ്.സിയുടെ 20 ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ആക്രമണമുണ്ടായെന്ന് പാകിസ്താന്‍ മന്ത്രി തലാല്‍ ചൗധരി പറഞ്ഞു. ഇരുമ്പ് ദണ്ഡുകളുമായി ആളുകള്‍ കെ.എഫ്.സി ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കറാച്ചിയിലാണ് രണ്ട് ഔട്ട്‌ലെറ്റുകള്‍ക്ക് തീവെച്ചത്. കെ.എഫ്.സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഇസ്രായേല്‍ വെടിയുണ്ടകള്‍ വാങ്ങുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
45കാരനായ ആസിഫ് നവാസാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതെന്ന് പാകിസ്താന്‍ പൊലീസ് അറിയിച്ചു. കെ.എഫ്.സി ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 40 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടി, തെഹ്രീക്-ഇ-ലബൈക് പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഇസ്രായേലിനെതിരെ പ്രതിഷേധം നടത്താന്‍ ആഹ്വാനം നല്‍കിയിരുന്നു. എന്നാല്‍, കെ.എഫ്.സിക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം നല്‍കിയിട്ടില്ലെന്നാണ് ഇവരുടെ വിശദീകരണം. പാകിസ്താനിലെ സുന്നി പണ്ഡിതനായ മുഫ്തി താക്വി ഉസ്മാനി ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം നല്‍കിയിരുന്നുവെങ്കിലും അക്രമം നടത്താന്‍ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റേയും വിശദീകരണം.
അതേസമയം നേരത്തെ ബംഗ്ലാദേശിലും വിദേശബ്രാന്‍ഡുകള്‍ക്കെതിരെ അതിക്രണം ശക്തമായിരുന്നു. വിദേശ ബ്രാന്‍ഡുകളായ കെ.എഫ്.സി, ബാറ്റ, പിസാ ഹട്ട്, പ്യൂമ തുടങ്ങിയവയുടെ ഔട്ട്ലെറ്റുകള്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ഈ കമ്പനികള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം.
ബംഗ്ലാദേശിലെ സില്‍ഹട്ട്, ചിറ്റഗോങ്, ഘുല്‍ന, ബരിശാല്‍, കോമില, ധാക്ക തുടങ്ങിയ നഗരങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഇടക്കാല സര്‍ക്കാര്‍ ആഗോള നിക്ഷേപക സംഗമം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അക്രമങ്ങള്‍ നടന്നത്. വിഷയത്തില്‍ പ്രതിഷേധവുമായി ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ബാറ്റ രംഗത്ത് വന്നു. തങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമില്ലെന്നും അക്രമസംഭവങ്ങളെ അപലപിക്കുന്നുവെന്നും ബാറ്റയുടെ പ്രസ്താവനയില്‍ പറയുന്നു.